ടോസ് ചതിച്ചെന്ന് ഭരത് അരുണ്‍; ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഐ.പി.എല്‍. ജയിച്ചില്ലേ എന്ന് ഹര്‍ഭജന്‍


1 min read
Read later
Print
Share

Photo: AFP, AP

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായത് ടോസ് നഷ്ടപ്പെട്ടതു മൂലമാണെന്ന ബൗളിങ് കോച്ച് ഭരത് അരുണിന്റെ പ്രസ്താവനയ്‌ക്കെതിരേ മുന്‍താരം ഹര്‍ഭജന്‍ സിങ് രംഗത്ത്.

ഒരു പരിശീലകന്‍ ഇത്തരം ഒഴിവുകഴിവ് പറയുന്നത് മോശമാണെന്ന് ഭാജി തുറന്നടിച്ചു. മോശം പ്രകടനം കാരണമാണ് വിരാട് കോലി നയിച്ച ഇന്ത്യന്‍ ടീം ലോകകപ്പിന്റെ നോക്കൗട്ടിലെത്താതെ പുറത്തായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം അഫ്ഗാനിസ്താന്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് ടൂര്‍ണമെന്റില്‍ നിലനില്‍ക്കാമെന്ന ഇന്ത്യയുടെ അവസാന പ്രതീക്ഷയും അവസാനിച്ചത്.

''ഇന്ത്യ ടോസ് നേടിയിരുന്നെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നു ഇങ്ങനെ ആകുമായിരുന്നു എന്നൊക്കെ ഭരത് അരുണ്‍ പറയുന്നത് ഞാന്‍ കേട്ടു. അതൊക്കെ പിന്നീട് ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ്. ആദ്യം ബാറ്റ് ചെയ്തിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐ.പി.എല്‍. ജയിച്ചിട്ടില്ലേ? അവര്‍ 190 റണ്‍സ് സ്‌കോര്‍ ചെയ്തു, അതാണ് കാര്യം നമ്മള്‍ റണ്‍സ് കണ്ടെത്തണം. നമ്മള്‍ നന്നായി കളിച്ചില്ല, പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയും ചെയ്തില്ല. അക്കാര്യം അംഗീകരിക്കുകയാണ് വേണ്ടത്.'' - ഹര്‍ഭജന്‍ ദേശീയ ചാനലില്‍ നടന്ന ഒരു ചര്‍ച്ചയില്‍ പറഞ്ഞു.

ദുബായില്‍ പ്രത്യേകിച്ചും ടോസ് നേടുന്ന ടീമുകള്‍ക്ക് വലിയ ആനുകൂല്യം ലഭിച്ചിരുന്നുവെന്നും ബയോ ബബിളില്‍ തുടര്‍ച്ചയായി കഴിയേണ്ടി വന്നതിന്റെ അസ്വസ്ഥതയുമാണ് ലോകകപ്പില്‍ തിരിച്ചടിയായതെന്നുമായിരുന്നു ഭരത് അരുണിന്റെ പ്രസ്താവന.

Content Highlights: icc t20 world cup 2021 harbhajan singh on bharat arun toss excuse

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram