Photo:AFP
ദുബായ്:ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 ലെ നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ. വിന്‍ഡീസ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം വെറും 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷുമാണ് ഓസീസിന് അനായാസ വിജയം സമ്മാനിച്ചത്.
വാര്‍ണര്‍ 56 പന്തുകളില്‍ നിന്ന് 89 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മിച്ചല്‍ മാര്‍ഷ് 53 റണ്‍സ് നേടി. അഞ്ചു മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടിയ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് ടൂർണമെന്റിൽ നിന്ന് പുറത്തായി ഈ വിജയത്തോടെ ഓസ്‌ട്രേലിയ സെമി ഫൈനല്‍ ഏകദേശം ഉറപ്പിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വലിയ വിജയം നേടിയാല്‍ മാത്രമേ ഓസീസിന്റെ സാധ്യതകള്‍ മങ്ങുകയുള്ളൂ.
158 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് നല്‍കിയത്. വാര്‍ണര്‍ അനായാസം ബാറ്റ് ചലിപ്പിച്ചപ്പോള്‍ ഫിഞ്ച് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. ആദ്യ വിക്കറ്റില്‍ ഇരുവരും 33 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ അകിയല്‍ ഹൊസെയ്ന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. ഒന്‍പത് റണ്‍സ് മാത്രമെടുത്ത ഫിഞ്ചിനെ ഹൊസെയ്ന്‍ ക്ലീന്‍ ബൗള്‍ഡാക്കി.
ഫിഞ്ചിന് പകരം മിച്ചല്‍ മാര്‍ഷ് മൂന്നാമനായി ക്രീസിലെത്തി. മാര്‍ഷിനെ സാക്ഷിയാക്കി വാര്‍ണര്‍ തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ ടീം സ്‌കോര്‍ ഉയര്‍ന്നു. 5.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. സമീപകാലത്തായി ഫോം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയിരുന്ന വാര്‍ണര്‍ അതിമനോഹരമായാണ് ബാറ്റ് ചലിപ്പിച്ചത്. വൈകാതെ വെറും 29 പന്തുകളില്‍ നിന്ന് താരം അര്‍ധസെഞ്ചുറി കുറിക്കുകയും ചെയ്തു.
പിന്നാലെ മാര്‍ഷും വാര്‍ണറും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. മാര്‍ഷും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. റസ്സലെറിഞ്ഞ പത്താം ഓവറില്‍ തുടര്‍ച്ചയായി രണ്ട് ഫോറും സിക്‌സും പായിച്ച് മിച്ചല്‍ മാര്‍ഷ് ഓസീസിനെ വിജയത്തിലേക്കടുപ്പിച്ചു. ആദ്യ പത്തോവറില്‍ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സാണ് നേടിയത്. 10.1 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ഒരു സാധ്യതയും നല്‍കാതെയാണ് വാര്‍ണറും മാര്‍ഷും ബാറ്റുവീശിയത്.
വൈകാതെ 67 പന്തുകളില്‍ ഇന്ന് ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും മാര്‍ഷ് അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. 16-ാം ഓവറില്‍ വിജയറണ്‍ നേടാന്‍ ശ്രമിക്കേ മിച്ചല്‍ മാര്‍ഷിനെ ക്രിസ് ഗെയ്ല്‍ പുറത്താക്കി. 32 പന്തുകളില്‍ നിന്ന് രണ്ട് സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 53 റണ്‍സെടുത്ത മാര്‍ഷ് ജേസണ്‍ ഹോള്‍ഡര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
തൊട്ടടുത്ത ഓവറില്‍ ഡേവിഡ് വാര്‍ണര്‍ ടീമിനുവേണ്ടി വിജയറണ്‍ നേടി. 22 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ടീമിന്റെ വിജയം. 56 പന്തുകളില്‍ നിന്ന് 89 റണ്‍സെടുത്ത വാര്‍ണര്‍ ഒന്‍പ്ത ഫോറുകളും നാല് സിക്‌സുകളും പറത്തി. വിന്‍ഡീസിനുവേണ്ടി ഹൊസെയ്‌നും ഗെയ്‌ലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു.44 റണ്‍സടിച്ച നായകന്‍ കീറോണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസിനെ മാന്യമായ സ്‌കോറിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ക്രിസ് ഗെയ്‌ലും എവിന്‍ ലൂയിസുമാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ ഇരുവരും 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ട് സിക്‌സുകള്‍ നേടിക്കൊണ്ട് ഗെയ്ല്‍ ഫോമിലേക്കുയരുമെന്ന് തോന്നിച്ചെങ്കിലും 15 റണ്‍സെടുത്ത താരത്തെ പാറ്റ് കമ്മിന്‍സ് ക്ലീന്‍ ബൗള്‍ഡാക്കി. ഗെയ്‌ലിന് പകരം ക്രീസിലെത്തിയ നിക്കോളാസ് പൂരാനും പിടിച്ചുനില്‍ക്കാനായില്ല. വെറും നാല് റണ്‍സ് മാത്രമെടുത്ത പൂരാനെ ജോഷ് ഹെയ്‌സല്‍വുഡ് മിച്ചല്‍ മാര്‍ഷിന്റെ കൈയ്യിലെത്തിച്ചു.
