ഇന്ത്യയ്ക്ക് ഇന്ന് അഫ്ഗാന്‍ ചലഞ്ച്, വിജയം മാത്രം ലക്ഷ്യം വെച്ച് കോലിയും സംഘവും ഇറങ്ങുന്നു


2 min read
Read later
Print
Share

അഫ്ഗാനെതിരേ ഹാര്‍ദിക്കിനെ പുറത്തിരുത്തി ഇഷാന്‍, സൂര്യകുമാര്‍ എന്നിവരെ ഇറക്കുമെന്ന സൂചനയുണ്ട്.

ഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ | Photo: ANI

അബുദാബി: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ രണ്ട് വമ്പന്‍ തോല്‍വികള്‍ക്കുശേഷം ഇന്ത്യക്ക് ബുധാഴ്ച അഫ്ഗാന്‍ ചലഞ്ച്. സെമിഫൈനല്‍ കാണാതെ പുറത്താകുമെന്ന ഭീതിയിലുള്ള ഇന്ത്യയും സെമി പ്രതീക്ഷയിലുള്ള അഫ്ഗാനിസ്താനും തമ്മിലുള്ള മത്സരം രാത്രി 7.30 മുതല്‍ അബുദാബിയില്‍.

ആദ്യമത്സരത്തില്‍ പാകിസ്താനോട് 10 വിക്കറ്റിനും പിന്നെ ന്യൂസീലന്‍ഡിനോട് എട്ടു വിക്കറ്റിനും തോറ്റതിന്റെ ഞെട്ടലില്‍നിന്ന് ഇന്ത്യ മുക്തരായിട്ടില്ല. അഫ്ഗാനിസ്താനാകട്ടെ, സ്‌കോട്ട്ലന്‍ഡിനെ 130 റണ്‍സിനും നമീബിയയെ 62 റണ്‍സിനും തോല്‍പ്പിച്ചു. പാകിസ്താനോട് തോറ്റെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചു. റണ്‍റേറ്റില്‍ ഏറെമുന്നിലുള്ള അഫ്ഗാന്‍ ഇന്ത്യയെയും തോല്‍പ്പിച്ചാല്‍ സെമിയിലേക്ക് ഒരു പടികൂടി അടുക്കും. ബുധനാഴ്ച തോറ്റാല്‍ ഇന്ത്യ സെമി കാണില്ലെന്ന് ഉറപ്പാകും. ഒപ്പം ക്യാപ്റ്റന്‍ വിരാട് കോലിയുടെ കരിയറിലെ മായ്ക്കാനാകാത്ത മുറിവുമാകും.

രണ്ടുമത്സരങ്ങളിലെ തോല്‍വിക്ക് പിന്നില്‍ ടീം സെലക്ഷനിലെ പോരായ്മകളും ഉണ്ടെന്ന് വ്യാപകവിമര്‍ശനം ഉയര്‍ന്നു. ഇതോടെ, അഫ്ഗാനെതിരായ ഇലവന്‍ തിരഞ്ഞെടുപ്പ് സങ്കീര്‍ണമാകും. ആദ്യ രണ്ടുമത്സരങ്ങളും കളിക്കാത്ത സ്പിന്നര്‍ ആര്‍. അശ്വിനെ കളിപ്പിക്കുകയും അദ്ദേഹം തിളങ്ങുകയും ചെയ്താല്‍ വിമര്‍ശനത്തിന്റെ ആക്കം കൂടും. അതേസമയം, അശ്വിന് പകരം ഇറങ്ങിയ വരുണ്‍ ചക്രവര്‍ത്തിക്ക് രണ്ടുമത്സരങ്ങളിലും വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. വരുണിനെ വീണ്ടും കളിപ്പിച്ചാലും വിമര്‍ശനമുണ്ടാകും.

രണ്ടുമത്സരങ്ങളിലും അവസരം ലഭിച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും അത് മുതലാക്കാനായില്ല. ആദ്യമത്സരത്തില്‍ കളിച്ച സൂര്യകുമാര്‍ യാദവിന് പരിക്കായതിനാലാണ് ന്യൂസീലന്‍ഡിനെതിരേ ഇഷാന്‍ കിഷനെ കളിപ്പിച്ചത്. അഫ്ഗാനെതിരേ ഹാര്‍ദിക്കിനെ പുറത്തിരുത്തി ഇഷാന്‍, സൂര്യകുമാര്‍ എന്നിവരെ ഇറക്കുമെന്ന സൂചനയുണ്ട്.

ന്യൂസീലന്‍ഡിനെതിരേ രോഹിതിനെ വണ്‍ഡൗണായാണ് ഇറക്കിയത്. ആ പരീക്ഷണം തുടരാന്‍ ഇടയില്ല. രണ്ടുമത്സരങ്ങളിലും പരാജയമായ രോഹിതിനും തിരിച്ചുവരേണ്ടതുണ്ട്.

അഫ്ഗാനിസ്താന്റെ ഓപ്പണര്‍മാരായ ഹസ്രത്തുള്ള സസായ്, മുഹമ്മദ് ഷഹസാദ് എന്നിവര്‍ നല്ല ഫോമിലാണ്. പേസര്‍ നവീന്‍ ഉള്‍ഹഖ്, ലോകത്തെ മികച്ച ബൗളര്‍മാരിലൊരാളായ റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരടങ്ങിയ സ്പിന്‍ നിരയും കരുത്തരാണ്.

Content Highlights: India vs Afghanistan icc twenty 20 world cup 2021 super 12 match

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram