ഇത് എന്റെ അവസാന മത്സരമാകുമെന്ന് കരുതി, കളിച്ചത് പരിഭ്രമത്തോടെ; കളിയിലെ താരമായ മാത്യു വെയ്ഡ് പറയുന്നു


1 min read
Read later
Print
Share

Photo: AP

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ സെമി ഫൈനല്‍ കളിച്ചത് പരിഭ്രമത്തോടെയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഓസീസ് താരം മാത്യു വെയ്ഡ്.

ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കാനുള്ള തന്റെ അവസാന അവസരമാകും ഈ മത്സരമെന്ന് കരുതിയതായും വെയ്ഡ് പറഞ്ഞു. കളിയില്‍ വെറും 17 പന്തില്‍ നിന്ന് 41 റണ്‍സടിച്ച വെയ്ഡാണ് കളി പാകിസ്താന്റെ കൈയില്‍ നിന്ന് തട്ടിയെടുത്തത്. മികച്ച ഫോമിലുണ്ടായിരുന്ന ഷഹീന്‍ അഫ്രീദിയെ 19-ാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് തവണ അതിര്‍ത്തി കടത്തിയാണ് വെയ്ഡ് ഓസ്‌ട്രേലിയയെ ഫൈനലിലെത്തിച്ചത്.

''മത്സരത്തിനിറങ്ങുമ്പോള്‍ അല്‍പം പരിഭ്രമമുണ്ടായിരുന്നു. ഓസ്ട്രേലിയയെ പ്രതിനിധീകരിക്കാനുള്ള അവസാന അവസരമാണിതെന്ന് എനിക്ക് അറിയാമായിരുന്നു.'' - വെയ്ഡ് മത്സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

''അതിനാല്‍ തന്നെ നന്നായി കളിക്കണമെന്നുണ്ടായിരുന്നു. മത്സരം എങ്ങനെയെങ്കിലും ജയിക്കണമെന്നുമുണ്ടായിരുന്നു. ഫൈനല്‍ എന്റെ അവസാന മത്സരമായിരിക്കാം. ഞാന്‍ പണ്ട് പറഞ്ഞതുപോലെ അതുമായി ഞാന്‍ സമരസപ്പെട്ടുകഴിഞ്ഞു.'' - വെയ്ഡ് കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് ആറാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത മാര്‍ക്കസ് സ്‌റ്റോയ്‌നിസ് - മാത്യു വെയ്ഡ് സഖ്യമാണ് ജയം സമ്മാനിച്ചത്. 12 പന്തില്‍ ജയിക്കാന്‍ 22 റണ്‍സ് വേണമെന്നിരിക്കെയാണ് വെയ്ഡ് ഷഹീന്‍ അഫ്രീദിയെ തുടര്‍ച്ചയായി സിക്‌സറുകള്‍ പറത്തി വിജയം പിടിച്ചെടുത്തത്.

Content Highlights: thought semi-final would be my last opportunity to represent australia says matthew wade

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram