ഓസ്‌ട്രേലിയയുടെ വിക്കറ്റാഘോഷം | Photo: twitter| ICC
ദുബായ്: ട്വന്റി-20 ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി ഓസ്‌ട്രേലിയ. സൂപ്പര്‍ 12 മത്സരത്തില്‍ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. 82 പന്ത് ശേഷിക്കെയാണ് ഓസീസിന്റെ വിജയം.
74 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 6.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി. 18 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടേയും 40 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റേയും വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. മിച്ചല്‍ മാര്‍ഷും (16) ഗ്ലെന്‍ മാക്‌സ്‌വെല്ലും പുറത്താകാതെ നിന്നു. 14 പന്തില്‍ മൂന്നു ഫോറിന്റെ അകമ്പടിയോടെയാണ് വാര്‍ണറുടെ 18 റണ്‍സ്. 20 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും സഹിതമാണ് ഫിഞ്ച് 40 റണ്‍സ് അടിച്ചെടുത്തത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഓസീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 15 ഓവറില്‍ 73 റണ്‍സിന് എല്ലാവരും പുറത്തായി.19 റണ്‍സെടുത്ത ഷമീം ഹുസൈനാണ് ടോപ്പ് സ്‌കോറര്‍. ഓസീസിനായി ആദം സാംപ അഞ്ചു വിക്കറ്റ് വീഴ്ത്തി.
സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ എത്തിയപ്പോഴേക്കും ഓപ്പണര്‍ ലിറ്റണ്‍ ദാസിനെ നഷ്ടപ്പെട്ട ബംഗ്ലാദേശ് പിന്നീട് കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. സൗമ്യ സര്‍ക്കാര്‍ അഞ്ചു റണ്‍സിന് പുറത്തായപ്പോള്‍ ഒരു റണ്ണായിരുന്നു മുഷ്ഫിഖുര്‍ റഹീമിന്റെ സമ്പാദ്യം. മഹ്മൂദുള്ള 16 റണ്‍സിനും മുഹമ്മദ് നയീം 17 റണ്‍സിനും ക്രീസ് വിട്ടു. ആഫിഫ് ഹുസൈനും ഷരീഫുല്‍ ഇസ്ലാമും മെഹ്ദി ഹസ്സനും പൂജ്യത്തിന് പുറത്തായി. തസ്‌കിന്‍ അഹമ്മദ് ആറു റണ്‍സും മുസ്തഫിസുര്‍ റഹ്മാന്‍ നാല് റണ്‍സും നേടി.
നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയാണ് സാംപ അഞ്ചു വിക്കറ്റെടുത്തത്. ജോഷ് ഹെയ്സല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടു വിക്കറ്റ് വീതം നേടി. ഗ്ലെന്‍ മാക്സ്വെല്‍ ഒരു വിക്കറ്റെടുത്തു.
ഗ്രൂപ്പ് ഒന്നില്‍ കളിച്ച അഞ്ച് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് സെമി ഫൈനല്‍ കാണാതെ പുറത്തായി. നാല് മത്സരങ്ങളില്‍ മൂന്നു വിജയവും ഒരു തോല്‍വിയുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഈ ഗ്രൂപ്പില്‍ നിന്ന് ഇംഗ്ലണ്ട് നേരത്തെ സെമിയിലെത്തിയിരുന്നു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം
Content Highlights: T20 world Cup 2021 Australia vs Bangladesh Live Blog