Photo: AFP
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഇപ്പോഴത്തെ സംസാരവിഷയം 33-കാരനായ ഒരു ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറാണ്. ആഗ്രഹിക്കുന്നതെന്തും നടപ്പിലാക്കാന്‍ സാധിക്കുന്ന സൂപ്പര്‍ ഹീറോ പരിവേഷമാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. പറഞ്ഞുവരുന്നത് ഓസീസിന്റെ ലോകകപ്പ് സെമി ഹീറോ മാത്യു വെയ്ഡിനെ കുറിച്ചാണ്. പാകിസ്താനെതിരായ ട്വന്റി 20 ലോകകപ്പ് സെമിയില്‍ തോല്‍വി മുന്നില്‍കണ്ട ഓസ്‌ട്രേലിയയെ തന്റെ അവിശ്വസനീയമായ ബാറ്റിങ് മികവിലൂടെ വിജയത്തിലെത്തിച്ചത് വെയ്ഡായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത് പാകിസ്താന്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് ഒരു ഘട്ടത്തില്‍ കാലിടറിയതാണ്. എന്നാല്‍ ആറാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച മാര്‍ക്കസ് സ്‌റ്റോയ്‌നിസ് - വെയ്ഡ് സഖ്യം ടീമിന്റെ രക്ഷകരായി അവതരിക്കുകയായിരുന്നു. 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യമാണ് ഓസീസ് ടീമിനെ ഫൈനലിലേക്കുള്ള വഴിവെട്ടിയത്. അവസാനം 12 പന്തില്‍ ജയിക്കാന്‍ 22 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ മിന്നുന്ന ഫോമിലുള്ള പാക് പേസര്‍ ഷഹീന്‍ അഫ്രീദിയെ തുടര്‍ച്ചയായി മൂന്ന് പന്തില്‍ സിക്‌സറടിച്ച് വെയ്ഡ് ഓസീസിന് അവിശ്വസനീയ ജയമൊരുക്കി. 17 പന്തില്‍ നിന്ന് നാലു സിക്‌സും രണ്ട് ഫോറുമടക്കം 41 റണ്‍സെടുത്ത വെയ്ഡായിരുന്നു കളിയിലെ താരവും.
കളിയിലും ജീവിതത്തിലും നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് വെയ്ഡ് ഇന്ന് ഓസീസ് ടീമിനൊപ്പം നിലകൊള്ളുന്നത്. ഇന്ന് ഓസീസ് ക്രിക്കറ്റ് താരമാണെങ്കിലും വെയ്ഡിന്റെ ഇഷ്ട കായിക ഇനം ക്രിക്കറ്റല്ല, ഫുട്‌ബോളാണ്, ഇഷ്ട ടീം മാഞ്ചെസ്റ്റര്‍ യുണൈറ്റഡും. ഫുട്‌ബോള്‍ താരങ്ങള്‍ നിറഞ്ഞ കുടുംബമായിരുന്നു വെയ്ഡിന്റേത്. അച്ഛന്‍ സ്‌കോട്ട് വെയ്ഡും, മുത്തച്ഛന്‍ മൈക്കല്‍ വെയ്ഡുമെല്ലാം പ്രാദേശിക ഫുട്‌ബോള്‍ താരങ്ങളും ടീം അധികൃതരുമായിരുന്നു. അതിനാല്‍ തന്നെ സ്‌പൈക്ക്‌സിനെയായിരുന്നില്ല ബൂട്ടിനെയായിരുന്നു വെയ്ഡിന്റെ കാലുകള്‍ ആദ്യം സ്‌നേഹിച്ചത്.
അങ്ങനെ ടാസ്മാനിയക്കായി ഫുട്‌ബോള്‍ മൈതാനങ്ങളില്‍ തകര്‍ത്ത് കളിക്കവെ 16-ാം വയസിലാണ് വെയ്ഡിന് ജീവിതത്തിലെ ആദ്യ പ്രതിസന്ധി നേരിടേണ്ടിവന്നത്. മത്സരത്തിനിടെ നാഭിയില്‍ കടുത്ത വേദന അനുഭവപ്പെട്ട താരം ഡോക്ടറുടെ അടുത്തെത്തി. പരിശോധനകള്‍ക്കു ശേഷം വൃഷണത്തില്‍ കാന്‍സറാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. പിന്നാലെ വിവിധ റൗണ്ടുകള്‍ നീണ്ടുനിന്ന കീമോതെറാപ്പി. രണ്ടു വര്‍ഷം കൊണ്ട് ശരീരത്തിനുള്ളിലുണ്ടായിരുന്ന ശത്രുവിനെ വെയ്ഡ് അതിജീവിച്ചു.

തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ശ്രദ്ധ ക്രിക്കറ്റിലേക്ക് പതിയുന്നത്. എന്നാല്‍ അവിടെ അടുത്ത പ്രതിസന്ധി താരത്തെ കാത്തിരിപ്പുണ്ടായിരുന്നു. വര്‍ണാന്ധത ബാധിച്ച വ്യക്തിയാണ് വെയ്ഡ്. അതിനാല്‍ തന്നെ വിവിധ വെളിച്ച അവസ്ഥകളില്‍ പന്ത് കാണുക എന്നത് വെയ്ഡിന് ബുദ്ധിമുട്ടായി മാറി. വൈകാതെ കളിക്കളത്തിലെ ഈ പ്രതിസന്ധിയും താരം മറികടന്നു.
കരിയറില്‍ പിന്നീട് വെയ്ഡിനെ കാത്തിരുന്നത് ഓസീസ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരുടെ ബാഹുല്യമാണ്. ആദം ഗില്‍ക്രിസ്റ്റെന്ന ഇതിഹാസം കളമൊഴിഞ്ഞതിനു ശേഷം മാത്രമാണ് ബാക്കിയുള്ളവര്‍ക്ക് ആ സ്ഥാനത്തേക്ക് ഒന്ന് ചിന്തിക്കാന്‍ പോലും സാധിച്ചത്. എന്നാല്‍ ബ്രാഡ് ഹാഡിന്‍, ടിം പെയ്ന്‍, പീറ്റര്‍ നെവില്‍, അലക്‌സ് കാരി തുടങ്ങിയവരെല്ലാം വെയ്ഡിനൊപ്പം മത്സരരംഗത്തുണ്ടായിരുന്നു.
ഒടുവില്‍ ആ ബാഗി ഗ്രീന്‍ അണിയാനുള്ള ഭാഗ്യം 2011-ലാണ് ആദ്യമായി വെയ്ഡിനെ തേടിയെത്തുന്നത്. എന്നാല്‍ ടീമില്‍ സ്ഥിരമായ ഒരു സ്ഥാനം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ടീമില്‍ വന്നുംപോയുമിരുന്ന് ഒടുവില്‍ 2017-ല്‍ പരിക്കേറ്റ് സ്റ്റീവ് സ്മിത്തിന് പകരം കിവീസിനെതിരായ പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായി വെയ്ഡ് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ നിര്‍ഭാഗ്യം താരത്തെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കാതിരുന്ന താരം ആദ്യ ഏകദിനത്തില്‍ നിന്ന് പുറത്തായി. ഒടുവില്‍ ടീമില്‍ നിന്നുതന്നെ പുറത്തേക്ക്.
ഇതിനു പിന്നാലെയാണ് വെയ്ഡ് ആശാരിപ്പണിയിലേക്ക് തിരിയുന്നത്. കാര്‍പെന്ററി അപ്രെന്റിസ്ഷിപ്പെടുത്ത വെയ്ഡ് ഒരു കമ്പനിയില്‍ ജോലി ആരംഭിക്കുകയും ചെയ്തു. ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 2019-ല്‍ വെയ്ഡിനെ തേടി ടീം മാനേജ്‌മെന്റിന്റെ വിളിയെത്തി. പരിക്കേറ്റ ഉസ്മാന്‍ ഖവാജയ്ക്ക് പകരം ലോകകപ്പ് ടീമിലേക്കായിരുന്നു വിളിയെങ്കിലും അലക്‌സ് കാരി ടീമിലുണ്ടായിരുന്നതിനാല്‍ അന്തിമ ഇലവനില്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ അതേ വര്‍ഷം ആഷസ് പരമ്പരയ്ക്കുള്ള ടീമിലും വെയ്ഡ് ഉള്‍പ്പെട്ടു. 10 ഇന്നിങ്‌സുകളില്‍ നിന്ന് രണ്ടു സെഞ്ചുറിയടക്കം 337 റണ്‍സ് നേടി ഇംഗ്ലീഷ് മണ്ണില്‍ വെയ്ഡ് തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. പിന്നാലെ 2020 ഏപ്രിലില്‍ താരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തി. ഇപ്പോഴിതാ ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ആദ്യമായി ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമാകാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
Content Highlights: matthew wade battled cancer colour blindness and worked as a carpenter