ക്യാച്ച് നഷ്ടപ്പെടുത്തിയ ഹസ്സൻ അലിയെ ശുഹൈബ് മാലിക്ക് ആശ്വസിപ്പിക്കുന്നു| ഫോട്ടോ: twitter@UsamaKhilji
തകര്‍പ്പന്‍ ഫോമില്‍ കളിച്ചിട്ടും സെമിഫൈനലില്‍ പാകിസ്താന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ വീണുടഞ്ഞു. കാണികളും സമ്മര്‍ദവും സാഹചര്യങ്ങളും എതിര് നിന്നിട്ടും മാത്യു വെയ്ഡിന്റെ ചങ്കുറപ്പില്‍ പാകിസ്താനെ തറപറ്റിച്ച് ഓസ്‌ട്രേലിയ ലോകകപ്പിലേക്ക് ഒരുചുവടു കൂടി അടുത്തു.
ഓസ്‌ട്രേലിയന്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി കൊഴിയുമ്പോള്‍ ആര്‍ത്തലച്ച സ്‌റ്റേഡിയം പെട്ടെന്ന് ശോകമൂകമായി. നിരാശയില്‍ പലരും തലതാഴ്ത്തി. ചിലര്‍ നിര്‍ഭാഗ്യത്തെ പഴിച്ചു. പക്ഷേ തോല്‍വിയില്‍ ആരാധകര്‍ 'കുറ്റവാളി'യെ കണ്ടെത്തിയത് ഹസ്സന്‍ അലിയിലാണ്. ഒരൊറ്റ ക്യാച്ചില്‍ ഹസ്സന്‍ അലി കൈവിട്ടത് ലോകകപ്പ് ആണെന്ന് ആരാധകര്‍ പറയുന്നു. ഒത്തിണക്കത്തോടെ മിന്നും ഫോമില്‍ താരങ്ങളെല്ലാം കളിച്ചിട്ടും നിര്‍ണായക ഘട്ടത്തില്‍ അതിനിര്‍ണായക ക്യാച്ച് അലി നിലത്തിട്ടു.
1999 ല്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ ഗിബ്‌സ് സ്റ്റീവ് വോയുടെ ക്യാച്ച് ആവേശത്തില്‍ കൈവിട്ട് കപ്പ് നഷ്ടപ്പെടുത്തിയതിന് സമം. ക്യാച്ച് സൃഷ്ടിക്കപ്പെടാന്‍ ബൗളറുടെ കഴിവും ബാറ്റ്‌സ്മാന്റെ പിഴവും ഏതെങ്കിലും ഒന്ന് മതി. അതുപോലെ അത് ചോരാതെ കൈയില്‍ ഒതുങ്ങാന്‍ ചിലപ്പോള്‍ ഭാഗ്യത്തിന്റെ അകമ്പടി കൂടി വേണം. നിര്‍ണായകമായ സെമിയില്‍ ടോസില്‍ ഭാഗ്യം ഓസീസിനെ തുണച്ചു. ദുബായിലെ സ്ലോ പിച്ചില്‍ ടോസ് ജയിച്ചാല്‍ പാതി ജയിച്ചുവെന്ന് ആശ്വസിച്ച ഓസീസിനെ ഞെട്ടിച്ച് ലോക നമ്പര്‍ ബബര്‍ അസമും റിസ്വാനും ചേര്‍ന്ന് പാകിസ്താനെ മുന്നോട്ടുനയിച്ചു.
മെല്ലെത്തുടങ്ങിയ റിസ്വാനും ഫഖര്‍ സല്‍മാനും കത്തിക്കയറിയതോടെ പാകിസ്താൻ 20 ഓവറില്‍ നാല് വിക്കറ്റിന് 176 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ കുറിച്ചു. സെമിഫൈനല്‍ പോലെ സമ്മര്‍ദം പരകോടിയിലെത്തുന്ന കളിയില്‍ എതിരാളിക്ക് വെല്ലുവിളിയാകുന്ന സ്‌കോര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ ആദ്യം ഓവറില്‍ തന്നെ ഷഹീന്‍ അഫ്രീദി ഞെട്ടിച്ചു. ക്യാപ്റ്റന്‍ ഫിഞ്ച് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്ത്. ഐപിഎലില്‍ നിറംമങ്ങി ടീമിന് പുറത്തായി ഗ്യാലറിയില്‍ കാഴ്ചക്കാരനായ വാര്‍ണറുടെ ഫോമിലേക്കുള്ള തിരിച്ചുവരവില്‍ പാകിസ്താന്‍ പകച്ചു.
