Photo: AP
ദുബായ്: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്താനോട് തോറ്റതിനു പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ക്രിക്കറ്റ് ലോകം.
മത്സരത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത അധിക്ഷേപമാണ് താരത്തിന് നേരിടേണ്ടി വന്നത്. ഷമിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെല്ലാം നിരവധി പേരാണ് അധിക്ഷേപ വാക്കുകളുമായി എത്തുന്നത്. താരത്തെ ചതിയനെന്നും പാക് ചാരനെന്നും മറ്റും വിളിച്ചാണ് രോഷം പ്രകടിപ്പിക്കുന്നത്. മത്സരത്തില്‍ ഷമി 3.5 ഓവറില്‍ 43 റണ്‍സ് വഴങ്ങിയിരുന്നു.
ഷമിക്കെതിരായ ആക്രമണങ്ങള്‍ക്കെതിരേ മുന്‍ താരങ്ങളടക്കമുള്ളവര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും താരത്തിന് പിന്തുണ അറിയിച്ചു.
ടീം ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എല്ലാവരേയും പിന്തുണയ്ക്കുന്നുവെന്ന് കുറിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ മറ്റ് കായിക താരങ്ങളെ പോലെ തന്നെ ഷമിക്കും ഒരു മോശം ദിവസമുണ്ടായെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും കുറിച്ചു.
ഷമിക്കെതിരായ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ വീരേന്ദര്‍ സെവാഗ് അദ്ദേഹം ഒരു ചാമ്പ്യനാണെന്നും കുറിച്ചു.
ഇവരെ കൂടാതെ ഇര്‍ഫാന്‍ പത്താന്‍, യുസ്‌വേന്ദ്ര ചാഹല്‍, ഹര്‍ഭജന്‍ സിങ്, ആര്‍.പി സിങ് എന്നിവരും ഷമിക്ക് ട്വിറ്ററില്‍ പിന്തുണ അറിയിച്ചു.
Content Highlights: icc t20 world cup 2021 former players slams online attack on mohammed shami