Photo: AP
ഷാര്‍ജ:ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയയെ 52 റണ്‍സിന് തകര്‍ത്ത് ന്യൂസീലന്‍ഡ്. നിര്‍ണായക മത്സരത്തില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നമീബിയയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ വിജയത്തോടെ ന്യൂസീലന്‍ഡ് സെമി ഫൈനലിലേക്ക് ഒരു പടി കൂടി അടുത്തു. സ്‌കോര്‍: ന്യൂസീലന്‍ഡ് 20 ഓവറില്‍ നാലിന് 163. നമീബിയ 20 ഓവറില്‍ ഏഴിന് 111.
164 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സ്റ്റെഫാന്‍ ബാര്‍ഡും മൈക്കിള്‍ വാന്‍ ലിങ്ഗനും നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജിമ്മി നീഷാം എറിഞ്ഞ എട്ടാം ഓവറിലെ രണ്ടാം പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് ലിങ്ഗന്‍ പുറത്തായി. 25 റണ്‍സെടുത്ത ലിങ്ഗനെ നീഷാം ക്ലീന്‍ ബൗള്‍ഡാക്കി.
പിന്നാലെ സ്റ്റീഫന്‍ ബാര്‍ഡും പുറത്തായതോടെ നമീബിയ അപകടം മണത്തു. 21 റണ്‍സെടുത്ത ബാര്‍ഡിനെ മിച്ചല്‍ സാന്റ്‌നര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ നായകന്‍ ജെറാര്‍ഡ് ഇറാസ്മസ് നിരാശപ്പെടുത്തി. വെറും മൂന്ന് റണ്‍സ് മാത്രമെടുത്ത താരത്തെ ഇഷ് സോധി ഡെവോണ്‍ കോണ്‍വെയുടെ കൈയ്യിലെത്തിച്ചു. ഇതോടെ നമീബിയ 55 ന് മൂന്ന് എന്ന സ്‌കോറിലേക്ക് വീണു.
മൂന്ന് വിക്കറ്റ് വീണശേഷം ക്രീസിലൊന്നിച്ച സെയ്ന്‍ ഗ്രീനും ഡേവിഡ് വിയേസെയും ചേര്‍ന്ന് നമീബിയയ്ക്ക് പ്രതീക്ഷ പകര്‍ന്നു. ഇരുവരും ടീം സ്‌കോര്‍ 86-ല്‍ എത്തിച്ചു. എന്നാല്‍ തന്ത്രപരമായ ബൗളിങ് മാറ്റം കൊണ്ടുവന്ന കിവീസ് നായകന്‍ വില്യംസണിന്റെ നീക്കം ഫലിച്ചു. 16 റണ്‍സെടുത്ത വിയേസെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ടിം സൗത്തി മത്സരം ന്യൂസീലന്‍ഡിന് അനുകൂലമാക്കി.
വൈകാതെ ഗ്രീനും മടങ്ങി. ഇതോടെ കിവീസ് വിജയമുറപ്പിച്ചു. 23 റണ്‍സെടുത്ത ഗ്രീനിനെ സൗത്തി ബോള്‍ട്ടിന്റെ കൈയ്യിലെത്തിച്ചു. ടീം സ്‌കോര്‍ 100 കടത്തിയശേഷമാണ് ഗ്രീന്‍ മടങ്ങിയത്. ഗ്രീനിന് പകരം ക്രീസിലെത്തിയ നിക്കോള്‍ ലോഫ്റ്റി ഈറ്റണ്‍ അക്കൗണ്ട് തുറക്കും മുന്‍പ് ട്രെന്റ് ബോള്‍ട്ടിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അതേ ഓവറില്‍ തന്നെ പുതുതായി ക്രീസിലെത്തിയ ക്രെയ്ഗ് വില്യംസിനെ മടക്കി ബോള്‍ട്ട് നമീബിയയുടെ ഏഴാം വിക്കറ്റ് പിഴുതു.
ന്യൂസീലന്‍ഡിനായി ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സാന്റ്‌നര്‍, ജിമ്മി നീഷാം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ വലിയ തകര്‍ച്ച നേരിട്ട കിവീസിനെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജിമ്മി നീഷാം-ഗ്ലെന്‍ ഫിലിപ്‌സ് സഖ്യമാണ് മികച്ച സ്‌കോറിലെത്തിച്ചത്. ഇരുവരും 76 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനുവേണ്ടി പതിവുപോലെ മാര്‍ട്ടിന്‍ ഗപ്റ്റിലും ഡാരില്‍ മിച്ചലുമാണ് ഓപ്പണ്‍ ചെയ്തത്. ശ്രദ്ധയോടെ കളിച്ച ഇരുവരും ആദ്യ നാലോവറില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ അപകടകാരിയായ ഗപ്റ്റിലിനെ മടക്കി ഡേവിഡ് വിയേസെ കിവീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. 18 റണ്‍സെടുത്ത ഗപ്റ്റില്‍ റൂബന്‍ ട്രംപല്‍മാന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.
ഗപ്റ്റിലിന് പകരം നായകന്‍ കെയ്ന്‍ വില്യംസണ്‍ ക്രീസിലെത്തി. ഗപ്റ്റിലിന് പിന്നാലെ ഡാരില്‍ മിച്ചലും പുറത്തായത് കിവീസിന് ഇരട്ടപ്രഹരമായി. 15 പന്തുകളില്‍ നിന്ന് 19 റണ്‍സെടുത്ത മിച്ചലിന്റെ ബെര്‍ണാര്‍ഡ് സ്‌കോള്‍ട്‌സ് മൈക്കിള്‍ വാന്‍ ലിംഗെന്റെ കൈയ്യിലെത്തിച്ചു. ഇതോടെ കിവീസ് 43 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായി.
മിച്ചലിന് പകരം ക്രീസിലെത്തിയ ഡെവോണ്‍ കോണ്‍വെയെ കൂട്ടുപിടിച്ച് വില്യംസണ്‍ ടീം സ്‌കോര്‍ 50 കടത്തി. ന്യൂസീലന്‍ഡ് കളിയില്‍ ആധിപത്യം പുലര്‍ത്തിയെന്ന് തോന്നിച്ചെങ്കിലും വില്യംസണെ പുറത്താക്കി നമീബിയ ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തി. 25 പന്തുകളില്‍ നിന്ന് 28 റണ്‍സെടുത്ത വില്യംസണെ ഇറാസ്മസ് ക്ലീന്‍ബൗള്‍ഡാക്കി. പിന്നാലെ കോണ്‍വേ റണ്‍ ഔട്ട് ആയി പുറത്തായതോടെ കിവീസ് അപകടം മണത്തു. 17 റണ്‍സെടുത്ത് കോണ്‍വെയെ ഇറാസ്മസാണ് റണ്‍ ഔട്ടാക്കിയത്. ഇതോടെ കിവീസ് 87 റണ്‍സിന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
അഞ്ചാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ജിമ്മി നീഷാമും ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന് 16.2 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. അവസാന ഓവറുകളില്‍ ഇരുവരും അടിച്ചുതകര്‍ത്തതോടെ കിവീസ് തകര്‍ച്ചയില്‍ നിന്ന് കരകയറി. 19.2 ഓവറില്‍ ടീം സ്‌കോര്‍ 150 കടന്നു. 100 റണ്‍സിലെത്താന്‍ 98 പന്തുകള്‍ വേണ്ടിവന്ന ന്യൂസീലന്‍ഡിന് 150 ലേക്കെത്താന്‍ വെറും 18 പന്തുകളേ വേണ്ടി വന്നുള്ളൂ.
നിഷാം 23 പന്തുകളില്‍ നിന്ന് 35 റണ്‍സെടുത്തും ഫിലിപ്‌സ് 21 പന്തുകളില്‍ നിന്ന് 39 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. നമീബിയയ്ക്ക് വേണ്ടി ഇറാസ്മസ്, വിയേസി, സ്‌കോള്‍ട്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: ICC T20 World Cup Cricket New Zealand vs Namibia