എറിഞ്ഞ എല്ലാ ഓവറിലും ഓരോ വിക്കറ്റ് വീതമെടുത്ത് ഷദാബ് ഖാന്‍ വാര്‍ണറേയും മാര്‍ഷിനേയും സ്മിത്തിനേയും വീഴ്ത്തി കളി തിരിച്ചുപിടിച്ചു. സ്റ്റോയിനിസ് ഇടയ്ക്ക് ചില മിന്നല്‍ ഷോട്ടുകള്‍ പായിച്ചു. അവസാന അഞ്ച് ഓവറില്‍ 62 റണ്‍സ് വേണ്ടിയിരുന്നു ഓസീസിന്. പത്തൊൻപതാം ഓവര്‍ ഷഹീന്‍ അഫ്രീദി എറിയാന്‍ വരുമ്പോള്‍ രണ്ട് ഓവറില്‍ 22 റണ്‍സ് വേണമായിരുന്നു ഓസീസിന്. പതിനഞ്ചാം ഓവറില്‍ കേവലം ആറ് റണ്‍സ് മാത്രം വിട്ടുനല്‍കിയ അതേ അഫ്രീദിയില്‍ പാകിസ്താന്‍ വിക്കറ്റ് വീഴ്ത്തുന്നതും വിജയവും സ്വപ്‌നം കണ്ടു. 19 ഓവറിലെ ആദ്യ പന്തില്‍ റണ്‍സ് വിട്ടുകൊടുത്തില്ല. രണ്ടാം പന്തില്‍ ഒരു റണ്‍സ് ലെഗ്‌ബൈ. മൂന്നാം പന്ത് വൈഡ്.
മൂന്നാം പന്ത് വീണ്ടും എറിഞ്ഞപ്പോള്‍ മിഡ് വിക്കറ്റില്‍ ഹസ്സന്‍ അലിക്ക് പാകത്തിന് ക്യാച്ച് പറന്നിറങ്ങുന്നു. ഓടിയെടുക്കുന്നതിനിടെ ഹസ്സന് പിഴച്ചു പന്ത് നിലത്തിട്ടു. ക്യാച്ച് കൈവിട്ട സമയത്തിനുള്ളില്‍ രണ്ട് റണ്‍സ് വെയ്ഡ് ഓടിയെടുത്തു. ക്യാച്ചെന്ന് ഉറപ്പിച്ച നിമിഷം ആ പന്ത് ഹസ്സന്‍ അലി കൈവിടുന്നത് കണ്ട് ആരാധകര്‍ അവിശ്വസനീയതോടെ നോക്കിനിന്നു. വിക്കറ്റെടുത്ത ആഘോഷത്തിനൊരുങ്ങിയ അഫ്രീഡിയും പകച്ചുപോയി.
9 പന്തില്‍ 18 റണ്‍സ് അപ്പോഴും വേണം. മിന്നല്‍ വേഗത്തില്‍ വന്നാം നാലാം പന്തില്‍ വെയ്ഡിന്റെ സ്‌കൂപ്പ് ഷോട്ട്. പന്ത് ഫൈന്‍ ലെഗിന് മുകളിലൂടെ സിക്‌സ്. അടുത്ത പന്ത് സ്ലോ ബോള്‍. പ്രതീക്ഷിച്ച് നിന്ന വെയ്ഡ് മിഡ് വിക്കറ്റിലൂടെ സിക്‌സര്‍ പറത്തി. അടുത്ത പന്ത് യോര്‍ക്കര്‍. സ്‌കൂപ്പ് ഷോട്ടിലൂടെ ഫൈന്‍ ലെഗിന് മുകളിലൂടെ മൂന്നാമത്തെ സിക്‌സ്. മൂന്നേ മൂന്നു പന്തില്‍ പാകിസ്താന്‍ ക്ലോസ്.
മൂന്നു ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കിയ അഫ്രീദിയുടെ നാലാം ഓവറില്‍ 22 റണ്‍സാണ് വെയ്ഡ് അടിച്ചുകൂട്ടിയത്. ക്യാച്ച് കൈവിട്ട നിമിഷം തകര്‍ന്നുപോയ ഹസ്സന്‍ അലിയെ ആശ്വസിപ്പിക്കാന്‍ ഓടിയെത്തിയ ഷുഹൈബ് മാലിക്കിന്റെ കാഴ്ച കളിയുടെ സ്പിരിറ്റിന് ചേര്‍ന്നതായി. കളിയുടെ ഗതിമാറ്റിയത് നഷ്ടപ്പെടുത്തിയ ക്യാച്ചാണെന്ന് നായകന്‍ ബാബര്‍ അസം പറഞ്ഞു.. 'അത് എടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ ഫലം മറ്റൊന്നാകുമായിരുന്നു. പക്ഷേ ഇതും കളിയുടെ ഭാഗമാണ്. ഞങ്ങളുടെ പ്രധാന കളിക്കാരനാണ് ഹസ്സന്‍ അലി. നിരവധി മത്സരങ്ങള്‍ പാകിസ്താനെ ജയിപ്പിച്ചിട്ടുണ്ട്. നല്ല പോരാളിയാണ് ഹസ്സന്‍ അലി തിരിച്ചുവരും. എല്ലാവരും എല്ലാ ദിവസവും നന്നായി കളിക്കണം എന്നില്ലല്ലോ. അദ്ദേഹത്തിന്റെ ദിവസമായിരുന്നില്ല'-ബബര്‍ പറഞ്ഞു.
ക്യാച്ച് കൈവിട്ട ഹസ്സന്‍ അലിയോടാണ് തോല്‍വിയുടെ എല്ലാ പഴിയും ആരാധകര്‍ തീര്‍ക്കുന്നത്. ട്രോള്‍ ആക്രമണം തുടരുകയാണ്.
Content Highlights : Hasan Ali faces trolls and abuse on social media as his dropped catch of Matthew Wade costs Pakistan T20 World Cup Semi final