മിച്ചൽ മാർഷ് | Photo: twitter| ICC
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസീസ് താരം മിച്ചെല്‍ മാര്‍ഷ് ഒരു വാര്‍ത്തസമ്മേളനത്തിനിടെ ഇങ്ങനെ പറഞ്ഞു. 'ഭൂരിഭാഗം ഓസ്‌ട്രേലിയക്കാരും എന്നെ വെറുക്കുന്നു. ടെസ്റ്റില്‍ എനിക്ക് നിലവാരത്തിനൊത്ത് ഉയരാന്‍ കഴിയാത്തതിനാല്‍ ആണത്. ഓസ്‌ട്രേലിയന്‍ ആരാധകര്‍ക്ക് ക്രിക്കറ്റ് എന്നാല്‍ ജീവനാണ്. അതുകൊണ്ടുതന്നെ എന്നോടുള്ള വെറുപ്പ് സ്വാഭാവികമാണ്. ടെസ്റ്റില്‍ എനിക്ക് ഒരുപാട് അവസരങ്ങള്‍ ലഭിച്ചെങ്കിലും മികവ് കാണിക്കാനായില്ല. ഞാന്‍ തിരിച്ചുവരും എന്നു തന്നെയാണ് പ്രതീക്ഷ. ഓസ്‌ട്രേലിയയുടെ ബാഗി ഗ്രീന്‍ ക്യാപ് അണിയുന്നത് ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. ഒരു ദിവസം ആരാധകര്‍ക്ക് വേണ്ടി ഞാന്‍ വിജയിക്കും.' ആ വാക്കുകള്‍ വെറുതെയായില്ല. ദുബായിയില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ മാര്‍ഷ് ആയിരുന്നു ഫൈനലിലെ വിജയശില്‍പി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യമത്സരത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ മാര്‍ഷ് നേടിയത് 17 പന്തില്‍ 11 റണ്‍സ് മാത്രം. ശ്രീലങ്കയ്‌ക്കെതിരേ മാര്‍ഷിന് ബാറ്റിങ്ങിന് അവസരം കിട്ടിയില്ല. അതിനു മുമ്പേ ഓസ്‌ട്രേലിയ വിജയിച്ചു. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ കോച്ച് ലാംഗര്‍ മാര്‍ഷിനെ പുറത്തിരുത്തി. താരം നീരസം പ്രകടിപ്പിച്ചില്ല. കോച്ചിന്റെ തീരുമാനത്തിനൊപ്പം നിന്നു.
എന്നാല്‍ മാര്‍ഷ് കളിക്കാതിരുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് 50 പന്ത് ബാക്കിനില്‍ക്കെ എട്ട് വിക്കറ്റിന് ഓസ്ട്രേലിയയെ തകര്‍ത്തു. അത് ഓസീസിന് വലിയ ഷോക്കായി. ഇതോടെ മാര്‍ഷ് വീണ്ടും ഫൈനല്‍ ഇലവനിലേക്ക് മടങ്ങിയെത്തി. ആക്രമിച്ച് കളിക്കാനുള്ള ദൗത്യം വീണ്ടും മാര്‍ഷിനെ ഏല്‍പ്പിച്ചു. ബംഗ്ലാദേശിനെതിരേ മാര്‍ഷ് അഞ്ച് പന്തില്‍ 16 റണ്‍സെടുത്ത് പുറത്താവാതെനിന്നു. പിന്നീട് വെസ്റ്റ് ഇന്‍ഡീസിനെതിരേ 32 പന്തില്‍ 53, സെമിയില്‍ പാകിസ്താനെതിരേ 22 പന്തില്‍ 28. മാര്‍ഷ് തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുകയായിരുന്നു.
ഫൈനലില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് നേരത്തേ പുറത്തായപ്പോള്‍ ഇറങ്ങിയ മാര്‍ഷിന് മുന്നില്‍ വലിയ വെല്ലുവിളിയായിരുന്നു ഉണ്ടായിരുന്നത്. നേരിട്ട ആദ്യപന്തില്‍ തന്നെ ആദം മില്‍നെയെ സ്‌ക്വയര്‍ലെഗിന് മുകളിലൂടെ സിക്‌സര്‍ പറത്തി. മില്‍നെയുടെ അടുത്ത രണ്ട് പന്തുകളിലും ബൗണ്ടറികള്‍. അതോടെ, കളി ന്യൂസീലന്‍ഡില്‍ നിന്ന് അകലാന്‍ തുടങ്ങി.
ഗ്ലെന്‍ മാക്‌സ്വെലിനെ ഒപ്പംകൂട്ടി 19-ാം ഓവറില്‍ത്തന്നെ ഓസ്ട്രേലിയയെ കിരീടവിജയത്തിലേക്ക് നയിച്ചു. 50 പന്തില്‍ 77 റണ്‍സുമായി താരം പുറത്താവാതെ നിന്നു. ട്വന്റി 20-യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. വിജയനിമിഷത്തില്‍ അത്യാഹ്ലാദത്തോടെ ചാടിയ മാര്‍ഷിനെ സഹതാരങ്ങളായ മാര്‍ക്കസ് സ്റ്റോയ്‌നിസും ആദം സാംപയും വാരിപ്പുണര്‍ന്നു. വെറുക്കപ്പെട്ടവന്‍ വിജയശില്‍പിയായി.
Content Highlights: Mitchell Marsh’s Old Video Where He Says ‘Most of Australia Hate Me’ T20 WC