Photo: AP
ന്യൂഡല്‍ഹി: മത്സരം തോല്‍ക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു നേരെ ആരാധകര്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നത് ഇതാദ്യമായല്ല.
മത്സരങ്ങള്‍ ജയിക്കുമ്പോള്‍ കൈയടിക്കുന്നവര്‍ തന്നെയാണ് തോല്‍ക്കുമ്പോള്‍ അതിന്റെ പതിന്മടങ്ങ് ശക്തിയില്‍ വിദ്വേഷം എഴുതിവിടുന്നത്. ഇന്ത്യയില്‍ ക്രിക്കറ്റ് വേരുപിടിച്ച കാലം മുതല്‍ ആരാധകരുടെ ഈ രോഷപ്രകടനങ്ങള്‍ താരങ്ങള്‍ക്ക് സഹിക്കേണ്ടിവരുന്നുണ്ട്.
2007-ല്‍ വെസ്റ്റിന്‍ഡീസ് ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ഇന്ത്യന്‍ ടീം അംഗങ്ങളുടെ വീടുകള്‍ക്ക് നേരെ പോലും ആക്രമണമുണ്ടായി. അതിന്റെ മറ്റൊരു പതിപ്പാണ് ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ തോല്‍വിക്കു പിന്നാലെ മുഹമ്മദ് ഷമിക്ക് സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വരുന്നത്.
സൈബര്‍ ആക്രമണം നേരിടേണ്ടിവരുന്ന ഷമിക്ക് പിന്തുണയുമായി മുന്‍ താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ വൈറലാകുകയാണ് 2017-ലെ ഇന്ത്യ പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷമുള്ള ഒരു വീഡിയോ.
ലണ്ടനിലെ ഓവലില്‍ അന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ പാകിസ്താനോട് 180 റണ്‍സിന്റെ വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു. മത്സരം അവസാനിച്ച ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കു നേരെ ഒരു പാകിസ്താന്‍ ആരാധകന്‍ മോശം വാക്കുകള്‍ പ്രയോഗിച്ചു. ഇന്ത്യന്‍ താരങ്ങളോട് നിങ്ങളുടെ അച്ഛനാരാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ച ആരാധകനു നേരെ മുഹമ്മദ് ഷമി പ്രതികരിച്ചു. ചുട്ടമറുപടി നല്‍കിയ ഷമിയെ ഒടുവില്‍ പിന്നാലെയെത്തിയ എം.എസ് ധോനി പിന്തിരിപ്പിക്കുകയായിരുന്നു.
Content Highlights: throwback video of mohammed shami standing up to a pakistan fan after champions trophy 2017 loss