Photo: AFP
കറാച്ചി: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍-12ല്‍ ന്യൂസീലന്‍ഡ് അഫ്ഗാനിസ്താനോട് പരാജയപ്പെട്ട് ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശം യാഥാര്‍ഥ്യമായാല്‍ അത് വലിയ ചോദ്യങ്ങളുയര്‍ത്തുമെന്ന് മുന്‍ പാകിസ്താന്‍ താരം ഷുഐബ് അക്തര്‍.
'ന്യൂസീലന്‍ഡ് തോറ്റാല്‍ അത് വലിയ പ്രശ്‌നമാകും. അതാകും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം. ഇക്കാര്യത്തില്‍ വിവാദങ്ങള്‍ക്കൊന്നും ഞാനില്ല. പക്ഷേ ന്യൂസീലന്‍ഡിന്റെ കാര്യത്തില്‍ നിലവില്‍ പാകിസ്താന് ഒരു പ്രത്യേക വൈകാരികതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു.'-അക്തര്‍ വ്യക്തമാക്കി.
എല്ലാ തരത്തിലും അഫ്ഗാനിസ്താനേക്കാള്‍ മികച്ച ടീമാണ് ന്യൂസീലന്‍ഡ്. അവരെങ്ങാനും അഫ്ഗാനോട് തോറ്റാല്‍ അതു വലിയ പ്രശ്‌നമാകും. സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം ശമിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. അത് നമ്മള്‍ കണക്കിലെടുക്കണം. അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ഫൈനലിലെത്തണമെന്നാണ് വ്യക്തിപരമായി തന്റെ ആഗ്രഹമെന്നും അവിടെവെച്ച് പാകിസ്താന് ഒരിക്കല്‍ കൂടി ഇന്ത്യയെ തോല്‍പ്പിക്കാന്‍ അവസരം ലഭിക്കുമെന്നും അക്തര്‍ വ്യക്തമാക്കുന്നു. ലോകകപ്പിന്റെ ആവേശം ഇരട്ടിയാക്കാന്‍ ആ ഫൈനലിന് കഴിയുമെന്നും പാക് പേസ് ബൗളര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശം സാധ്യതകളുടെ നൂല്‍പ്പാലത്തിലാണ് നില്‍ക്കുന്നത്. അഫ്ഗാനിസ്താന്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുകയും നമീബിയക്കെതിരേ വലിയ മാര്‍ജിനില്‍ വിജയിക്കുകയും ചെയ്താല്‍ മാത്രമേ ഇന്ത്യക്ക് സെമിയിലെത്താനാകൂ.
Content Highlights: questions will be raised if New Zealand lose against Afghanistan says Shoaib Akhtar