ജസ്പ്രീത് ബുംറ | Photo: AFP
ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിന് എതിരായ തോല്‍വിക്ക് പിന്നാലെ ബയോ ബബ്ള്‍ ജീവിതത്തെ പഴിചാരിയ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ തള്ളി മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. ഇന്ത്യക്കുവേണ്ടി കളിക്കുമ്പോള്‍ മറ്റെല്ലാം പിന്നിലേക്ക് മാറി നില്‍ക്കണമെന്നും ബബ്‌ളില്‍ കഴിയുന്നതിന്റെ ക്ഷീണം കാരണമായി പറയരുതെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.
'രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് വലിയ ബഹുമതിയും ഉത്തരവാദിത്തവുമാണ്. ലക്ഷക്കണക്കിന് ആളുകള്‍ ഇന്ത്യന്‍ ജഴ്‌സി അണിയാന്‍ കാത്തുനില്‍ക്കുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഒരു ഒഴിവുകഴിവും പറയരുത്. നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് നല്‍കേണ്ടത്. അത്രയും ലളിതമാണ് ഈ വിഷയം.
മത്സരത്തില്‍ തോല്‍വിയും ജയവുമുണ്ടാകും. നമ്മുടെ ടീം എല്ലാ കാലത്തും ജയിക്കും എന്ന് ഒരു ആരാധകനും കരുതില്ല. എന്നാല്‍ ലോകകപ്പ് പോലൊരു ടൂര്‍ണമെന്റിലാണ് അവര്‍ക്ക് കാലിടറുന്നത്. അവിടെ ഒഴിവുകഴിവുകളൊന്നും പറയാതെ എന്താണോ ചെയ്യേണ്ടത് അത് ചെയ്യുകയാണ് വേണ്ടത്.' ഗാവസ്‌കര്‍ വ്യക്തമാക്കുന്നു.
നേരത്തെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ബയോ ബബ്ള്‍ ജീവിതത്തെ പഴിചാരി ബുംറ രംഗത്തെത്തിയിരുന്നു. ബയോ ബബ്‌ളിനോട് ഇണങ്ങാന്‍ ശ്രമിക്കുകയാണെന്നും ബബ്‌ളില്‍ കഴിയുന്നതിന്റെ മാനസിക പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കുമുണ്ട് എന്നുമായിരുന്നു ബുംറയുടെ പ്രതികരണം.
Content Highlights: Sunil Gavaskar unimpressed with Jasprit Bumrahs bio bubble fatigue comment