Photo: AP
ദുബായ്: ട്വന്റി 20 മത്സരങ്ങള്‍ എന്നും കാണികള്‍ക്ക് ആവേശം സമ്മാനിക്കുന്നവയാണ്. അതിനാല്‍ തന്നെ ടെസ്റ്റ്, ഏകദിന മത്സരങ്ങളേക്കാള്‍ കൂടുതല്‍ ആളുകള്‍ മത്സരം കാണാന്‍ സാധാരണ സ്‌റ്റേഡിയത്തിലേക്ക് വരാറുണ്ട്.
എന്നാല്‍ ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കാണാന്‍ സ്റ്റേഡിയത്തിലെത്തിയത് ചുരുക്കം ആളുകള്‍ മാത്രമാണ്. ഒഴിഞ്ഞ ഇരിപ്പിടങ്ങളാണ് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലെ മിക്ക ഗാലറികളിലും കാണാനായത്.
മത്സരത്തിന്റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ കണ്ടാല്‍ ഇത് ഒരു ലോകകപ്പിന്റെ ഫൈനല്‍ മത്സരം തന്നെയാണോ എന്ന് സംശയിക്കും.
സാധാരണ ഐസിസി ടൂര്‍ണമെന്റുകളിലെ മത്സരങ്ങള്‍ക്ക് ടിക്കറ്റ് ലഭിക്കാതിരിക്കാറാണ് പതിവ്. അടുത്തിടെ സമാപിച്ച ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനല്‍ കാണാന്‍ കാണികള്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലാണ് ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കാണാന്‍ പകുതി പോലും ആളുകള്‍ വരാതിരുന്നത്.
നേരത്തെ ഫൈനല്‍ മത്സരത്തിന് സ്റ്റേഡിയത്തിലേക്ക് മുഴുവനായും കാണികളെ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ യുഎഇ സര്‍ക്കാരിനോട് അനുവാദം വാങ്ങിച്ചിരുന്നു. എന്നാല്‍ ഒരു ഏഷ്യന്‍ ടീമും ഫൈനലിന് യോഗ്യത നേടാതിരുന്നതോടെ കാണികള്‍ ഫൈനല്‍ കാണാന്‍ അത്ര താല്‍പ്പര്യം പ്രകടിപ്പിക്കാതിരിക്കുകയായിരുന്നു.
നേരത്തെ ടൂര്‍ണമെന്റിലെ സൂപ്പര്‍ 12, സെമിഫൈനല്‍ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തില്‍ ഇതിനേക്കാള്‍ ആളുകള്‍ ഉണ്ടായിരുന്നു. ഇന്ത്യ - പാകിസ്താന്‍ പോരാട്ടത്തിനായിരുന്നു സ്‌റ്റേഡിയം നിറഞ്ഞ് കവിഞ്ഞത്. ഇരു ടീമുകളും ഫൈനല്‍ കാണാതെ പുറത്തായതോടെ ആരാധകരും ടൂര്‍ണമെന്റിനെ കൈവിട്ടു.
25,000 പേരെ ഉള്‍ക്കൊള്ളുന്നതാണ് ദുബായ് രാജ്യാന്തര സ്റ്റേഡിയം. മികച്ച സൗകര്യങ്ങളോട് കൂടിയ സ്‌റ്റേിയവുമാണിത്. അതിനാല്‍ തന്നെ ഫൈനല്‍ മത്സരത്തിന് സ്റ്റേഡിയം നിറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അധികൃതരെ ഞെട്ടിച്ച് നിറഞ്ഞത് 30-35 ശതമാനം സീറ്റുകള്‍ മാത്രമായിരുന്നു.
പ്രത്യേകിച്ചും ഇവിടെ നടന്ന പാകിസ്താന്‍ - അഫ്ഗാനിസ്താന്‍ മത്സരത്തിന് ടിക്കറ്റുകള്‍ കിട്ടാനുണ്ടായിരുന്നില്ല. ടിക്കറ്റ് ലഭിക്കാതിരുന്ന ആളുകള്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച സംഭവവും ഇവിടെയുണ്ടായിരുന്നു. കൂടുതല്‍ പേര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതോടെ സുരക്ഷാ ജീവനക്കാര്‍ക്ക് പ്രധാന കവാടങ്ങളെല്ലാം അടയ്‌ക്കേണ്ടി വന്നു. ഇത് കാരണം ടിക്കറ്റ് ഉണ്ടായിരുന്ന പലര്‍ക്കും മത്സരം കാണാന്‍ സ്റ്റേഡിയത്തിനകത്തേക്ക് കടക്കാന്‍ സാധിക്കാതെ വരികയും ചെയ്തിരുന്നു.
Content Highlights: icc t20 world cup 2021 Small crowd for australia and new zealand final