രോഹിത് ശർമ | Photo: AFP
മുംബൈ: ട്വന്റി-20 ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. രോഹിത് ശര്‍മയെ ഓപ്പണിങ് സ്ഥാനത്ത് നിന്ന് മാറ്റി മൂന്നാം സ്ഥാനത്ത് ഇറക്കിയ തീരുമാനത്തിനെതിരേയാണ് ഗാവസ്‌കര്‍ രംഗത്തെത്തിയത്. ന്യൂസീലന്‍ഡ് പേസ് ബൗളര്‍ ട്രെന്റ് ബൗള്‍ട്ടിന്റെ ഇന്‍സ്വിങ് പന്തുകള്‍ നേരിടാന്‍ രോഹിതിന് കഴിയില്ലെന്ന് ഉറപ്പിക്കുന്നതു പോലെയായി അദ്ദേഹത്തെ മൂന്നാം നമ്പറില്‍ ഇറക്കിയതെന്ന് ഗാവസ്‌കര്‍ വ്യക്തമാക്കി. രോഹിതിന് പകരം ഇഷാന്‍ കിഷനാണ് ഓപ്പണറായി ഇറങ്ങിയത്.
'ഇഷാന്‍ കിഷന്‍ ഒരു പവര്‍ ഹിറ്ററാണ്. അദ്ദേഹത്തെപോലൊരു ബാറ്റ്‌സ്മാന്‍ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ഇറങ്ങുന്നതാണ് നല്ലത്. സാഹചര്യത്തിന് അനുസരിച്ച് അപ്പോള്‍ കളിക്കാനാകും. വര്‍ഷങ്ങളായി ഒരു പൊസിഷനില്‍ കളിക്കുന്ന താരത്തെ മാറ്റിയാല്‍ അത് അയാളെ ബാധിക്കും. അതാണ് രോഹിത് ശര്‍മയുടെ കാര്യത്തില്‍ സംഭവിച്ചത്. ഇഷാന്‍ കിഷന്‍ 70 റണ്‍സില്‍ കൂടുതല്‍ നേടിയിരുന്നെങ്കില്‍ അദ്ദേഹത്തെ അഭിനന്ദിക്കാമായിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. അപ്പോള്‍ വിമര്‍ശനുണ്ടാരകും.' സ്‌പോര്‍ട്‌സ് തകിന് നല്‍കിയ അഭിമുഖത്തില്‍ ഗാവസ്‌കര്‍ പറയുന്നു.
റിസര്‍വ് ഓപ്പണറായിട്ടാണ് ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നത്. എന്നാല്‍ ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ അദ്ദേഹം ഓപ്പണറായി എത്തിയത് എല്ലാവരേയും അദ്ഭുതപ്പെടുത്തിയിരുന്നു. എട്ടു പന്തില്‍ നിന്ന് നാല് റണ്‍സാണ് ഇഷാന്‍ നേടിയത്. മൂന്നാമനായി ഇറങ്ങിയ രോഹിത് നേടിയത് 14 റണ്‍സും. നിര്‍ണായക മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടത്. നിശ്ചിത ഓവറില്‍ ഇന്ത്യ നേടിയത് ഏഴു വിക്കറ്റിന് 110 റണ്‍സാണ്. മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡ് 14.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി.
ആദ്യ മത്സരത്തില്‍ പാകിസ്താനോടും തോറ്റിരുന്ന ഇന്ത്യ നിലവില്‍ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ്. മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാകും ഇന്ത്യയുടെ സെമി പ്രവേശനം. അഫ്ഗാനിസ്താന്‍, നമീബിയ, സ്‌കോട്ട്‌ലന്‍ഡ് ടീമുകള്‍ക്കെതിരേയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍.
Content Highlights: Shouldn't Have Demoted Rohit Sharma Against New Zealand T20 World Cup