കോലിയോ രോഹിത്തോ അല്ല, ഈ ലോകകപ്പിലെ ഇന്ത്യയുടെ തുറുപ്പുചീട്ടിനെ കണ്ടെത്തി അക്രം


1 min read
Read later
Print
Share

ഇന്ത്യയെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ള ഒരു താരം ടീമിലുണ്ടെന്ന് അക്രം അവകാശപ്പെടുന്നു.

Photo: AFP

2021 ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് ഇന്ത്യ. ഇത്തവണ ഏറ്റവുമധികം കിരീടസാധ്യത കല്‍പ്പിക്കുന്ന ടീമും ഇന്ത്യയാണ്. വിരാട് കോലിയും രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയുമെല്ലാം അടങ്ങുന്ന ഇന്ത്യന്‍ ടീം സൂപ്പര്‍ താരങ്ങളുടെ കോട്ടയാണ്.

എന്നാല്‍ ഇത്തവണ ഇന്ത്യയുടെ തുറുപ്പുചീട്ട് ഇവരൊന്നുമായിരിക്കില്ലെന്ന് വെളിപ്പെടുത്തി മുന്‍ പാക് പേസ് ബൗളര്‍ വസീം അക്രം. ഇന്ത്യയെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ള ഒരു താരം ടീമിലുണ്ടെന്ന് അക്രം അവകാശപ്പെടുന്നു.

കോലിയും രോഹിത്തും പന്തും ബുംറയും ഷമിയുമെല്ലാം അണിനിരക്കുന്ന ഇന്ത്യന്‍ ടീമില്‍ അക്രം കണ്ടുപിടിച്ച ആ താരം സൂര്യകുമാര്‍ യാദവാണ്. ഈ ലോകകപ്പില്‍ സൂര്യകുമാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമെന്ന് അക്രം ഉറപ്പിച്ച് പറയുന്നു.

' ഇന്ത്യയുടെ തുറുപ്പുചീട്ടാണ് സൂര്യകുമാര്‍ യാദവ്. മധ്യനിരയില്‍ അദ്ദേഹത്തിന്റെ പ്രകടനം ലോകോത്തരമാണ്. എന്റെ കീഴില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനുവേണ്ടി സൂര്യകുമാര്‍ കളിച്ചിട്ടുണ്ട്. പക്ഷേ അന്നത്തെക്കാള്‍ അദ്ദേഹം ഒരുപാട് വളര്‍ന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണ് സൂര്യകുമാര്‍. വളരെ ശ്രദ്ധയോടെ ട്വന്റി 20 ക്രിക്കറ്റിനെ സമീപിക്കുന്ന ചുരുക്കം ചില ബാറ്റര്‍മാരിലൊരാളാണ് അദ്ദേഹം' - അക്രം പറഞ്ഞു.

പാകിസ്താനെതിരായ മത്സരത്തിന് മുന്നോടിയായാണ് അക്രം ഇക്കാര്യം വെളിപ്പെടുത്തിയത്. നാളെ നടക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനാണ് കോലിയുടെയും സംഘത്തിന്റെയും എതിരാളികള്‍. വൈകിട്ട് 7.30 നാണ് മത്സരം.

Content Highlights: Not Virat Kohli or Rohit Sharma Wasim Akram picks India's game changer at T20 World Cup 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram