Photo: AP
യു.എ.ഇ യില്‍ നടക്കുന്ന ടി-20 ലോകകപ്പിലെ ഹോട്ട് ഫേവറേറ്റുകളായിരുന്ന ടീം ഇന്ത്യ സെമി കാണാതെ പുറത്താവുമെന്ന് മിക്കവാറും ഉറപ്പായി കഴിഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളില്‍ പാകിസ്താനോടും കിവീസിനോടും പിണഞ്ഞ തോല്‍വി ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കയാണ്.
ഇന്ത്യയുടെ ഈ ദയനീയ പതനം ടെലിവിഷന്‍ റേറ്റിങ്ങിനെയും ആരാധകരുടെ പങ്കാളിത്വത്തേയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ടൂര്‍ണമെന്റിന്റെ സംഘാടകരായ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനും( ഐ.സി.സി) ഉണ്ട്. പക്ഷെ ഇതിലൊന്നും അല്‍പം പോലും പരിഭ്രമിക്കാതിരിക്കുന്ന ഒരേയൊരു കൂട്ടര്‍ ഇന്ത്യന്‍ ടീമിന്റെ ഉടമകളായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ( ബി സി സി ഐ) ആവും. കാരണം അവര്‍ക്ക് മെയിന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണ്. അതു വഴി ഒഴുകിയെത്തുന്ന കോടികളാണ്. ഈ വരികള്‍ വായിക്കുമ്പോള്‍ നിങ്ങളുടെ നെറ്റി ചുളിയുന്നത് എനിക്ക് ഇപ്പോഴേ കാണാം. ഇന്ത്യന്‍ ടീം ഇങ്ങനെ തോല്‍ക്കുമ്പോള്‍ സ്വാഭാവികമായും ബി.സി.സി.ഐ. അധികൃതര്‍ക്ക് വിഷമം തോന്നില്ലേയെന്ന ചോദ്യം സ്വാഭാവികമാണ്.
പക്ഷെ അതങ്ങനെയല്ല എന്ന് വിശ്വസിക്കാനുള്ള കാരണം ഏറെയുണ്ട്. കോവിഡ് മഹാമാരി കാരണം ഇടയ്ക്ക് വെച്ച മുടങ്ങിപ്പോയ കഴിഞ്ഞ സീസണിലെ ഐ.പി.എല്ലിലെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ അവസാന ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ ടീമിനെ പിന്‍വലിക്കാന്‍ 'ചങ്കൂറ്റം' കാണിച്ചവരാണവര്‍. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ മുന്നിട്ടു നില്‍ക്കുകയായിരുന്നു അപ്പോള്‍. അവസാന ടെസ്റ്റ് സമനിലയിലായാല്‍ തന്നെ ഒരു ചരിത്ര വിജയം ഇന്ത്യന്‍ ടീമിന് നേടാമായിരുന്നു. ആ സമയത്താണ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ എതിര്‍പ്പ് പോലും വകവെക്കാതെ കോവിഡ് മഹാമാരിയില്‍ നിന്ന് ടീമംഗങ്ങളെ രക്ഷിക്കാനാണെന്ന പേരില്‍ ടീമിനെ പിന്‍വലിച്ചു കളഞ്ഞത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയന്റ് നിലയില്‍ പോലും ഗുണമുണ്ടാക്കാവുന്ന ഒരു മത്സരമായിരുന്നു അതെന്നോര്‍ക്കണം.
ഇങ്ങനെ ഇംഗ്ലണ്ടില്‍ നിന്ന് സുരക്ഷിതരാക്കുന്നതിന് വേണ്ടി പിന്‍വലിച്ച കളിക്കാരെ നേരെ ദുബായിലേക്ക് ഐ.പി.എല്‍. മല്‍സരങ്ങള്‍ കളിക്കാന്‍ പറഞ്ഞയക്കുകയായിരുന്നു ബി.സി.സി.ഐ. അധികാരികള്‍ ചെയ്തത്. കാരണം വളരെ ലളിതമാണ്. ഐ.പി.എല്ലില്‍ നിന്ന് ലഭിക്കുന്ന കൂറ്റന്‍ വരുമാനമാണ് രാജ്യത്തിന് ലഭിക്കുന്ന ഒരു ചരിത്രവിജയത്തേക്കാള്‍ അവര്‍ക്ക് പ്രധാനം.
ക്ഷീണം, കടുത്ത ക്ഷീണം...
ടെസ്റ്റിലും ഐ.പി.എല്ലിലും ടി20 ലോകകപ്പിലുമെല്ലാം കളിക്കുന്നതിനായി താരങ്ങള്‍ കടുത്ത നിയന്ത്രണങ്ങളോടെ ബാഹ്യ സമ്പര്‍ക്കമില്ലാതെ ബയോ ബബ്ളിലാണ് കഴിയുന്നത്. അത് കളിക്കാരുടെ മനോനിലയെ പ്രതികൂലമായി ബാധിക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യവുമാണ്. ഈ കടുത്ത സമര്‍ദ്ദം താങ്ങാനാവാതെ ഐ.പി.എല്ലില്‍ നിന്ന് പല വിദേശ താരങ്ങളും പിന്‍മാറിയിട്ടുമുണ്ട്. ടെസ്റ്റ് പരമ്പരയിലും ഐ.പി.എല്ലിലും ടി-20 ലോകകപ്പിലുമായി വിശ്രമമില്ലാതെ തുടരെ കളിച്ചു കൊണ്ടിരിക്കുന്ന മാനസീകവും ശാരീരികവുമായ അവസ്ഥ എത്തരത്തിലുള്ളതാവുമെന്ന് സ്വാഭാവികമായും ഊഹിക്കാവുന്നതാണ്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനോ ടി20 ലോകകപ്പിനോ വല്ല പ്രാധാന്യവും കല്‍പ്പിച്ചിരുന്നെങ്കില്‍ ബി.സി.സി.ഐ. ചെയ്യേണ്ടിയിരുന്നത് ടെസ്റ്റ് പരമ്പരക്ക് ശേഷം ധൃതിപിടിച്ച് ഐ.പി.എല്‍. മത്സരങ്ങള്‍ നടത്താതെ കളിക്കാര്‍ക്ക് മതിയായ വിശ്രമം നല്‍കി ടി20 ലോകകപ്പിന് അയക്കുകയായിരുന്നു.
ടി 20 ലോകകപ്പില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷയിലും പ്രകടനത്തിലുമെല്ലാം ക്ഷീണം പ്രകടമായിരുന്നു. അപ്പോള്‍ മറുചോദ്യം തീര്‍ച്ചയായും ഉന്നയിക്കാം. ഐ.പി.എല്ലില്‍ കളിച്ചത് ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ലല്ലോ? ശരിതന്നെ. പക്ഷെ വിദേശ ടീമുകളിലെയെല്ലാം ഒന്നോ രണ്ടോ താരങ്ങള്‍ മാത്രമാണ് ഐ.പി.എല്ലില്‍ കളിച്ചത്. ഇന്ത്യന്‍ താരങ്ങളാവട്ടെ ഒന്നടങ്കം ഐ.പി.എല്ലിന് കച്ചകെട്ടിയിറങ്ങേണ്ടി വന്നു. വിലക്കു കാരണം ഐ.പി.എല്ലില്‍ നിന്നു പൂര്‍ണമായി മാറ്റിനിര്‍ത്തപ്പെട്ട പാകിസ്താന്റെ താരങ്ങള്‍ ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നുവെന്നതും ഈ വസ്തുതകളുമായി കൂട്ടിവായിക്കാം.
ആസ്വദിച്ച് കളിക്കാനാവാത്ത സംഘം
ടെസ്റ്റ് ക്രിക്കറ്റോ ഏകദിന മത്സരമോ പോലെ കൃത്യമായ ഗെയിംപ്ലാനോടെ കളിക്കേണ്ട ഗെയിം അല്ല ടി20 മാച്ചുകള്‍. ഓരോ കളിക്കാരനും അപ്പപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസിരിച്ച് ആസ്വദിച്ച് കളിക്കേണ്ട ഗെയിം. വിശ്രമമില്ലാതെ ദീര്‍ഘകാലം നാട്ടില്‍ നിന്ന് വിട്ടുനിന്ന് ക്രിക്കറ്റ് കളിച്ച് പരിക്ഷീണരായ കോലിയുടെ സംഘത്തിന് കളി ആസ്വദിക്കാന്‍ കഴിയാത്തതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. താങ്ങാനാവാത്ത ഭാരം പേറി വലിഞ്ഞു മുറുകുന്ന മാനസികാവസ്ഥയിലായിരുന്നു ഓരോ കളിക്കാരനും. ആദ്യ മത്സരമാവട്ടെ പാരമ്പര്യ വൈരികള്‍ എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ട പാകിസ്താനും. ആരാധകക്കൂട്ടങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം ഈ കളിയെ ചുറ്റിപ്പറ്റി സൃഷ്ടിച്ച സമ്മര്‍ദ്ദം അതിജീവിക്കാനാവുന്ന അവസ്ഥയിലായിരുന്നില്ല അവര്‍. ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റു ചെയ്യാനയക്കപ്പെട്ട ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടേയും കെ.എല്‍. രാഹുലിന്റേയുമെല്ലാം മുഖത്തും ശരീരത്തിലുമെല്ലാം സമര്‍ദ്ദം പ്രകടമായിരുന്നു. ഇടക്കിടെ ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും കോലിയിലും സാഹചര്യത്തിന്റെ സമര്‍ദ്ദം പ്രകടമായിരുന്നു. സദാ പ്രസരിപ്പോടെ നിന്നിരുന്ന പന്ത് പോലും അത്രയ്ക്ക് ക്രിയാത്മകമായ ശരീര ഭാഷ പ്രകടമാക്കിയില്ല.
കിരാതമായ വേട്ടയാടല്‍
പാകിസ്താനെതിരായ മല്‍സരം തോറ്റ ശേഷം മുഹമദ് ഷമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രചാരണം തികച്ചും നിന്ദ്യമായിരുന്നു. ഷമിയുടെ മതമായിരുന്നു ആക്രമിച്ചവരുടെ ഉന്നം. അത്തരം ആളുകളെ ഗെയ്മിന്റേയോ ടീമിന്റേയോ ആരാധകരായി കണക്കാക്കാന്‍ കഴിയില്ല. കളിക്കളങ്ങളിലും ഗ്യാലറിയിലും നിന്ന് അകറ്റി നിര്‍ത്തപ്പെടേണ്ട മനോരോഗികളാണവര്‍. പക്ഷെ ഈ ഭ്രാന്തന്‍ കൂട്ടത്തിന്റെ കിരാതമായ ആക്രമണവും ടീമിന്റെ പ്രഹരശേഷിയും കരുത്തും തകര്‍ത്തുകളയാന്‍ പര്യാപ്തമായിരുന്നു. രണ്ടാമത്തെ മല്‍സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ നടത്തിയ ദയനീയ പ്രകടനത്തിന് അതുകൂടി കാരണമായിരിക്കണം.
Content Highlights: Indian cricket team ICC Twenty 20 world cup 2021 BCCI IPL