സ്‌കോട്‌ലന്‍ഡിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ, റണ്‍റേറ്റില്‍ അഫ്ഗാനെ മറികടന്നു


4 min read
Read later
Print
Share

സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 86 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വെറും 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

Photo: twitter.com|T20WorldCup

ദുബായ്:ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ. സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 86 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വെറും 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഈ വിജയത്തോടെ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്താനെ മറികടന്ന് ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയ്ക്കാണ് നിലവില്‍ ഏറ്റവുമധികം നെറ്റ് റണ്‍റേറ്റുള്ളത്‌. സ്‌കോര്‍: സ്‌കോട്‌ലന്‍ഡ് 17.4 ഓവറില്‍ 85 റണ്‍സിന് ഓള്‍ ഔട്ട്, ഇന്ത്യ 6.3 ഓവറില്‍ രണ്ട് വിക്കറ്റിന് 89.

86 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി പതിവുപോലെ കെ.എല്‍.രാഹുലും രോഹിത് ശര്‍മയും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. 7.1 ഓവറിനുളളില്‍ വിജയം നേടിയാല്‍ അഫ്ഗാനിസ്താനെ നെറ്റ് റണ്‍ റേറ്റില്‍ മറികടക്കാനാകും എന്നതിനാല്‍ രാഹുലും രോഹിത്തും ആക്രമിച്ചാണ് കളിച്ചത്. ആദ്യ മൂന്നോവറില്‍ തന്നെ ഇന്ത്യ 39 റണ്‍സടിച്ചു.

രാഹുലായിരുന്നു കൂടുതല്‍ അപകടകാരി. സ്‌കോട്‌ലന്‍ഡ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് രാഹുലും രോഹിതും 3.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ അഞ്ചാം ഓവറിലെ അവസാന പന്തില്‍ രോഹിത് പുറത്തായി. 16 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത രോഹിത്തിനെ ബ്രാഡ് വീല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ വിക്കറ്റില്‍ രാഹുലിനൊപ്പം 70 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് രോഹിത് ക്രീസ് വിട്ടത്.

രോഹിത്തിന് പകരം നായകന്‍ വിരാട് കോലി ക്രീസിലെത്തി. പിന്നാലെ രാഹുല്‍ അര്‍ധശതകം കുറിച്ചു. 18 പന്തുകളില്‍ നിന്നാണ് രാഹുല്‍ അര്‍ധശതകം തികച്ചത്. പക്ഷേ തൊട്ടടുത്ത പന്തില്‍ രാഹുല്‍ പുറത്തായി. മാര്‍ക്ക് വാട്ടിന്റെ പന്തില്‍ സിക്‌സ് നേടാനുള്ള രാഹുലിന്റെ ശ്രമം മക്ലിയോഡിന്റെ കൈയ്യില്‍ അവസാനിച്ചു. 19 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 50 റണ്‍സെടുത്താണ് രാഹുല്‍ ക്രീസ് വിട്ടത്.

പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ സിക്‌സടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചു. വെറും 6.3 ഓവറിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. കോലിയും (2) സൂര്യകുമാറും (6) പുറത്താവാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡിനെ വെറും 85 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ ഓള്‍ ഔട്ടാക്കി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. 24 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് മന്‍സിയാണ് സ്‌കോട്‌ലന്‍ഡിന്റെ ടോപ്‌സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്‌ലന്‍ഡിനുവേണ്ടി നായകന്‍ കൈല്‍ കോട്‌സറും ജോര്‍ജ് മന്‍സിയും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. മന്‍സി അനായാസം ബാറ്റ് ചലിപ്പിച്ചപ്പോള്‍ കോട്‌സര്‍ക്ക് താളം കണ്ടെത്താനായില്ല. മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ വെറും ഒരു റണ്‍സ് മാത്രമെടുത്ത കോട്‌സറെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. ടീം സ്‌കോര്‍ 13 റണ്‍സിലെത്തിയപ്പോഴാണ് കോട്‌സര്‍ മടങ്ങിയത്. ആ ഓവറില്‍ ബുംറ റണ്‍സ് വഴങ്ങിയില്ല.

കോട്‌സറിന് പകരം മാത്യു ക്രോസ് ക്രീസിലെത്തി. നാലാം ഓവറെറിഞ്ഞ അശ്വിനെ തുടര്‍ച്ചയായി മൂന്നുതവണ ബൗണ്ടറി കടത്തി മന്‍സി ടീം സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ അപകടകാരിയായ മന്‍സിയെ പുറത്താക്കി മുഹമ്മദ് ഷമി സ്‌കോട്‌ലന്‍ഡിന്റെ രണ്ടാം വിക്കറ്റെടുത്തു. 19 പന്തുകളില്‍ നിന്ന് 24 റണ്‍സെടുത്ത മന്‍സിയെ ഷമി ഹാര്‍ദിക് പാണ്ഡ്യയുടെ കൈയ്യിലെത്തിച്ചു. ആറാം ഓവര്‍ ഷമി മെയ്ഡനാക്കി.

മന്‍സിയ്ക്ക് പകരം ബെറിങ്ടണ്‍ ക്രീസിലെത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ സ്‌കോട്‌ലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് മാത്രമാണ് എടുത്തത്. നിലയുറപ്പിക്കും മുന്‍പ് ബെറിങ്ടണെ ക്ലീന്‍ ബൗള്‍ഡാക്കി ജഡേജ സ്‌കോട്‌ലന്‍ഡിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. റണ്‍സെടുക്കാതെയാണ് താരം മടങ്ങിയത്. അതേ ഓവറില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത ക്രോസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ കൊടുങ്കാറ്റായി മാറി.ഇതോടെ സ്‌കോട്‌ലന്‍ഡ് ഏഴോവറില്‍ 28 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

പിന്നീട് ക്രീസിലൊന്നിച്ച ക്യാലം മക്ലിയോഡ്-മൈക്കിള്‍ ലീസ്‌ക് സഖ്യം സ്‌കോട്‌ലന്‍ഡ് ടീം സ്‌കോര്‍ 50 കടത്തി. 10.2 ഓവറിലാണ് സ്‌കോട്‌ലന്‍ഡ് 50 കടന്നത്. ഷമിയുടെ ഓവറില്‍ സിക്‌സും ഫോറുമടിച്ച് ലീസ്‌ക് ഫോമിലേക്കുയര്‍ന്നെങ്കിലും തൊട്ടടുത്ത ഓവറില്‍ താരം പുറത്തായി. 12 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത ലീസ്‌കിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി.

ലീസ്‌കിന് പകരം ക്രിസ് ഗ്രീവ്‌സ് ക്രീസിലെത്തി. പക്ഷേ ഗ്രീവ്‌സിനും പിടിച്ചുനില്‍ക്കാനായില്ല. വെറും ഒരു റണ്‍ മാത്രമെടുത്ത ഗ്രീവ്‌സിനെ അശ്വിന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കൈയ്യിലെത്തിച്ചു. ഇതോടെ സ്‌കോട്‌ലന്‍ഡ് 63 റണ്‍സിന് ആറ് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. ഗ്രീവ്‌സിന് പകരം മാര്‍ക്ക് വാട്ടാണ് ക്രീസിലെത്തിയത്.

മക്ലിയോഡും വാട്ടും ചേര്‍ന്ന് ടീം സ്‌കോര്‍ 81-ല്‍ എത്തിച്ചു. എന്നാല്‍ മക്ലിയോഡിനെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. 17-ാം ഓവറിലെ ആദ്യ പന്തില്‍ 16 റണ്‍സെടുത്ത മക്ലിയോഡിനെ ഷമി ക്ലീന്‍ ബൗള്‍ഡാക്കി. മക്ലിയോഡിന് പകരം ക്രീസിലെത്തിയ സഫിയാന്‍ ഷറീഫ് നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്‍ ഔട്ടായി. സബ്ബായി ഇറങ്ങിയ ഇഷാന്‍ കിഷനാണ് താരത്തെ റണ്‍ ഔട്ടാക്കിയത്. പിന്നാലെ വന്ന അലസ്ഡയര്‍ ഇവാന്‍സിനെ മൂന്നാം പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി ഷമി സ്‌കോട്‌ലന്‍ഡിന്റെ ഒന്‍പതാം വിക്കറ്റെടുത്തു. ഹാട്രിക്കല്ലെങ്കിലും ഷമിയെറിഞ്ഞ 17-ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലും വിക്കറ്റ് വീണു. തൊട്ടടുത്ത ഓവറില്‍ വാട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ബുംറ സ്‌കോട്‌ലന്‍ഡിനെ 85 റണ്‍സിന് ഓള്‍ ഔട്ടാക്കി. ഈ വിക്കറ്റോടെ ജസ്പ്രീത് ബുംറ പുതിയൊരു റെക്കോഡ് സ്വന്തമാക്കി. അന്താരാഷ്ട്ര ട്വന്റി 20 യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡാണ് ബുംറ സ്വന്തമാക്കിയത്. യൂസ്വേന്ദ്ര ചാഹലിനെയാണ് ബുംറ മറികടന്നത്.

ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് സ്വന്തമാക്കി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രവിചന്ദ്ര അശ്വിന്‍ ഒരു വിക്കറ്റ് വീഴ്ത്തി.ജഡേജയുടെ ട്വന്റി 20 കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....

Content Highlights: India vs Scotland ICC T20 World Cup 2021 Super 12 Match

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram