ഡേവിഡ് വാർണർ സിക്‌സ് അടിക്കുന്നു | Photo: twitter| Gautam Gambhir
ദുബായ്: പാകിസ്താന്‍ ബൗളര്‍ മുഹമ്മദ് ഹഫീസിന്റെ കൈയില്‍ നിന്ന് നിയന്ത്രണം വിട്ട പന്തില്‍ സിക്‌സ് അടിച്ച ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ വിമര്‍ശിച്ച് ഇന്ത്യയുടെ മുന്‍താരവും പാര്‍ലമെന്റ് അംഗവുമായ ഗൗതം ഗംഭീര്‍. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് വാര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഗംഭീര്‍ വിമര്‍ശിച്ചു.
ട്വന്റി-20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് അടിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിന്റെ എട്ടാം ഓവറിലാണ് വാര്‍ണറുടെ സിക്‌സ് വന്നത്.
മത്സരത്തില്‍ തന്റെ ആദ്യ ഓവര്‍ എറിയാനെത്തിയതായിരുന്നു മുഹമ്മദ് ഹഫീസ്. 17 പന്തില്‍ 24 റണ്‍സുമായി ഫോലിമുള്ള വാര്‍ണറായിരുന്നു ക്രീസില്‍. എന്നാല്‍ ആദ്യ പന്തില്‍ തന്നെ ഹഫീസിന് നിയന്ത്രണം നഷ്ടപ്പെട്ടു. കൈയില്‍ നിന്ന് തെന്നിപ്പോയ പന്ത് ബൗളറുടെ കുറച്ചുദൂരം മുന്നില്‍ പിച്ച് ചെയ്തു. രണ്ടാമതും പിച്ച് ചെയ്ത് പന്ത് ക്രീസിന് പുറത്തേക്ക് പോകവെ വാര്‍ണര്‍ ക്രീസ് വിട്ട് പുറത്തെത്തി. മൂന്നാമത് പിച്ചിന് മുമ്പെ പന്ത് ഗാലറിയിലെത്തിച്ചു.
ഈ പന്തില്‍ അമ്പയര്‍ നോ ബോള്‍ വിളിച്ചു. ഇതോടെ ഓസീസിന് ഫ്രീ ഹിറ്റും കിട്ടി. അടുത്ത പന്തില്‍ വാര്‍ണര്‍ ഡബിള്‍ നേടി. ഇതോടെ ഹഫീസിന്റെ ആ പിഴവില്‍ ഓസീസിന് ലഭിച്ചത് ഒമ്പത് റണ്‍സ്.
ഇതിന് പിന്നാലെയാണ് വാര്‍ണറെ വിമര്‍ശിച്ച് ഗംഭീര്‍ ട്വീറ്റ് ചെയ്തത്.'ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത തീര്‍ത്തും ദയനീമായ പ്രകടനമായിപ്പോയി വാര്‍ണറിന്റേത്. ഇതു ലജ്ജാകരമാണ്.'ഗംഭീര്‍ ട്വീറ്റില്‍ പറയുന്നു. ഇന്ത്യന്‍ ബൗളര്‍ രവിചന്ദ്ര അശ്വിന്റെ അഭിപ്രായമെന്താണെന്നും വാര്‍ണര്‍ ട്വീറ്റില്‍ ചോദിക്കുന്നുണ്ട്.
മത്സരത്തില്‍ 30 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സും സഹിതം 49 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ആറു പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റിന് പാകിസ്താനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ഫൈനലിലെത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ന്യൂസീലന്‍ഡാണ് ഓസ്‌ട്രേലിയയുടെ എതിരാളികള്‍.
Content Highlights: Gambhir questions Warner's six vs Hafeez in T20 World Cup semi final