ഗവാസ്‌കറും അശ്വിനും
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം ട്വന്റി 20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടാനൊരുങ്ങുകയാണ്. മികച്ച പ്രകടനം പുറത്തെടുക്കുന്ന അഫ്ഗാന്‍ ഇന്ത്യയുടെ നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ ശക്തമായ എതിരാളിയാണ്.
ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും താളം കണ്ടെത്തിയിരുന്നില്ല. അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാകും ഇന്ത്യ ഇറങ്ങുക. അഫ്ഗാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ രവിചന്ദ്ര അശ്വിനെ കളിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി.
ഇന്ത്യന്‍ ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള ബൗളറാണ് അശ്വിനെന്നും താരത്തിന്റെ സാന്നിധ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമെന്നും ഗവാസ്‌കര്‍ പറയുന്നു.
' ഇന്ത്യയുടെ ബൗളിങ് നിര മോശം പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സമയത്ത് അശ്വിന്റെ സേവനം ടീമിന് അത്യാവശ്യമാണ്. അശ്വിനെ ഇനിയും ബെഞ്ചിലിരുത്തുന്നത് ശരിയല്ല. വരുണ്‍ ചക്രവര്‍ത്തിക്ക് പകരം അശ്വിന്‍ കളിക്കണം. അല്ലെങ്കില്‍ മൂന്നാമത്തെ സ്പിന്നറായി അശ്വിനെ പരിഗണിക്കണം'-ഗവാസ്‌കര്‍ പറഞ്ഞു.
മൂന്ന് സ്പിന്നര്‍മാരെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഗവാസ്‌കറുടെ അഭിപ്രായം. സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്ന പിച്ചാണ് യു.എ.ഇയിലുള്ളത്.
' ഇന്ത്യയ്ക്ക് മൂന്ന് സ്പിന്നര്‍മാരെ പരിഗണിക്കാം. ശാര്‍ദുലിനെയോ ഷമിയെയോ പുറത്തിരുത്തിയാല്‍ മതി. ഹാര്‍ദിക് പന്തെറിയാന്‍ തുടങ്ങിയതോടെ ഫലത്തില്‍ ഇന്ത്യയ്ക്ക് മൂന്ന് പേസര്‍മാരുടെ സഹായം ലഭിക്കും. അഫ്ഗാന്‍ ചെറിയ ടീമല്ല. നന്നായി കളിച്ചില്ലെങ്കില്‍ ഈ മത്സരവും ഇന്ത്യയ്ക്ക് നഷ്ടമാകും'-ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു
ഇന്നത്തെ മത്സരത്തില്‍ അഫ്ഗാനിസ്താനെ തോല്‍പ്പിക്കാനായില്ലെങ്കില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ അസ്തമിക്കും. ജയിച്ചാലും സെമിയിലേക്ക് കയറണമെങ്കില്‍ ഇന്ത്യയ്ക്ക് നന്നായി വിയര്‍ക്കേണ്ടി വരും
Content Highlights: Sunil Gavaskar on Ravichandra Ashwin, Indian cricket team, twenty 20 world cup