രാഹുൽ ദ്രാവിഡും കെയ്ൽ കോറ്റ്‌സറും | Photo: AP
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനൊപ്പം കളിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെച്ച് സ്‌കോട്ട്‌ലന്‍ഡ് ക്യാപ്റ്റന്‍ കെയ്ല്‍ കോട്‌സര്‍. ട്വന്റി-20 ലോകകപ്പ് സൂപ്പര്‍-12-ല്‍ ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പാണ് 37-കാരനായ കോട്‌സര്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തത്. 2003-ല്‍ ഇംഗ്ലീഷ് വണ്‍ഡേ ടൂര്‍ണമെന്റില്‍ സ്‌കോട്ടിഷ് സാള്‍ട്ടിയേഴ്‌സിന് വേണ്ടിയാണ് ഇരുവരും ഒരുമിച്ച് കളിച്ചത്.
അന്ന് 19 വയസ്സായിരുന്നു കോട്‌സറിന്റെ പ്രായം. വിദേശ മാര്‍ക്വീ താരമായിട്ടാണ് ടീമിലെത്തിയത്. നോര്‍ത്താംപ്റ്റണില്‍ നടന്ന മത്സരത്തില്‍ ദ്രാവിഡ് 114 റണ്‍സ് അടിച്ചെടുത്തു. കോട്‌സര്‍ പൂജ്യത്തിന് പുറത്തായി. അതും നേരിട്ട ആദ്യ പന്തില്‍ റണ്‍ഔട്ടിലൂടെ. ആ റണ്‍ഔട്ടിന്റെ സമയത്ത് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ദ്രാവിഡ് ആയിരുന്നെന്നും ഓടരുത് എന്ന് ദ്രാവിഡ് വിലക്കിയിട്ടും സിംഗിളെടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും കോട്‌സര്‍ പറയുന്നു. അന്ന് ആ ടൂര്‍ണമെന്റില്‍ 11 മത്സരങ്ങളില്‍ ദ്രാവിഡ് 600 റണ്‍സ് അടിച്ചെടുത്തു.
ലോകകപ്പ് സൂപ്പര്‍-12ല്‍ ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളിലും സ്‌കോട്ട്‌ലന്‍ഡ് തോറ്റു. ന്യൂസീലന്‍ഡിനെതിരെ 16 റണ്‍സിന് തോറ്റെങ്കിലും കോട്‌സര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
നിലവില്‍ ഇന്ത്യന്‍ ടീമിന്റെ നിയുക്ത പരിശീലകനാണ് ദ്രാവിഡ്. ട്വന്റി-20 ലോകകപ്പിന് ശേഷം ദ്രാവിഡ് പരിശീലകനായി സ്ഥാനമേറ്റെടുക്കും. 164 ടെസ്റ്റുകള്‍ കളിച്ച ദ്രാവിഡിന്റെ അക്കൗണ്ടില്‍ 13,288 റണ്‍സുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരവും ദ്രാവിഡാണ്.
Content Highlights: Scotland Captain Kyle Coetzer Recalls 18-Year-Old Run Out Involving Him And Rahul Dravid