Photo: ANI
തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ തോല്‍വിക്ക് ശേഷം മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കുഞ്ഞിനെതിരേ ഉയര്‍ന്ന് ഭീഷണികള്‍ക്കെതിരേ സ്പീക്കര്‍ എം.ബി. രാജേഷ്.
ഗൗരി ലങ്കേഷിന്റെ ക്രൂരമായ വധം ആഘോഷിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ കോലിയുടെ ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നേരെ ബലാത്സംഗ ഭീഷണി ഉയര്‍ത്തിയിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ തോല്‍വിക്ക് പിന്നാലെയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരേ സൈബര്‍ ആക്രമണം ഉണ്ടായത്. തൊട്ടുപിന്നാലെ താരത്തെ പിന്തുണച്ചും വിമര്‍ശകര്‍ക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ചും കോലി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോലിക്കും കുടുംബത്തിനുമെതിരേ സൈബര്‍ ആക്രമണമുണ്ടായത്.
കോലി - അനുഷ്‌ക ദമ്പതികളുടെ മകള്‍ വാമികയ്ക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷകരമായ പരാമര്‍ശങ്ങളാണ് ഉയര്‍ന്നത്. കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണികള്‍.
കോലിയുടെ മകള്‍ക്കെതിരെ ഉയര്‍ന്ന നീചമായ ഭീഷണിയിലോ ഷമി നേരിട്ട ആക്രമണത്തിലോ ക്രിക്കറ്റ് ഭരണരംഗത്തുണ്ടായിരുന്നവര്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിലെ ആരും പ്രതികരിച്ചതായി കണ്ടില്ല. മൗനം കൊണ്ടുള്ള ഈ സാധൂകരണം ഞെട്ടിപ്പിക്കുന്നതാണെന്ന് എം.ബി രാജേഷ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ രാഷ്ട്രീയ-ഭരണ നേതൃത്വം പറയേണ്ടിയിരുന്നതാണ് കോലി പറഞ്ഞത്. ടീം ജയിക്കുമ്പോള്‍ അഭിനന്ദനം ചൊരിയുകയും ഒപ്പം നിന്ന് ഫോട്ടോയെടുത്ത് പങ്കുപറ്റുകയും ചെയ്യുകയും മാത്രമല്ലല്ലോ ചെയ്യേണ്ടത്. തോല്‍വിയിലും തിരിച്ചടിയിലും ഒപ്പം നില്‍ക്കുക കൂടി ചെയ്യുന്നതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്. വര്‍ഗീയവും വംശീയവുമായ ആക്രമണങ്ങളുണ്ടാകുമ്പോള്‍ അതിനെ തള്ളിപ്പറയുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖ്യ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂറിച്ചു.
Content Highlights: mb rajesh on rape threats To virat kohli daughter