ആവേശം അവസാന പന്തുവരെ; ബംഗ്ലാദേശിനെ മൂന്നു റണ്‍സിന് പരാജയപ്പെടുത്തി വിന്‍ഡീസ്


2 min read
Read later
Print
Share

മൂന്നാം തോല്‍വിയോടെ ബംഗ്ലാദേശ് സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമായി

Photo: twitter.com|T20WorldCup

ഷാര്‍ജ: ട്വന്റി 20 ലോകകപ്പിലെ മരണ ഗ്രൂപ്പായ ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക പോരാട്ടത്തില്‍ വിന്‍ഡീസിന് ജയം. ബംഗ്ലാദേശിനെതിരേ ആവേശം അവസാന പന്തുവരെ നീണ്ടു നിന്ന മത്സരത്തില്‍ മൂന്നു റണ്‍സിനായിരുന്നു വിന്‍ഡീസ് നിരയുടെ ജയം. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ രണ്ടാമത് ബാറ്റ് ചെയ്ത് പരാജയപ്പെടുന്ന ആദ്യ ടീമാണ് ബംഗ്ലാദേശ്. മൂന്നാം തോല്‍വിയോടെ ബംഗ്ലാദേശ് സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമായി.

വിന്‍ഡീസ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

43 പന്തില്‍ നിന്ന് നാലു ഫോറടക്കം 44 റണ്‍സെടുത്ത ലിട്ടണ്‍ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനായി ഇത്തവണ മുഹമ്മദ് നയീമിനൊപ്പം ഷാക്കിബ് അല്‍ ഹസനാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.

സ്‌കോര്‍ 21-ല്‍ നില്‍ക്കേ 12 പന്തില്‍ നിന്ന് ഒമ്പത് റണ്‍സുമായി ഷാക്കിബ് മടങ്ങി. പിന്നാലെ ആറാം ഓവറില്‍ നയീമിനെയും അവര്‍ക്ക് നഷ്ടമായി. 19 പന്തില്‍ നിന്നും 17 റണ്‍സെടുത്ത താരത്തെ ജേസണ്‍ ഹോള്‍ഡറാണ് മടക്കിയത്.

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച സൗമ്യ സര്‍ക്കാരും ലിട്ടണ്‍ ദാസും ചേര്‍ന്ന് ബംഗ്ലാ സ്‌കോര്‍ 60 വരെയെത്തിച്ചു. 11-ാം ഓവറില്‍ സൗമ്യ സര്‍ക്കാരിനെ മടക്കി അകെല്‍ ഹൊസെയ്ന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 13 പന്തില്‍ നിന്ന് 17 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

14-ാം ഓവറില്‍ ഫോമിലുള്ള മുഷ്ഫിഖുര്‍ റഹീമും (8) മടങ്ങിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ലിറ്റണ്‍ ദാസ് - ക്യാപ്റ്റന്‍ മഹ്മദുള്ള സഖ്യം ടീമിനെ 130 വരെയെത്തിച്ചു. 19-ാം ഓവറില്‍ ലിട്ടണ്‍ ദാസ് മടങ്ങിയത് ബംഗ്ലാദേശിന് തിരിച്ചടിയായി.

അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് ഒമ്പത് റണ്‍സ് മാത്രമാണ് നേടാനായത്. മഹ്മദുള്ള 24 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 31 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തിരുന്നു.

വിന്‍ഡീസിന്റെ പേരുകേട്ട വെടിക്കെട്ട് ബാറ്റിങ്നിരയെ പിടിച്ചുകെട്ടാന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കായി. എങ്കിലും മൂന്നിലേറെ ക്യാച്ചുകളും സ്റ്റമ്പിങ് അവസരവുമാണ് ബംഗ്ലാദേശ് താരങ്ങള്‍ കളഞ്ഞുകുളിച്ചത്.

എവിന്‍ ലൂയിസ് (6), ക്രിസ് ഗെയ്ല്‍ (4), ഷിംറോണ്‍ ഹെറ്റ്മയര്‍ (9), ആന്ദ്രേ റസ്സല്‍ (0), ഡ്വെയ്ന്‍ ബ്രാവോ (1) എന്നിവരെല്ലാം തന്നെ ബാറ്റിങ്ങില്‍ പരാജയമായി.

22 പന്തില്‍ നിന്ന് നാലു സിക്സും ഒരു ഫോറുമടക്കം 40 റണ്‍സെടുത്ത നിക്കോളാസ് പുരന്റെ ബാറ്റിങ്ങാണ് വിന്‍ഡീസിനെ 100 കടത്തിയത്.

റോസ്റ്റണ്‍ ചേസ് 46 പന്തുകള്‍ നേരിട്ട് 39 റണ്‍സെടുത്തു. വെറും രണ്ടു ബൗണ്ടറി മാത്രമാണ് ചേസിന്റെ ഇന്നിങ്സില്‍ ഉണ്ടായിരുന്നത്.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജേസണ്‍ ഹോള്‍ഡര്‍ വെറും അഞ്ചു പന്തില്‍ നിന്ന് 15 റണ്‍സെടുത്തു. ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാര്‍ഡ് 18 പന്തില്‍ നിന്ന് 14 റണ്‍സുമായി പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഷോരിഫുള്‍ ഇസ്ലാം എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് വെസ്റ്റിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

Content Highlights: icc t20 world cup 2021 west indies vs bangladesh live updates

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram