Photo: AFP
ഇസ്ലാമാബാദ്: ട്വന്റി 20 ലോകപ്പില്‍ ന്യൂസീലന്‍ഡിനോടും തോറ്റ് ഇന്ത്യന്‍ ടീമിന്റെ സെമി സാധ്യത അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മുന്‍ താരങ്ങളടക്കം നിരവധി പേരാണ് ഇന്ത്യയുടെ ടീം സെലക്ഷനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ വിഭാഗീയതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസര്‍ ഷുഐബ് അക്തര്‍.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അക്തര്‍ ഇക്കാര്യം ആരോപിച്ചത്. ഇന്ത്യന്‍ ടീമിലെ ഒരു വിഭാഗം കോലിക്കൊപ്പവും മറ്റൊരു വിഭാഗം എതിരുമാണെന്നാണ് അക്തര്‍ പറയുന്നത്.
''എന്തുകൊണ്ടാണ് (ഇന്ത്യന്‍) ടീമില്‍ രണ്ടു വിഭാഗത്തെ എനിക്ക് കാണാനാകുന്നത്. ഒരു വിഭാഗം കോലിക്കൊപ്പവും മറ്റൊരു വിഭാഗം കോലിക്കെതിരെയും. അത് വ്യക്തമാണ്. ടീം വിഭജിക്കപ്പെട്ടതുപോലെയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ ക്യാപ്റ്റന്‍ എന്ന നിലയിലെ കോലിയുടെ അവസാനത്തെ ലോകകപ്പ് ആയതിനാലാവും. ചിലപ്പോള്‍ അദ്ദേഹം (കോലി) തെറ്റായ തീരുമാനങ്ങള്‍ എടുത്തതിനാലാകും. ഏതാണ് ശരി, അറിയില്ല. പക്ഷേ അദ്ദേഹം മഹാനായ ക്രിക്കറ്ററാണ്. നമ്മള്‍ അദ്ദേഹത്തെ ബഹുമാനിക്കാണം.'' - അക്തര്‍ പറഞ്ഞു.
ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ സമീപനത്തെയും അക്തര്‍ വിമര്‍ശിച്ചു. ടോസ് നഷ്ടമായതോടെ കളിക്കാരെല്ലാം നിരാശരായത് പോലെയായിരുന്നു. മോശം കളിയാണ് ഇന്ത്യ കിവീസിനെതിരേ പുറത്തെടുത്തതെന്നും അക്തര്‍ പറഞ്ഞു.
Content Highlights: icc t20 world cup 2021 there may be two camps within indian cricket team says shoaib akhtar