വര: ദ്വിജിത്ത്
ദുബായ്: ക്രിക്കറ്റ് ഗ്രൗണ്ടിലെ പോരാട്ടങ്ങളുടെ പോരാട്ടം, ആവേശത്തിന്റെ അലകടല്‍. ട്വന്റി 20 ലോകകപ്പില്‍ അയല്‍ക്കാരായ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുമ്പോള്‍ ഈ ടൂര്‍ണമെന്റിലെ ഏറ്റവും വാശിയേറിയ മത്സരത്തിനാണ് ഇന്ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇന്ത്യ- പാകിസ്താന്‍ കളികള്‍ക്ക് എന്നും കായിക മത്സരത്തിനപ്പുറത്തെ പ്രാധാന്യം കിട്ടാറുണ്ട്. ലോകകപ്പിലാകുമ്പോള്‍ ആ ആവേശം ഇരട്ടിക്കും. മത്സരം വൈകീട്ട് 7.30 മുതല്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍.
ട്വന്റി 20, ഏകദിന ലോകകപ്പുകളില്‍ പാകിസ്താനെതിരേ കളിച്ച 12 മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. ഏകദിന ലോകകപ്പില്‍ ഏഴും ട്വന്റി 20 യില്‍ അഞ്ചും കളികള്‍. ട്വന്റി 20 യിലെ ഒരു മത്സരം സമനിലയായെങ്കിലും ബൗള്‍ ഔട്ടില്‍ വിജയം ഇന്ത്യയ്ക്കായിരുന്നു. ഈ ചരിത്രം ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരും. ഇന്ത്യയും പാകിസ്താനും ഓരോ തവണ ട്വന്റി 20 ലോകകപ്പ് നേടിയിട്ടുണ്ട്. 2007-ലെ പ്രഥമ ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. കഴിഞ്ഞയാഴ്ച ദുബായില്‍ സമാപിച്ച ഐ.പി.എലില്‍ കളിച്ചവരാണ് ഇന്ത്യന്‍ താരങ്ങളെല്ലാം. അതുകൊണ്ടുതന്നെ ഇവിടുത്തെ കാലാവസ്ഥയും പിച്ചും ഏറെ പരിചിതം. പാകിസ്താനും സ്വന്തം നാടുപോലെ പരിചിത സ്ഥലമാണിത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിവരെല്ലാം ഐ.പി.എലിലും അതിനുശേഷം സന്നാഹ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി. സന്നാഹ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയെയും ഇന്ത്യ ആധികാരികമായി തോല്‍പ്പിച്ചു. സന്നാഹ മത്സരത്തില്‍ പാകിസ്താന്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു. ട്വന്റി 20 ബാറ്റിങ്ങില്‍ മുന്‍നിരക്കാരായ ക്യാപ്റ്റന്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് പാകിസ്താന്റെ പ്രധാന ശക്തി. ഇടംകൈയന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിഡിയും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തും.
ശനിയാഴ്ച വെസ്റ്റിന്‍ഡീസ് 55 റണ്‍സിന് പുറത്തായ ദുബായ് സ്റ്റേഡിയത്തിലാണ് ഇന്ത്യ- പാക് മത്സരം. പിച്ച് സ്ലോ ബൗളര്‍മാരെ തുണക്കുമെന്നാണ് പ്രവചനം. പാകിസ്താന്‍ പ്രഖ്യാപിച്ച 12 അംഗ ടീമില്‍ സ്പിന്‍ ബൗളര്‍മാരായ മുഹമ്മദ് ഹഫീസ്, ഇമാദ് വസീം, ഷദാബ് ഖാന്‍ എന്നിവരുണ്ട്.
"പാകിസ്താന്‍ അതിശക്തമായ ടീമാണ്. മത്സരത്തിന്റെ ഗതിമാറ്റാന്‍ ശേഷിയുള്ള ഒട്ടേറെ കളിക്കാര്‍ അവര്‍ക്കൊപ്പമുണ്ട്. ലോകകപ്പില്‍ പാകിസ്താനെതിരേ എല്ലാ കളിയും ജയിച്ചു എന്ന റെക്കോഡിനെപ്പറ്റി ആലോചിച്ചിട്ട് കാര്യമില്ല, ഏറ്റവുംനന്നായി കളിച്ചാലേ ജയിക്കാനാകൂ."- വിരാട് കോലി
"കഴിഞ്ഞകാലത്തെ കുറിച്ചോര്‍ത്ത് ഞങ്ങള്‍ തലപുകയ്ക്കുന്നില്ല. ഈ ലോകകപ്പില്‍ ഞങ്ങളുടെ കരുത്ത് പരമാവധി ഉപയോഗിക്കും. നല്ല ക്രിക്കറ്റ് കളിക്കും, മികച്ച റിസല്‍ട്ടുണ്ടാക്കും. ഞങ്ങള്‍ക്ക് സമ്മര്‍ദങ്ങളില്ല. ശാന്തമനസ്സോടെ മത്സരത്തെ നേരിടും."- ബാബര്‍ അസം
ഇവരാണ് ഗെയിം ചെയിഞ്ചേഴ്‌സ്
ഇന്ത്യ
വിരാട് കോലി- കളി 90, റണ്‍സ് 3159, ഉയര്‍ന്ന സ്‌കോര്‍ 94*, സെഞ്ചുറി/അര്‍ധസെഞ്ചുറി 0/28, സ്ട്രൈക്ക് റേറ്റ് 139.04
രോഹിത് ശര്‍മ- കളി 111, റണ്‍സ് 2864, ഉയര്‍ന്ന സ്‌കോര്‍ 118, സെഞ്ചുറി/അര്‍ധസെഞ്ചുറി 4/22, സ്ട്രൈക്ക് റേറ്റ് 138.96
ലോകേഷ് രാഹുല്‍- കളി 49, റണ്‍സ് 1557, ഉയര്‍ന്ന സ്‌കോര്‍ 110*, സെഞ്ചുറി/അര്‍ധസെഞ്ചുറി 2/12, സ്ട്രൈക്ക് റേറ്റ് 142.19
ഋഷഭ് പന്ത്- കളി 33, റണ്‍സ് 512, ഉയര്‍ന്ന സ്‌കോര്‍ 65*, സെഞ്ചുറി/അര്‍ധസെഞ്ചുറി 0/2, സ്ട്രൈക്ക് റേറ്റ് 123.07
ജസ്പ്രീത് ബുംറ- കളി 50, ഓവര്‍ 179.1, വിക്കറ്റ് 59, മികച്ച ബൗളിങ് 3/11, ഇക്കോണമി 6.66
പാകിസ്താന്‍
ബാബര്‍ അസം- കളി 61, റണ്‍സ് 2204, ഉയര്‍ന്ന സ്‌കോര്‍ 122, സെഞ്ചുറി/അര്‍ധസെഞ്ചുറി 1/20, സ്ട്രൈക്ക് റേറ്റ് 130.64
മുഹമ്മദ് റിസ്വാന്‍- കളി 43, റണ്‍സ് 1065, ഉയര്‍ന്ന സ്‌കോര്‍ 104*, സെഞ്ചുറി/അര്‍ധസെഞ്ചുറി 1/8, സ്ട്രൈക്ക് റേറ്റ് 129.09
മുഹമ്മദ് ഹാഫിസ്- കളി 113, റണ്‍സ് 2429, ഉയര്‍ന്ന സ്‌കോര്‍ 99*, സെഞ്ചുറി/അര്‍ധസെഞ്ചുറി 0/14, സ്ട്രൈക്ക് റേറ്റ് 120.96, വിക്കറ്റ് 60
ഷഹിന്‍ഷാ അഫ്രീദി- കളി 30, ഓവര്‍ 107.2, വിക്കറ്റ് 32, മികച്ച ബൗളിങ് 3/20, ഇക്കോണമി 8.17
ഹസന്‍ അലി- കളി 41, ഓവര്‍ 136.1, വിക്കറ്റ് 52, മികച്ച ബൗളിങ് 4/18, ഇക്കോണമി 8.29
ഏകദിന, ട്വന്റി 20 ലോകകപ്പുകളില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത് 12 വട്ടം. എല്ലാ മത്സരങ്ങളിലും വിജയം ഇന്ത്യക്കായിരുന്നു.
ട്വന്റി 20 ലോകകപ്പില്‍ മുഖാമുഖം വന്നത് അഞ്ചുവട്ടം. ഒന്നിലും ജയിക്കാന്‍ പാകിസ്താന് കഴിഞ്ഞില്ല.
ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരെയുളള ഇന്ത്യയുടെ അഞ്ച് വിജയങ്ങള്‍ കാണാം
Content Highlights: India vs Pakistan Twenty 20 World Cup 2021 Live