വാര്‍ണറുടെ കീശ തപ്പി, മാര്‍ഷിനെ കെട്ടിപ്പിടിച്ച് വിക്കറ്റാഘോഷിച്ച് ഗെയ്ല്‍; ചിരിയോടെ കാണികള്‍


2 min read
Read later
Print
Share

വിക്കറ്റ് ആഘോഷിക്കുന്നതിനിടെ ഗെയ്ല്‍ ഗ്രൗണ്ട് വിടുകയായിരുന്ന മാര്‍ഷിനെ പിന്നിലൂടെ വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു.

Photo: ICC

യൂണിവേഴ്‌സല്‍ ബോസ് മാത്രമല്ല, യൂണിവേഴ്‌സല്‍ എന്റെര്‍റ്റെയ്‌നര്‍ കൂടിയാണ് വെസ്റ്റിന്‍ഡീസ് ബാറ്റര്‍ ക്രിസ് ഗെയ്ല്‍. ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ സൂപ്പര്‍-12 മത്സരത്തില്‍ ഗെയ്‌ലിന്റെ എന്റെര്‍റ്റെയ്‌മെന്റാണ് ഗ്രൗണ്ടില്‍ കണ്ടത്. ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിനിടെ വിന്‍ഡീസ് താരം കാണികളിലും താരങ്ങളിലും ചിരി പടര്‍ത്തി. അന്താരാഷ്ട്ര ക്രിക്കറ്റിലെ അവസാന മത്സരമാണ് ഇതെന്ന് സൂചന നല്‍കിയ ഗെയ്ല്‍ തന്റെ അവസാന വിക്കറ്റ് ആഘോഷിച്ചത് ഓസീസ് ബാറ്റര്‍ മിച്ചല്‍ മാര്‍ഷിനൊപ്പമാണ്.

മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയമുറപ്പിച്ച സമയത്ത് ക്രിസ് ഗെയ്ല്‍ ബൗള്‍ ചെയ്യാനെത്തി. 16-ാം ഓവറിലെ അവസാന പന്തില്‍ ഗെയ്ല്‍, മിച്ചല്‍ മാര്‍ഷിനെ ജേസണ്‍ ഹോള്‍ഡറുടെ കൈയിലെത്തിച്ചു. തുടര്‍ന്ന് വിക്കറ്റ് ആഘോഷിക്കുന്നതിനിടെ ഗെയ്ല്‍ ഗ്രൗണ്ട് വിടുകയായിരുന്ന മാര്‍ഷിനെ പിന്നിലൂടെ വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. ഗെയ്‌ലിന്റെ ഈ അപ്രതീക്ഷിത ആലിംഗനം ചിരിയോടെയാണ് മാര്‍ഷ് സ്വീകരിച്ചത്. 32 പന്തില്‍ 53 റണ്‍സായിരുന്നു മാര്‍ഷിന്റെ സമ്പാദ്യം.

മത്സരത്തിനിടയില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ പോക്കറ്റ് പരിശോധിക്കുന്ന ഗെയ്‌ലിനേയും ആരാധകര്‍ കണ്ടു. പോക്കറ്റില്‍ സാന്റ് പേപ്പര്‍ ഉണ്ടോ എന്ന് നോക്കിയതായിരിക്കും എന്നാണ് ആരാധകര്‍ പറയുന്നത്. 2018 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വാര്‍ണര്‍ അടക്കം മൂന്ന് ഓസീസ് താരങ്ങള്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു. സാന്റ് പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടി എന്നതായിരുന്നു ആരോപണം. തുടര്‍ന്ന് മൂന്നു താരങ്ങള്‍ക്ക് വിലക്കും ലഭിച്ചിരുന്നു.

നേരത്തെ വെസ്റ്റിന്‍ഡീസ് ഇന്നിങ്‌സിനിടയില്‍ നാടകീയ രംഗങ്ങള്‍ക്ക് കാണികള്‍ സാക്ഷിയായിരുന്നു. സഹതാരങ്ങളെല്ലാം ചേര്‍ന്ന് എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഗെയ്ലിനെ ക്രീസിലേക്ക് അയച്ചത്. പുറത്തായ ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ ഗെയ്ല്‍ ചിരിയോടെ ബാറ്റും ഹെല്‍മെറ്റുമയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്തു. ഡഗ് ഔട്ടിലിരുന്ന സഹതാരങ്ങളെയെല്ലാം ആലിംഗനം ചെയ്തു. ഇടവേളയില്‍ സ്റ്റാന്‍ഡ്സിലുള്ള ആരാധകര്‍ക്ക് തന്റെ ഗ്ലൗവുകളും സമ്മാനിച്ചു. ഗെയ്‌ലിന്റെ അവസാന അന്താരാഷ്ട്ര മത്സരമായതിനാലാണ് എല്ലാവരും കൈയടിയോടെ വരവേറ്റത് എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Content Highlights: T20 World Cup 2021 Chris Gayle hugs Mitchell Marsh after taking the Aussie’s wicket

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram