Photo: ANI
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ഇന്ത്യ നേടിയത് രണ്ടു വിക്കറ്റ്! 40 ഓവറില്‍ ആറു സിക്‌സ്! പോയന്റ് പട്ടികയില്‍ നമീബിയയ്ക്കും താഴെ അഞ്ചാംസ്ഥാനത്ത്! കളിയില്‍ തോല്‍വികള്‍ സ്വാഭാവികം. പക്ഷേ, ഈ ലോകകപ്പ് നേടുമെന്ന് കരുതപ്പെട്ടിരുന്ന ഇന്ത്യയുടെ വന്‍ തോല്‍വി കുറച്ചുകാലത്തേക്ക് ടീം ഇന്ത്യയെ പിടിച്ചുകുലുക്കും.
ആദ്യമത്സരത്തില്‍ പാകിസ്താനോട് 10 വിക്കറ്റിനാണ് തോറ്റതെങ്കില്‍ ഞായറാഴ്ച ന്യൂസീലന്‍ഡിനോട് തോറ്റത് എട്ടു വിക്കറ്റിന്. 2007 ഏകദിന ലോകകപ്പിലെ ആദ്യറൗണ്ടില്‍ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റുമടങ്ങിയശേഷം, ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും മോശം തുടക്കംകൂടിയാണിത്.
രണ്ടും കനത്ത എതിരാളികളായിരുന്നു എന്നത് വാസ്തവം. പക്ഷേ, രണ്ടു മത്സരങ്ങളിലും ഒരു ഘട്ടത്തിലും വിജയിക്കുമെന്ന പ്രതീതി ഉണ്ടാക്കാനേ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. പാകിസ്താന്‍ 13 പന്തുകള്‍ ബാക്കിനില്‍ക്കെയും ന്യൂസീലന്‍ഡ് 33 പന്തുകള്‍ ബാക്കിനില്‍ക്കെയും ജയിച്ചു.
തോല്‍വിക്ക് ക്രിക്കറ്റ് വിദഗ്ധര്‍ പല കാരങ്ങള്‍ നിരത്തുന്നുണ്ട്. സാങ്കേതികകാരണങ്ങള്‍ ഏറെയുണ്ടെങ്കിലും ടീം എന്നനിലയില്‍ ജയിക്കാനുള്ള ഇച്ഛ കാണിച്ചില്ലെന്ന വാസ്തവം തെളിഞ്ഞുനില്‍ക്കുന്നു.
ഐ.പി.എല്‍. ഫാക്റ്റര്‍
രണ്ടോ മൂന്നോ പന്തുകള്‍ പ്രതിരോധിച്ചശേഷം പന്ത് ഉയര്‍ത്തിയടിച്ച് ഗ്രൗണ്ട് കടത്തുക എന്ന ശീലത്തിലേക്ക് ബാറ്റര്‍മാര്‍ മാറി. നിരന്തരം ഐ.പി.എലില്‍ കളിച്ച ശീലംകൊണ്ടാകാം ഇത്. മറ്റ് ബാറ്റര്‍മാര്‍ തുടക്കത്തില്‍ കൂടുതല്‍ ബൗണ്ടറികള്‍ക്ക് ശ്രമിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ലക്ഷ്യം സിക്‌സാണ്. ന്യൂസീലന്‍ഡിനെതിരേ, ആദ്യ നാലു ബാറ്റര്‍മാരും ഉയര്‍ത്തിയടിച്ച് ബൗണ്ടറി ലൈനില്‍ ക്യാച്ച് നല്‍കുകയായിരുന്നു.
ടോസ്
നിര്‍ണായകമായ രണ്ടു കളിയിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ടോസ് കിട്ടിയില്ല. ആദ്യം ബാറ്റുചെയ്യുന്നത് ബുദ്ധിമുട്ടും മഞ്ഞുവീഴ്ച (ഡ്യൂ ഫാക്റ്റര്‍) കാരണം രണ്ടാമത് ബാറ്റിങ് എളുപ്പവുമാകുന്ന പിച്ചില്‍ രണ്ടുവട്ടവും ടോസ് നഷ്ടപ്പെട്ടതോടെ ടീം തളര്‍ന്നു.
ടീമിന്റെ അനിശ്ചിതത്വം
ടീം ലൈനപ്പിനെച്ചൊല്ലി അവസാന നിമിഷംവരെ ആശങ്കയുണ്ടായി. ലോകകപ്പ് ലക്ഷ്യംവെച്ചാണ് കോലി ഐ.പി.എലില്‍ ഓപ്പണറായത്. എന്നാല്‍, ലോകകപ്പ് അടുക്കവേ, രോഹിതിന്റെ കൂട്ടാളിയായി ഇഷാന്‍ കിഷന്‍, കെ.എല്‍. രാഹുല്‍ എന്നിവരുടെ പേര് ഉയര്‍ന്നുവന്നു. ആദ്യമത്സരത്തിന് നാലുദിവസംമുമ്പാണ് രാഹുല്‍ അല്ലാതെ മറ്റൊരു ഓപ്പണറില്ല എന്ന് കോലി വ്യക്തമാക്കിയത്. ഏറെ പരിചയസമ്പന്നനായ ആര്‍. അശ്വിനെ, വര്‍ഷങ്ങള്‍ക്കുശേഷം ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ആദ്യ രണ്ടു കളികളിലും ഇറക്കിയില്ല. പകരം, മൂന്നു മത്സരങ്ങളുടെ മാത്രം പരിചയമുള്ള വരുണ്‍ ചക്രവര്‍ത്തിയെ ഇറക്കി. ഫിറ്റ്‌നസ് സംശയത്തിലുള്ള ഹാര്‍ദിക് പാണ്ഡ്യയെച്ചൊല്ലിയും അവസാനനിമിഷംവരെ ആശയക്കുഴപ്പമുണ്ടായി.
രാത്രിമത്സരം
ടെലിവിഷന്‍ കാണികളുടെ സൗകര്യം കണക്കിലെടുത്ത് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും രാത്രി 7.30-നാണ്. എല്ലാ മത്സരങ്ങളുടെയും വേദി കൂടുതല്‍ കാണികള്‍ എത്താനിടയുള്ള ദുബായിലും നിശ്ചയിച്ചു. ടോസ് നഷ്ടം എന്ന നിരാശയ്‌ക്കൊപ്പം ഡ്യൂ ഫാക്റ്ററും ഇന്ത്യയ്ക്ക് എതിരായി.
കോലിയുടെ ക്യാപ്റ്റന്‍സി
2017 ചാമ്പ്യന്‍സ് ട്രോഫി, 2019 ഏകദിന ലോകകപ്പ്, 2021 ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, 2021 ട്വന്റി 20 ലോകകപ്പ്. മൂന്നു ഫോര്‍മാറ്റിലായി നാലു സുപ്രധാന ടൂര്‍ണമെന്റുകളില്‍ ഇന്ത്യ വിരാട് കോലിക്കു കീഴില്‍ ഇറങ്ങി. രണ്ടുവട്ടം ഫൈനലില്‍ തോറ്റു. ഒരു സെമി ഫൈനല്‍ തോല്‍വി. ഇക്കുറി സെമിപോലും വിദൂരസ്വപ്നം. ഐ.പി.എലില്‍ എട്ടു സീസണുകളില്‍ ബാംഗ്ലൂരിനെ നയിച്ച കോലിക്ക് കിരീടം നേടാനായിട്ടില്ല.
Content Highlights: India struggles with two back to back failures in Twenty 20 world cup 2021