ഇഷാന് പകരം രോഹിത്തിനെ എടുത്തത് തെറ്റായോ? കോലിയെ ചൊറിഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍; ചിരിച്ചുതള്ളി താരം


1 min read
Read later
Print
Share

Photo: ANI

ദുബായ്: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനോട് തോറ്റതിനു പിന്നാലെ കോലിക്കു നേരെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യശരങ്ങള്‍.

ഇതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ടീം സെലക്ഷനെ കുറിച്ച് ചോദിച്ച് കോലിയെ ഒന്ന് ചൊറിയുകയും ചെയ്തു.

വാംഅപ് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷന് പകരം രോഹിത് ശര്‍മ്മയെ ടീമിലെടുത്ത നടപടി തെറ്റായിപ്പോയോ എന്നായിരുന്നു ഇയാളുടെ ചോദ്യം. ഇതില്‍ കോലി ചെറുതായി പ്രകോപിതനാകുകയും ചെയ്തു.

''ടീം സെലക്ഷനെ കുറിച്ചാണ്, ധാരാളം ആളുകള്‍ ഇത് പറയുന്നുണ്ട്. ഇഷാന്‍ കിഷന്‍ വാം അപ് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ താരമാണ്. ഇഷാന്‍ കിഷനെ ടീമിലെടുക്കാതിരുന്നത് തെറ്റായിപ്പോയതായി തോന്നുന്നുണ്ടോ. രോഹിത്തിനേക്കാള്‍ നന്നായി ഇഷാന്‍ കിഷന്‍ കളിക്കില്ലായിരുന്നോ?'' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

''അതൊരു ധീരമായ ചോദ്യമാണല്ലോ. നിങ്ങള്‍ എന്താണ് കരുതിയിരിക്കുന്നത് സര്‍? മികച്ചതെന്ന് എനിക്ക് തോന്നുന്ന ഒരു ടീമിനെ വെച്ചാണ് ഞാന്‍ കളിച്ചത്. എന്താണ് നിങ്ങളുടെ അഭിപ്രായം? ട്വന്റി 20 ടീമില്‍ നിന്ന് നിങ്ങള്‍ രോഹിത്തിനെ ഒഴിവാക്കുമോ? കഴിഞ്ഞ കളിയില്‍ ഞങ്ങള്‍ക്കായി അദ്ദേഹം എങ്ങനെയാണ് കളിച്ചതെന്ന് നിങ്ങള്‍ക്കറിയാമോ? അവിശ്വസനീയമായ കാര്യമാണിത് (ചിരിക്കുന്നു). നിങ്ങള്‍ക്ക് വിവാദങ്ങളാണ് വേണ്ടതെങ്കില്‍ ദയവായി എന്നോട് നേരത്തെ പറയണം. എന്നാല്‍ അതിനനുസരിച്ച് എനിക്ക് ഉത്തരം നല്‍കാമല്ലോ.'' - കോലി മറുപടി നല്‍കി.

അതേസമയം ഒരു പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകനാണ് കോലിയോട് ഈ ചോദ്യം ചോദിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യ പാകിസ്താനോട് തോല്‍ക്കുന്ന ആദ്യ മത്സരമായിരുന്നു ഞായറാഴ്ച ദുബായില്‍ നടന്നത്. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 17.5 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ലക്ഷ്യത്തിലെത്തുകയായിരുന്നു.

മത്സരത്തിലെ നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് പുറത്താകുകയും ചെയ്തിരുന്നു.

Content Highlights: icc t20 world cup 2021 virat kohli was left baffled by a couple of questions by journalist

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram