ഡേവിഡ് വാർണർ കുടുംബത്തോടൊപ്പം| മാൻ ഓഫ് ദ സീരീസ് ട്രോഫിയുമായി വാർണർ| Photo: AFP|AP
ദുബായ്: കന്നി ട്വന്റി-20 ലോകകപ്പ് കിരീടത്തില്‍ ഓസ്‌ട്രേലിയ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറോടാണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് 289 റണ്‍സുമായി വാര്‍ണര്‍ പരമ്പരയുടെ താരമായിരുന്നു. 48.16 ശരാശരിയോടേയും 146.70 സ്‌ട്രൈക്ക് റേറ്റോടെയുമാണ് വാര്‍ണറുടെ നേട്ടം. ടൂര്‍ണമെന്റില്‍ മൂന്നു അര്‍ധ സെഞ്ചുറി താരം അടിച്ചെടുത്തു. പുറത്താകാതെ നേടിയ 89 റണ്‍സാണ് ഏറ്റവുമയര്‍ന്ന സ്‌കോര്‍. ന്യൂസീലന്‍ഡിനെതിരായ ഫൈനലില്‍ 38 പന്തില്‍ നിന്ന് 53 റണ്‍സാണ് വാര്‍ണര്‍ നേടിയത്.
എന്നാല്‍ ഈ ലോകകപ്പിന് മുമ്പ് വാര്‍ണര്‍ക്ക് ഇരുട്ടു മാത്രം നിറഞ്ഞൊരു ഭൂതകാലമുണ്ട്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നേരിട്ട വാര്‍ണറുടെ പിന്നീടുള്ള ക്രിക്കറ്റ് യാത്ര അത്ര സുഖകരമായിരുന്നില്ല. ഐപിഎല്ലില്‍ ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം വാര്‍ണറെ ടീമില്‍ പോലും ഉള്‍പ്പെടുത്താതെ തഴഞ്ഞിരുന്നു. പ്രായക്കൂടുതലും മോശം ഫോമും ചൂണ്ടിക്കാട്ടിയായിരുന്നു ഈ അവഗണന. തിനെല്ലാമുള്ള മറുപടിയാണ് ഓസീസ് ഓപ്പണര്‍ നല്‍കിയത്.
വാര്‍ണറുടെ ഭാര്യ കാന്‍ഡിസിനും ഈ വിജയത്തില്‍ സന്തോഷം അടക്കാനായില്ല. വിമര്‍ശകര്‍ക്കും പരിഹസിച്ചവര്‍ക്കുമുള്ള മറുപടി ഒന്നാന്തരമൊരു ട്വീറ്റിലൂടെയാണ് കാന്‍ഡിസ് നല്‍കിയത്. മാന്‍ ഓഫ് ദ സീരീസ് ആയ വാര്‍ണറുടെ ചിത്രം പങ്കുവെച്ച് കാന്‍ഡിസ് ഇങ്ങനെ എഴുതി. 'ഫോമില്ലായ്മ, പ്രായക്കൂടുതല്‍, വേഗമില്ലായ്മ...അഭിനന്ദനങ്ങള്‍ വാര്‍ണര്‍'. നേരത്തെ വാര്‍ണറെ പരിഹസിക്കാനും വിമര്‍ശിക്കാനും ആരാധകരും ക്രിക്കറ്റ് പണ്ഡിതരും ഉയോഗിച്ച വാക്കുകളാണ് ഇത്.
Content Highlights: Candice Warner takes a dig at critics after David Warner’s match-winning show in T20 World Cup 2021