പൂരന് പകരം ക്രീസിലെത്തിയ റോസ്റ്റണ്‍ ചേസിനെ നിലയുറപ്പിക്കും മുന്‍പ് ഹെയ്‌സല്‍വുഡ് പുറത്താക്കി. രണ്ട് പന്തുകള്‍ മാത്രം നേരിട്ട് റണ്‍സൊന്നുമെടുക്കാതിരുന്ന ചേസിനെ ഹെയ്‌സല്‍വുഡ് ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ വിന്‍ഡീസ് 30 ന് പൂജ്യം വിക്കറ്റ് എന്ന നിലയില്‍ നിന്ന് 35 മൂന്ന് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.
പിന്നീട് ക്രീസിലൊന്നിച്ച ഷിംറോണ്‍ ഹെറ്റ്‌മെയറും എവിന്‍ ലൂയിസും ചേര്‍ന്ന് വിന്‍ഡീസിനെ രക്ഷിച്ചു. ഇരുവരും ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ സ്പിന്നര്‍ ആദം സാംപയെ കൊണ്ടുവന്ന് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഈ കൂട്ടുകെട്ട് പൊളിച്ചു. 29 റണ്‍സെടുത്ത എവിന്‍ ലൂയിസിനെ സാംപ സ്റ്റീവ് സ്മിത്തിന്റെ കൈയ്യിലെത്തിച്ചു.
ലൂയിസിന് പകരമായി ക്രീസിലെത്തിയ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിനെ കൂട്ടുപിടിച്ച് ഹെറ്റ്‌മെയര്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 27 റണ്‍സ് മാത്രമെടുത്ത താരത്തെ ഹെയ്‌സല്‍വുഡ് വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ വിന്‍ഡീസ് 91 ന് അഞ്ച് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.
ശേഷം ക്രീസിലൊന്നിച്ച പൊള്ളാര്‍ഡ്-ഡ്വെയ്ന്‍ ബ്രാവോ സഖ്യം ടീം സ്‌കോര്‍ 100 കടത്തി. 15.1 ഓവറിലാണ് വിന്‍ഡീസ് 100 റണ്‍സിലെത്തിയത്. ബ്രാവോയും പൊള്ളാര്‍ഡും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ടീം സ്‌കോര്‍ പതിയെ ഉയര്‍ന്നു. എന്നാല്‍ സ്‌കോര്‍ 126-ല്‍ നില്‍ക്കേ 10 റണ്‍സെടുത്ത ബ്രാവോയെ മടക്കി ഹെയ്‌സല്‍വുഡ് വീണ്ടും വിന്‍ഡീസിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ബ്രാവോയുടെ ഷോട്ട് ഡേവിഡ് വാര്‍ണര്‍ കൈയ്യിലൊതുക്കി. ബ്രാവോയുടെ വിരമിക്കല്‍ മത്സരം കൂടിയായിരുന്നു ഇത്. അവസാന ഇന്നിങ്‌സില്‍ 12 പന്തുകളില്‍ നിന്ന് 10 റണ്‍സെടുത്ത് ബ്രാവോ മടങ്ങി. ടീം അംഗങ്ങളെല്ലാവരും ബ്രാവോയ്ക്ക് ആശംസകള്‍ നേര്‍ന്നു.
ബ്രാവോ മടങ്ങിയെങ്കിലും മറുവശത്ത് തകര്‍ത്തടിച്ച പൊള്ളാര്‍ഡ് ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ആന്ദ്രെ റസ്സലാണ് ബ്രാവോയ്ക്ക് പകരം ക്രീസിലെത്തിയത്. ടീം സ്‌കോര്‍ 143-ല്‍ നില്‍ക്കേ അവസാന ഓവറില്‍ പൊള്ളാര്‍ഡിനെ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ കൈയ്യിലെത്തിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക് വിന്‍ഡീസിന്റെ ഏഴാം വിക്കറ്റ് വീഴ്ത്തി. 31 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്താണ് പൊളളാര്‍ഡ് മടങ്ങിയത്.
ഓവറിലെ അവസാന രണ്ടുപന്തുകളിലും സിക്‌സ് നേടിക്കൊണ്ട് റസ്സല്‍ ടീം സ്‌കോര്‍ 157-ല്‍ എത്തിച്ചു. റസ്സല്‍ 18 റണ്‍സും ഹോള്‍ഡര്‍ ഒരു റണ്ണെടുത്തും പുറത്താവാതെ നിന്നു.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
Content Highlights: T20 World Cup Cricket Australia vs West Indies