Photo: AFP
ദുബായ്: ഇക്കുറി ട്വന്റി 20 ലോകകപ്പ് വിജയിക്കുക എന്നത് ടീം ഇന്ത്യയ്ക്ക് സ്വപ്നമായിരുന്നെങ്കില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് അതൊരു അനിവാര്യതയായിരുന്നു. ലോകകപ്പ് കഴിഞ്ഞാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറുമെന്ന് കോലി നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2017-ല്‍ ട്വന്റി 20 ക്യാപ്റ്റന്‍സ്ഥാനം ഏറ്റെടുത്ത കോലിക്ക് ഒരു ലോകകപ്പോടെ നായകസ്ഥാനത്തുനിന്ന് വിട നല്‍കാന്‍ ടീം ഇന്ത്യയും ആഗ്രഹിച്ചു. പക്ഷേ, എല്ലാ ആഗ്രഹങ്ങള്‍ക്കും ന്യൂസീലന്‍ഡ് സഡന്‍ ബ്രേക്ക് ഇട്ടു.
ഞായറാഴ്ച ന്യൂസീലന്‍ഡിനോടേറ്റ തോല്‍വി ഇന്ത്യയെ വന്‍ പ്രതിസന്ധിയിലാക്കി. 2019 ഏകദിന ലോകകപ്പ് സെമി ഫൈനലിലും 2021 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയെ തോല്‍പ്പിച്ച കിവികളില്‍നിന്ന് മറ്റൊരു പ്രഹരം കൂടി.
ഇനി ലോകകപ്പ് സെമിഫൈനല്‍ ആഗ്രഹിക്കാനേ കഴിയൂ. അവിടേക്കുള്ള വഴി ഏറക്കുറെ അടഞ്ഞു.
ഗ്രൂപ്പ് രണ്ടില്‍ ആദ്യ മൂന്ന് കളികളും ജയിച്ച പാകിസ്താന്‍ സെമി ഫൈനലിലേക്ക് അടുത്തുകഴിഞ്ഞു. പാകിസ്താന് ഇനി നേരിടാനുള്ളത് നമീബിയ സ്‌കോട്ലന്‍ഡ് എന്നീ ദുര്‍ബല ടീമുകളെയാണ്. ഇന്ത്യയ്ക്കും ന്യൂസീലന്‍ഡിനും അഫ്ഗാനിസ്താന്‍, നമീബിയ, സ്‌കോട്ലന്‍ഡ് ടീമുകള്‍ക്കെതിരേ കളിയുണ്ട്. അവിടെ മൂന്ന് ടീമുകളും വലിയ എതിരാളികളിയാകാനിടയില്ല. ഇരു ടീമുകളും മൂന്ന് കളികളും ജയിച്ചാല്‍, ഇന്ത്യയ്‌ക്കെതിരായ വിജയത്തിന്റെ ആനുകൂല്യത്തില്‍ ന്യൂസീലന്‍ഡ് സെമി ഫൈനലില്‍ എത്തും. ഇനി, ഇന്ത്യ ഇതിലേതെങ്കിലും ടീമിനോട് തോല്‍ക്കുകയും ചെയ്താല്‍ പതനം അതികഠിനമാകും.
ശേഷിക്കുന്ന മത്സരങ്ങളില്‍ ഒന്നില്‍ ന്യൂസീലന്‍ഡ് തോല്‍ക്കുകയും ഇന്ത്യ മൂന്നു കളികളും ജയിക്കുകയും ചെയ്യുക എന്നതാണ് മുന്നിലുള്ള ഒരു സാധ്യത. ന്യൂസീലന്‍ഡിന്റെ തോല്‍വി അഫ്ഗാനിസ്താനോട് ആയാല്‍ പിന്നെയും കുഴയും. ഇന്ത്യയ്ക്കും ന്യൂസീലന്‍ഡിനും അഫ്ഗാനിസ്താനും മൂന്ന് വിജയം വീതമായാല്‍, റണ്‍റേറ്റിലെ മികവ് അഫ്ഗാനിസ്താനെ മുന്നിലെത്തിക്കും.
ശേഷിക്കുന്ന രണ്ടു മത്സരങ്ങളും പാകിസ്താന്‍ തോല്‍ക്കുക എന്ന അത്യദ്ഭുതമാണ് പിന്നീടുള്ള ഒരു സാധ്യത. അപ്പോള്‍ മികച്ച റണ്‍റേറ്റ് പാകിസ്താന് തുണയാകും.
ചുരുക്കത്തില്‍, ഇനി ഇന്ത്യയെ സെമിയിലെത്തിക്കാന്‍ ഇന്ത്യന്‍ കളിക്കാരുടെ മികവ് മാത്രം പോരാ മറ്റു ടീമുകളുടെ പോരായ്മകളും വേണം. ജയം മാത്രം പോരാ, മറ്റു ടീമുകള്‍ തോല്‍ക്കുകകൂടി വേണം.
Content Highlights: How Team India can still finish in top 2 and qualify for knockouts