Photo: twitter.com|T20WorldCup
ദുബായ്: ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഒന്നിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം.
ഓസീസ് നിര 20 ഓവറില്‍ കഷ്ടിച്ച് എത്തിപ്പിടിച്ച 125 റണ്‍സ് ഇംഗ്ലണ്ട് ബാറ്റിങ് നിര വെറും 11.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
ഗ്രൂപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു. തകര്‍ത്തടിച്ച ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിന്റെ ജയം എളുപ്പമാക്കിയത്. 32 പന്തുകള്‍ നേരിട്ട ബട്ട്‌ലര്‍ അഞ്ചു വീതം സിക്‌സും ഫോറുമടക്കം 71 റണ്‍സോടെ പുറത്താകാതെ നിന്നു.
ജേസണ്‍ റോയ് (22), ഡേവിഡ് മലാന്‍ (8) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ജോണി ബെയര്‍സ്‌റ്റോ 11 പന്തില്‍ നിന്ന് 16 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 20 ഓവറില്‍ 125 റണ്‍സിന് ഓള്‍ഔട്ടായി.
കണിശതയോടെ പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായത് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനും ഏഴാമന്‍ ആഷ്ടണ്‍ അഗറിനും മാത്രമാണ്.
49 പന്തില്‍ നിന്ന് നാലു ഫോറടക്കം 44 റണ്‍സെടുത്ത ഫിഞ്ചാണ് അവരുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്റെ ഇന്നിങ്സാണ് ടീമിനെ 100 കടത്തിയത്. അഗര്‍ 20 പന്തില്‍ നിന്ന് രണ്ടു സിക്സടക്കം 20 റണ്‍സെടുത്തു. ആറാം വിക്കറ്റില്‍ ഈ സഖ്യം കൂട്ടിച്ചേര്‍ത്ത 47 റണ്‍സാണ് ഓസീസ് ഇന്നിങ്സിലെ മികച്ച കൂട്ടുകെട്ട്.
ഡേവിഡ് വാര്‍ണര്‍ (1), സ്റ്റീവ് സ്മിത്ത് (1), ഗ്ലെന്‍ മാക്സ്വെല്‍ (6), മാര്‍ക്കസ് സ്റ്റോയ്നിസ് (0), മാത്യു വെയ്ഡ് (18) എന്നിവര്‍ക്കൊന്നും തന്നെ ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
പാറ്റ് കമ്മിന്‍സ് മൂന്ന് പന്തില്‍ നിന്ന് 12 റണ്‍സെടുത്ത് പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്ക് ആറു പന്തില്‍ നിന്ന് 13 റണ്‍സെടുത്ത് ഇന്നിങ്സിന്റെ അവസാന പന്തില്‍ പുറത്തായി.
നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദാനാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ തിളങ്ങിയത്. ക്രിസ് വോക്സും മില്‍സും രണ്ടു വിക്കറ്റെടുത്തു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: icc t20 world cup 2021 super 12 england vs australia live updates