ടൈമൽ മിൽസ് | Photo: AFP
ദുബായ്: ട്വന്റി-20 ലോകകപ്പിന്റെ സൂപ്പര്‍ 12-ല്‍ കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച് സെമി ഫൈനലിലെത്തിയ ഇംഗ്ലണ്ടിന് തിരിച്ചടിയായി പേസ് ബൗളര്‍ ടൈമല്‍ മില്‍സിന്റെ പരിക്ക്. താരത്തിന് ലോകകപ്പില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാകില്ലെന്ന് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
മില്‍സിന് പകരക്കാരനായി ഇടങ്കയ്യന്‍ പേസറായ റീസ് ടോപ്‌ലി ഇംഗ്ലണ്ടിനായി കളത്തിലിറങ്ങും. ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ 12-ലെ മത്സരത്തിനിടെ ടൈമല്‍ മില്‍സിന്റെ വലതു തുടയ്ക്ക് പരിക്കേറ്റിരുന്നു. മത്സരത്തില്‍ 1.3 ഓവര്‍ മാത്രം എറിഞ്ഞ മില്‍സ് ബൗള്‍ ചെയ്യാനാകാതെ ഗ്രൗണ്ട് വിടുകയായിരുന്നു. പിന്നീട് ഓവര്‍ പൂര്‍ത്തിയാക്കാനായി തിരിച്ചെത്തിയില്ല. ജോസ് ബട്‌ലറുടെ സെഞ്ചുറി കരുത്തില്‍ ലങ്കയെ 26 റണ്‍സിന് കീഴടക്കിയാണ് ഇംഗ്ലണ്ട് സെമി ഉറപ്പിച്ചത്.
മുമ്പ് പലതവണ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ മില്‍സ് ലോകകപ്പിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഏഴ് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. സൂപ്പര്‍ 12-ല്‍ ശ്രീലങ്കയെ കൂടാതെ വെസ്റ്റിന്‍ഡീസിനേയും ഓസ്‌ട്രേലിയയേയും ബംഗ്ലാദേശിനേയും ഇംഗ്ലണ്ട് കീഴടക്കിയിരുന്നു. ഇനി ശേഷിക്കുന്ന മത്സരം ദക്ഷിണാഫ്രിക്കയുമായിട്ടാണ്.
Content Highlights: T20 World Cup England's Tymal Mills Ruled Out With A Thigh Injury