Photo: AFP
അബുദാബി: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെ 20 റണ്‍സിന് പരാജയപ്പെടുത്തി ശ്രീലങ്ക.
ലങ്ക ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സിലെത്താനേ സാധിച്ചുള്ളൂ.
തോല്‍വിയോടെ വിന്‍ഡീസിന്റെ സെമി മോഹങ്ങള്‍ പൂര്‍ണമായും അവസാനിച്ചു. ലങ്ക നേരത്തെ തന്നെ പുറത്തായിരുന്നു.
നിക്കോളാസ് പുരനും ഷിംറോണ്‍ ഹെറ്റ്മയര്‍ക്കും മാത്രമാണ് ലങ്കന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. വിന്‍ഡീസിന്റെ പേരുകേട്ട ബാറ്റിങ് നിരയിലെ മറ്റാര്‍ക്കും തന്നെ അതിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല.
54 പന്തില്‍ നിന്ന് നാലു സിക്‌സും എട്ടു ഫോറുമടക്കം 81 റണ്‍സോടെ പുറത്താകാതെ നിന്ന ഹെറ്റ്മയറാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ഹെറ്റ്മയര്‍ അവസാന ഓവര്‍ വരെ പൊരുതി നോക്കിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല.
നിക്കോളാസ് പുരന്‍ 34 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ആറു ഫോറുമടക്കം 46 റണ്‍സെടുത്തു.
വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ കാത്തിരുന്നത് പതിവ് തകര്‍ച്ചയായിരുന്നു. രണ്ട് ഓവറിനുള്ളില്‍ തന്നെ ഓപ്പണര്‍മാരായ ക്രിസ് ഗെയ്ല്‍ (1), എവിന്‍ ലൂയിസ് (8) എന്നിവര്‍ ഡഗ്ഔട്ടില്‍ തിരിച്ചെത്തി. രണ്ടാം ഓവറില്‍ ബിനുര ഫെര്‍ണാണ്ടോയാണ് ഇരുവരെയും മടക്കിയത്.
ആറാം ഓവറില്‍ ഒമ്പത് റണ്‍സുമായി റോസ്റ്റണ്‍ ചേസും മടങ്ങി. ആന്ദ്രേ റസ്സല്‍ (2), ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാര്‍ഡ് (0) എന്നിവരെല്ലാം പതിവുപോലെ നിരാശപ്പെടുത്തിയതോടെ വിന്‍ഡീസിന് കാര്യങ്ങള്‍ കടുപ്പമായി.
ഡ്വെയ്ന്‍ ബ്രാവോ (2), ജേസണ്‍ ഹോള്‍ഡര്‍ (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ലങ്കയ്ക്കായി ബിനുര ഫെര്‍ണാണ്ടോ, ചാമിക കരുണരത്‌നെ, വാനിന്ദു ഹസരംഗ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ പഥും നിസ്സങ്കയുടെയും ചരിത് അസലങ്കയുടെയും മികവില്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിരുന്നു.
41 പന്തില്‍ നിന്ന് എട്ടു ഫോറും ഒരു സിക്‌സുമടക്കം 68 റണ്‍സെടുത്ത അലസങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.
രണ്ടാം വിക്കറ്റില്‍ നിസ്സങ്കയും അസലങ്കയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 91 റണ്‍സാണ് ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 41 പന്തുകള്‍ നേരിട്ട നിസ്സങ്ക അഞ്ചു ഫോറടക്കം 51 റണ്‍സെടുത്ത് പുറത്തായി.
21 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 29 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് പുറത്തായ മറ്റൊരു താരം.
ക്യാപ്റ്റന്‍ ദസുന്‍ ഷാനക 14 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 25 റണ്‍സോടെ പുറത്താകാതെ നിന്നു.
ശ്രീലങ്കയ്‌ക്കെതിരേ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസ് ടീമില്‍ മാറ്റങ്ങളില്ല. ലങ്കന്‍ ടീമില്‍ ലഹിരു കുമാരയ്ക്ക് പകരം ബിനുര ഫെര്‍ണാണ്ടോ ഇടംനേടി.
Content Highlights: icc t20 world cup 2021 west indies vs sri lanka super 12 match