ഷൂവിൽ ബിയർ ഒഴിച്ച് കുടിക്കുന്ന ഓസീസ് താരങ്ങൾ | Photo: ICC
ദുബായ്: ട്വന്റി-20 ലോകകപ്പിലെ കിരീടനേട്ടം വ്യത്യസ്തമായി ആഘോഷിച്ച് ഓസ്‌ട്രേലിയന്‍ ടീം. ഷൂസില്‍ ബിയര്‍ ഒഴിച്ച് കുടിച്ചായിരുന്നു ആഘോഷം. ഇതുകണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകര്‍.
കിരീടനേട്ടത്തിന് ശേഷം ഡ്രസ്സിങ് റൂമിലെത്തിയ ടീം ആഘോഷിക്കുന്നിതിനിടെ വിക്കറ്റ് കീപ്പറായ മാത്യു വെയ്ഡ് കാലിലെ ഷൂ ഊരി അതില്‍ ബിയര്‍ ഒഴിച്ചു കുടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ആ ഷൂ മാര്‍ക്കസ് സ്റ്റോയ്ന്‍സ് വാങ്ങി. എന്നിട്ട് സ്‌റ്റോയ്ന്‍സും അതില്‍ ബിയര്‍ ഒഴിച്ചു കുടിച്ചു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഇത്തരത്തില്‍ ബിയര്‍ കുടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ മോട്ടോ ജിപി ഡ്രൈവര്‍ ജാക്ക് മില്ലര്‍ തന്റെ ഷൂവില്‍ ഷാംപെയ്ന്‍ ഒഴിച്ചു കുടിച്ചാണ് ആദ്യ പ്രീമിയര്‍ ക്ലാസ് വിജയം ആഘോഷിച്ചത്. 2016 ജൂണില്‍ നടന്ന ഡച്ച് സര്‍ക്യൂട്ടിലായിരുന്നു ഇത്. ഇതിന് പിന്നാലെ ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഡാനിയല്‍ റിക്കാര്‍ഡിയോ ഈ ആഘോഷം പ്രശസ്തമാക്കി. 2016 ജര്‍മന്‍ ഗ്രാന്‍ഡ് പ്രിയില്‍ ഒന്നാമതെത്തിയപ്പോഴാണ് റിക്കാര്‍ഡിയോ ആദ്യമായി ഇത്തരത്തില്‍ ആഘോഷിച്ചത്.

ഓസ്‌ട്രേലിയയിലെ ഒരു ആചാരമാണ് ഈ ആഘോഷം. ഷോയ് (shoey) എന്ന അറിയപ്പെടുന്ന ഈ ആചാരത്തിന്റെ ഭാഗമായി വിജയാഘോഷ പാര്‍ട്ടികളില്‍
ആളുകള്‍ ഷൂവില്‍ ബിയറും ഷാംപെയ്‌നുമെല്ലാം ഒഴിച്ചു കുടിച്ചിരുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഈ ആചാരം നിലവിലുണ്ട്.
ഓസ്‌ട്രേലിയയുടെ ആദ്യ ട്വന്റി-20 ലോകകപ്പ് കിരീടമാണിത്. ഏകപക്ഷീയമായ മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ന്യൂസീലന്‍ഡിനെതിരേ ഓസീസിന്റെ വിജയം.
Content Highlights: Australian players drink from shoe to celebrate T20 World Cup win