മാർട്ടിൻ ഗുപ്റ്റിലിന്റെ ബാറ്റിങ് | Photo: ICC
ദുബായ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയ ശേഷം സ്‌കോട്ട്‌ലന്‍ഡ് വീണു. 17 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ന്യൂസീലന്‍ഡിനെ സ്‌കോട്ട്‌ലന്‍ഡ് തോല്‍പ്പിക്കുമായിരുന്നു. അങ്ങനെയെങ്കില്‍ ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമി ഫൈനലിലെത്താന്‍ ഇന്ത്യക്ക് നേരിയ സാധ്യത അവശേഷിക്കുമായിരുന്നു. പക്ഷേ 16 റണ്‍സിന് സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ന്യൂസീലന്‍ഡ് സെമിയിലേക്ക് ഒരു പടി കൂടി അടുത്തു. ഇനിയുള്ള മത്സരങ്ങളില്‍ അഫ്ഗാനിസ്താനേയും നമീബിയയേയും കീഴടക്കിയാല്‍ ന്യൂസീലന്‍ഡിന് സെമിയിലെത്താം.
173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സ്‌കോട്ട്‌ലന്‍ഡിന് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 56 പന്തില്‍ ആറു ഫോറും ഏഴ് സിക്‌സും സഹിതം 93 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ പ്രകടനമാണ് ന്യൂസീലന്‍ഡിനെ തുണച്ചത്.
20 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സും സഹിതം 42 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മൈക്കല്‍ ലീസ്‌കാണ് സ്‌കോട്ട്‌ലന്‍ഡിന്റെ ടോപ്പ് സ്‌കോറര്‍. എന്നാല്‍ ലീസ്‌കിന് പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. ജോര്‍ജ് മസ്‌നെ 22 റണ്‍സെടുത്തപ്പോള്‍ മാത്യു ക്രോസിന്റെ സമ്പാദ്യം 27 റണ്‍സായിരുന്നു. കെയ്ല്‍ കോറ്റ്‌സര്‍ 17 റണ്‍സും റിച്ചി ബെറിങ്ടണ്‍ 20 റണ്‍സും നേടി. കാലും മക്ലിയോഡ് 12 റണ്‍സെടുത്ത് പുറത്തായി. ന്യൂസീലന്‍ഡിനായി ഇഷ് സോധിയും ട്രെന്റ് ബോള്‍ട്ടും രണ്ട് വീതം വിക്കറ്റ് നേടി. ടിം സൗത്തി ഒരു വിക്കറ്റെടുത്തു.
ആറു ഫോറിന്റേയും ഏഴ് സിക്സിന്റേയും അകമ്പടിയോടെയാണ് കിവീസിനായി ഗുപ്റ്റില്‍ 93 റണ്‍സടിച്ചത്. ഇതോടെ ട്വന്റി-20 ക്രിക്കറ്റില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡ് ഗുപ്റ്റില്‍ സ്വന്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇതിന് മുമ്പ് 3000 ക്ലബ്ബിലെത്തിയത്.
37 പന്തില്‍ 33 റണ്‍സോടെ ഗ്ലെന്‍ ഫിലിപ്സ് ഗുപ്റ്റിലിന് പിന്തുണ നല്‍കി. ഡാരില്‍ മിച്ചല്‍ 13 റണ്‍സെടുത്തപ്പോള്‍ ഒരു റണ്ണായിരുന്നു ഡേവണ്‍ കോണ്‍വേയുടെ സമ്പാദ്യം. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ പൂജ്യത്തിന് പുറത്തായി. ജെയിംസ് നീഷാം 10 റണ്‍സോടെ പുറത്താകാതെ നിന്നു. സ്‌കോട്ട്ലന്‍ഡിനായി ബ്രാഡ് വീലും സ്ഫയാന്‍ ശരീഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാര്‍ക്ക് വാട്ട് ഒരു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ സ്‌കോട്ട്‌ലന്‍ഡ് ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമാണ് ന്യൂസീലന്‍ഡിന്റെ അക്കൗണ്ടിലുള്ളത്. കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ സ്‌കോട്ട്ലന്‍ഡ് അവസാന സ്ഥാനത്താണ്.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം
Content Highlights: T20 World Cup Cricket New Zealand vs Scotland Live Blog