കൊല്‍ക്കത്ത: ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ വിജയിച്ച് ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കളഞ്ഞെങ്കിലും ആരാധകരുടെ ഹൃദയം കവര്‍ന്നത് ഒരു കൊല്‍ക്കത്ത താരമായിരുന്നു. ഗ്രൗണ്ടില്‍ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് എന്താണെന്ന് കാണിച്ചുകൊടുക്കുന്നതായിരുന്നു കൊല്‍ക്കത്തയുടെ സൂര്യകുമാര്‍ യാദവിന്റെ പെരുമാറ്റം.
കഷ്ടപ്പെട്ട് ബൗണ്ടറി ലൈനിന് പുറത്തേക്ക് പറന്ന് കൈപ്പിടിയിലൊതുക്കിയ ക്യാച്ച് യഥാര്‍ത്ഥത്തില്‍ സിക്‌സാണെന്ന് വ്യക്തമാക്കിയാണ് സൂര്യകുമാര്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്.
സുനില്‍ നരെയ്‌ന്റെ പന്തില്‍ രവീന്ദ്ര ജഡേജ അടിച്ച ഷോട്ട് ബൗണ്ടറി ലൈനിനരികില്‍ നിന്ന് പ്രയാസപ്പെട്ട് സൂര്യകുമാര്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു. പന്ത് ക്യാച്ച് ചെയ്ത് ബൗണ്ടറി ലൈനില് പുറത്തേക്ക് വീഴാനൊരുങ്ങിയ സൂര്യകുമാര്‍ പന്ത് ഗ്രൗണ്ടിനുള്ളിലേക്കിട്ട് വീണ്ടും കൈപ്പിടിയിലൊതുക്കുകയായിരുന്നു.
സൂര്യകുമാറിന്റെ വായുവിലെ ഈ അഭ്യാസത്തിന് ശേഷം എല്ലാവരും ജഡേജ ഔട്ടാണെന്ന് കരുതി. എന്നാല്‍ ഉടനത്തന്നെ സൂര്യകുമാര്‍ സിക്‌സാണെന്ന് കാണിച്ച് രണ്ട് കൈയും മേലോട്ടുയര്‍ത്തി. ക്യാച്ചെടുക്കുമ്പോള്‍ ബൗണ്ടറി ലൈനില്‍ തൊട്ടെന്ന് ബോധ്യമായതിനാലാണ് സൂര്യകുമാര്‍ അത് സിക്‌സാണെന്ന് വിളിച്ചുപറഞ്ഞത്. അമ്പയര്‍ സിക്‌സ് വിളിക്കുകയും ചെയ്തു.