സ്‌കോട്‌ലന്‍ഡിനെ നാലുവിക്കറ്റിന് കീഴടക്കി ചരിത്ര വിജയം സ്വന്തമാക്കി നമീബിയ


4 min read
Read later
Print
Share

ചരിത്രത്തിലാദ്യമായി ട്വന്റി 20 ലോകകപ്പില്‍ കളിച്ച നമീബിയ ആദ്യ മത്സരത്തില്‍ തന്നെ വിജയം സ്വന്തമാക്കി.

Photo: AFP

അബുദാബി: ട്വന്റി 20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിജയം നേടി നമീബിയ. സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെ നാലുവിക്കറ്റിന് തോല്‍പ്പിച്ചാണ് നമീബിയ ചരിത്രം കുറിച്ചത്്. സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 110 റണ്‍സിലേക്ക് ബാറ്റേന്തിയ നമീബിയ 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്‌കോര്‍ സ്‌കോട്‌ലന്‍ഡ് 20 ഓവറില്‍ എട്ടിന് 109. നമീബിയ 19.1 ഓവറില്‍ ആറിന് 115.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയാണ് നമീബിയ വിജയം സ്വന്തമാക്കിയത്. എന്നാല്‍ മറുവശത്ത് സ്‌കോട്‌ലന്‍ഡ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങി. ആദ്യ മത്സരത്തില്‍ ടീം അഫ്ഗാനിസ്താനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ചരിത്രത്തിലാദ്യമായി ട്വന്റി 20 ലോകകപ്പില്‍ കളിച്ച നമീബിയ ആദ്യ മത്സരത്തില്‍ തന്നെ വിജയം സ്വന്തമാക്കി.

110 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച നമീബിയയ്ക്ക് വേണ്ടി ക്രെയ്ഗ് വില്യംസും മൈക്കിള്‍ വാന്‍ ലിങ്ഗനുമാണ് ഓപ്പണ്‍ ചെയ്തത്. ലിങ്ഗന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. വളരെ ശ്രദ്ധിച്ചാണ് ഇരുവരും ബാറ്റ് ചലിപ്പിച്ചത്. വിക്കറ്റ് വീഴാതെ പതിയേ സ്‌കോര്‍ ഉയര്‍ത്താന്‍ ഓപ്പണര്‍മാര്‍ ശ്രമിച്ചു.

ആദ്യ അഞ്ചോവറില്‍ വില്യംസും ലിങ്ഗനും 26 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ആറാം ഓവറില്‍ ഈ കൂട്ടുകെട്ട് പൊളിച്ച് ഷരീഫ് നമീബിയയുടെ ആദ്യ വിക്കറ്റെടുത്തു. 18 റണ്‍സെടുത്ത ലിങ്ഗന്റെ ഷോട്ട് നായകന്‍ ബെറിങ്ടണ്‍ കൈയ്യിലൊതുക്കി.

ലിങ്ഗന് പകരം സെയ്ന്‍ ഗ്രീന്‍ മൂന്നാമനായി ക്രീസിലെത്തി. ഒന്‍പത് ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. എന്നാല്‍ തൊട്ടുപിന്നാലെ ഗ്രീനിനെ മടക്കി ക്രിസ് ഗ്രീവ്‌സ് സ്‌കോട്‌ലന്‍ഡിന് പ്രതീക്ഷ നല്‍കി. ഒന്‍പത് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

പിന്നാലെ വന്ന നായകന്‍ ജെറാര്‍ഡ് എറാസ്മസും നിരാശപ്പെടുത്തി. വെറും നാല് റണ്‍സ് മാത്രമെടുത്ത താരത്തെ മൈക്കിള്‍ ലീസ്‌ക് ക്ലീന്‍ ബൗള്‍ഡാക്കി. എറാസ്മസിന് പകരം പരിചയ സമ്പന്നനായ വിയേസെ ക്രീസിലെത്തി.

തൊട്ടടുത്ത ഓവറില്‍ മികച്ച രീതിയില്‍ കളിച്ച ക്രെയ്ഗ് വില്യംസ് കൂടി പുറത്തായതോടെ നമീബിയ അപകടം മണത്തു. 23 റണ്‍സെടുത്ത വില്യംസിനെ വാട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസ് സ്റ്റംപ് ചെയ്ത് പുറത്താക്കി. വില്യംസിന് പകരം സ്മിറ്റ് ക്രീസിലെത്തി.

സ്മിറ്റും വിയേസെയും ചേര്‍ന്ന് വീണ്ടും കളി നമീബിയയ്ക്ക് അനുകൂലമാക്കി. കൃത്യമായി റണ്‍ ഉയര്‍ത്തി. 17.2 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. എന്നാല്‍ അതേ ഓവറിലെ നാലാം പന്തില്‍ വിയേസെ പുറത്തായി. 14 പന്തുകളില്‍ നിന്ന് 16 റണ്‍സെടുത്ത് ടീമിന് വിജയമുറപ്പിച്ച ശേഷമാണ് വിയേസെ ക്രീസ് വിട്ടത്. വാട്ടാണ് താരത്തെ പറഞ്ഞയച്ചത്. വൈകാതെ സ്മിറ്റ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. സിക്‌സ് നേടിക്കൊണ്ടാണ് താരം ടീമിനെ വിജയത്തിലെത്തിച്ചത്. സ്മിറ്റ് 32 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

സ്‌കോട്‌ലന്‍ഡിനുവേണ്ടി മൈക്കിള്‍ ലീസ്‌ക് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാര്‍ക്ക് വാട്ട്, ക്രിസ് ഗ്രീവ്‌സ്, സഫിയാന്‍ ഷറീഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് മാത്രമാണ് നേടാനായത്. ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ റൂബന്‍ ട്രംപല്‍മാനാണ് സ്‌കോട്‌ലന്‍ഡിനെ തകര്‍ത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്‌ലന്‍ഡിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ സ്‌കോട്‌ലന്‍ഡിന് മൂന്ന് വിക്കറ്റ് നഷ്ടമായി. റൂബന്‍ ട്രംപല്‍മാനാണ് സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് തരിപ്പണമാക്കിയത്. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ജോര്‍ജ് മുന്‍സിയെ ക്ലീന്‍ ബൗള്‍ഡാക്കിയ ട്രംപല്‍മാന്‍ മൂന്നാം പന്തില്‍ കാലം മക്ലിയോഡിനെയും മടക്കി. മക്ലിയോഡിനെ വിക്കറ്റ് കീപ്പര്‍ സെയ്ന്‍ ഗ്രീന്‍ പിടിച്ച് പുറത്താക്കി. പിന്നാലെ വന്ന നായകന്‍ റിച്ചി ബെറിങ്ടണ്‍ ആദ്യ പന്തില്‍ തന്നെ മടങ്ങി. ട്രംപല്‍മാന്റെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

ഇതോടെ ആദ്യ നാലുപന്തില്‍ തന്നെ സ്‌കോട്‌ലന്‍ഡിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ഈ സമയം സ്‌കോര്‍ രണ്ട് റണ്‍സില്‍ മാത്രമാണ് എത്തിയത്. ഈ രണ്ട് റണ്‍സും വൈഡിലൂടെ വന്നതാണ്. ആദ്യ ഓവറില്‍ ട്രംപല്‍മാന്‍ രണ്ട് റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തി.

പിന്നീട് ക്രീസിലൊന്നിച്ച ക്രെയ്ഗ് വാലസും ഓപ്പണര്‍ മാത്യു ക്രോസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. സ്‌കോര്‍ 18-ല്‍ നില്‍ക്കെ നാലുറണ്‍സെടുത്ത ക്രെയ്ഗ് വാലസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഡേവിഡ് വിയേസെ ഈ കൂട്ടുകെട്ട് തകര്‍ത്തു. വാലസിന് പകരം മൈക്കില്‍ ലീസ്‌കാണ് ക്രീസിലെത്തിയത്.

ബാറ്റിങ് പവര്‍പ്ലേയില്‍ സ്‌കോട്‌ലന്‍ഡ് നാലുവിക്കറ്റ് നഷ്ടത്തില്‍ വെറും 22 റണ്‍സ് മാത്രമാണ് നേടിയത്. വാലസിന് പകരം മൈക്കിള്‍ ലീസ്‌ക് ക്രീസിലെത്തി. ലീസ്‌കിനെ കൂട്ടുപിടിച്ച് ക്രോസ് ടീമിനെ മുന്നോട്ടുനയിച്ചു. ആദ്യ പത്തോവറില്‍ സ്‌കോട്‌ലന്‍ഡ് 43 റണ്‍സെടുത്തു. 10.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു.

എന്നാല്‍ യാന്‍ ഫ്രൈലിങ്ക് ഈ കൂട്ടുകെട്ട് പൊളിച്ചു. 19 റണ്‍സെടുത്ത മാത്യു ക്രോസിനെ ബൗള്‍ഡാക്കി ഫ്രൈലിങ് സ്‌കോട്‌ലന്‍ഡിന്റെ അഞ്ചാം വിക്കറ്റ് പിഴുതെടുത്തു. ക്രോസിന് പകരം ക്രിസ് ഗ്രീവ്‌സ് ക്രീസിലെത്തി. ഗ്രീവ്‌സ് വന്നതോടെ ലീസ്‌ക് അടിച്ചുതകര്‍ക്കാന്‍ തുടങ്ങി. മോശം പന്തുകള്‍ കണ്ടെത്തി പ്രഹരിച്ച ലീസ്‌ക് വലിയ തകര്‍ച്ചയില്‍ നിന്ന് ടീമിനെ ഒറ്റയ്ക്ക് രക്ഷപ്പെടുത്തുകയായിരുന്നു.

ഒടുവില്‍ ലീസ്‌കും വീണു. 17-ാം ഓവറിലെ രണ്ടാം പന്തില്‍ സ്മിറ്റ് ലീസ്‌കിനെ ക്ലീന്‍ ബൗള്‍ഡാക്കി. 27 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 44 റണ്‍സെടുത്ത ശേഷമാണ് താരം ക്രീസ് വിട്ടത്.

ലീസ്‌കിന് പകരം മാര്‍ക്ക് വാട്ട് ക്രീസിലെത്തി. എന്നാല്‍ താരത്തിന് പിടിച്ചുനില്‍ക്കാനായില്ല. വെറും മൂന്ന് റണ്‍സെടുത്ത വാട്ടിനെ യാന്‍ ഫ്രൈലിങ്ക് ഇറാസ്മസിന്റെ കൈയ്യിലെത്തിച്ചു. 18.3 ഓവറിലാണ് ടീം സ്‌കോര്‍ 100 കടന്നത്. ക്രിസ് ഗ്രീവ്‌സ് 25 റണ്‍സെടുത്ത് ഇന്നിങ്‌സിലെ അവസാനപന്തില്‍ റണ്‍ ഔട്ടായി.

നമീബിയയ്ക്ക് വേണ്ടി റൂബന്‍ ട്രംപല്‍മാന്‍ നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തി. യാന്‍ ഫ്രൈലിങ്ക് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഡേവിഡ് വിയേസെ ഒരു വിക്കറ്റ് നേടി.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം....

Content Highlights: Namibia vs Scotland ICC Twenty 20 World Cup 2021 Super 12

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram