വിരാട് കോലി| Photo: ANI
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ മകള്‍ വാമികയ്‌ക്കെതിരേ ഓണ്‍ലൈനിലൂടെ ബലാത്സംഗ ഭീഷണി മുഴക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ രാംനാഗേഷ് അലിബതിനിയെയാണ് മുംബൈ പോലീസ് ബുധനാഴ്ച്ച അറസ്റ്റ് ചെയ്തത്. നേരത്തെ ഒരു ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയിലാണ് ഇയാള്‍ ജോലിചെയ്തിരുന്നതെന്നും പോലീസ് വ്യക്തമാക്കി.
ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യാജ പേര് നല്‍കിയ രാംനാഗേഷ് പാകിസ്താനില്‍ നിന്നുള്ള വ്യക്തിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് അന്വേഷണം ആരംഭിച്ച മുംബൈ പോലീസ് ഹൈദരാബാദാണ് ഉറവിടമെന്ന് കണ്ടെത്തുകയും രാംനാഗേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഒക്ടബോര്‍ 24ന് നടന്ന ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍-12 മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതോടെയാണ് കോലിയുടെ ഒമ്പതു മാസം പ്രായമുള്ള മകള്‍ വാമികയ്‌ക്കെതിരേ ബലാത്സംഗ ഭീഷണിയുണ്ടായത്. തുടര്‍ന്ന് കോലിയേയും കുടുംബത്തേയും പിന്തുണച്ച് മുന്‍താരങ്ങളും രാഷ്ട്രീയ നേതാക്കളും ആരാധകരും രംഗത്തെത്തിയിരുന്നു.
ഡല്‍ഹി വനിതാ കമ്മീഷനും ഈ കേസില്‍ ഇടപെട്ടു. കേസ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് കാണിച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍ (ഡി.സി.ഡബ്ല്യു) ഡല്‍ഹി പോലീസിന് നോട്ടീസ് നല്‍കുകയും ചെയ്തു. ഒമ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെതിരേ ട്വിറ്ററിലൂടെ ഉയര്‍ന്ന ഭീഷണികള്‍ ലജ്ജാകരമാണെന്ന് ഡി.സി.ഡബ്ല്യു ചെയര്‍പേഴ്സണ്‍ സ്വീതി മലിവാള്‍ പ്രതികരിച്ചു.
Content Highlights: Hyderabad Man Arrested For Online Rape Threats To Virat Kohli's Daughter