Photo: AFP, AP
ദുബായ്: ഒടുവില്‍ ട്വന്റി 20 ലോകകപ്പ് കിരീടവും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തതോടെ അപൂര്‍വ നേട്ടത്തിന് ഉടമകളായി ഓസ്‌ട്രേലിയന്‍ താരങ്ങളായ മിച്ചല്‍ മാര്‍ഷും ജോഷ് ഹെയ്‌സല്‍വുഡും.
അണ്ടര്‍-19 ലോകകപ്പ്, ഏകദിന ലോകകപ്പ്, ട്വന്റി 20 ലോകകപ്പ് തുടങ്ങി ഐസിസിയുടെ മൂന്ന് ലോകകപ്പുകളും സ്വന്തമാക്കിയ ഇന്ത്യന്‍ താരം യുവ്‌രാജ് സിങ്ങിന്റെ നേട്ടത്തിനൊപ്പമാണ് ഇരുവരുമെത്തിയത്. ഈ നേട്ടം സ്വന്തമാക്കിയ ഏകതാരം യുവിയായിരുന്നു.
2010-ല്‍ ഓസീസ് ടീമിനൊപ്പം അണ്ടര്‍-19 ലോകകപ്പ് നേടിയ മാര്‍ഷും ഹെയ്‌സല്‍വുഡും 2015-ല്‍ മൈക്കല്‍ ക്ലാര്‍ക്കിനു കീഴില്‍ ഏകദിന ലോകകപ്പിലും മുത്തമിട്ടിരുന്നു. ഇപ്പോഴിതാ ആരോണ്‍ ഫിഞ്ചിനു കീഴില്‍ ട്വന്റി 20 ലോകകപ്പും ഇരുവരും സ്വന്തമാക്കി.
ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരമായ യുവ്‌രാജ് 2000-ലാണ് അണ്ടര്‍-19 ലോകകപ്പില്‍ മുത്തമിടുന്നത്. 2007-ല്‍ പ്രഥമ ട്വന്റി 20 ലോകകപ്പ് ജയത്തിലും പങ്കാളിയായ യുവി 2011-ല്‍ ധോനിയുടെ കീഴില്‍ തന്നെ ഏകദിന ലോകകപ്പും സ്വന്തമാക്കി.
ഞായറാഴ്ച നടന്ന ഫൈനലില്‍ ന്യൂസീലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ തങ്ങളുടെ ആദ്യ ട്വന്റി 20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും ഇരുവര്‍ക്കുമായി.
മാര്‍ഷ് 50 പന്തില്‍ നിന്ന് 77 റണ്‍സുമായി ഓസീസിനെ വിജയത്തിലെത്തിച്ചപ്പോള്‍ ഹെയ്‌സല്‍വുഡ് നാല് ഓവറില്‍ വെറും 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
Content Highlights: icc t20 world cup 2021 mitchell marsh and josh hazlewood join yuvraj singh in elite list