Photo: afp
ഷാര്‍ജ: ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടിലെ തങ്ങളുടെ അവസാന മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനെ 72 റണ്‍സിന് തകര്‍ത്ത് സെമി പ്രവേശനം ആഘോഷമാക്കി പാകിസ്താന്‍.
ഗ്രൂപ്പ് രണ്ടില്‍ നിന്ന് മുഴുവന്‍ കളികളും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് പാക് ടീമിന്റെ സെമി പ്രവേശനം. നവംബര്‍ 11-ന് നടക്കുന്ന സെമിയില്‍ ഓസ്‌ട്രേലിയയാണ് പാകിസ്താന്റെ എതിരാളികള്‍.
പാകിസ്താന്‍ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌കോട്ട്‌ലന്‍ഡിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
അര്‍ധ സെഞ്ചുറി നേടിയ റിക്കി ബെറിങ്ടണാണ് സ്‌കോട്ട്‌ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. 37 പന്തുകള്‍ നേരിട്ട ബെറിങ്ടണ്‍ 1 സിക്‌സും 4 ഫോറുമടക്കം 54 റണ്‍സോടെ പുറത്താകാതെ നിന്നു.
ജോര്‍ജ് മന്‍സി (17), മൈക്കല്‍ ലീസ്‌ക് (14) എന്നിവര്‍ മാത്രമാണ് ബെറിങ്ടണെ കൂടാതെ സ്‌കോട്ട്‌ലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത്.
ക്യാപ്റ്റന്‍ കൈല്‍ കോട്ട്‌സര്‍ (9), മാത്യു ക്രോസ് (5), ഡൈലന്‍ ബഡ്ജ് (0), ക്രിസ് ഗ്രീവെസ് (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
പാകിസ്താനു വേണ്ടി ഷദാബ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും ഷുഐബ് മാലിക്കിന്റെയും മികവിലാണ് നാലു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തത്.
ഈ ലോകകപ്പിലെ മികച്ച പ്രകടനം തുടര്‍ന്ന ബാബര്‍ 47 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 66 റണ്‍സെടുത്തു.
ഡെത്ത് ഓവറുകളില്‍ തകര്‍ത്തടിച്ച ഷുഐബ് മാലിക്കാണ് പാകിസ്താനെ 189-ല്‍ എത്തിച്ചത്. വെറും 18 പന്തുകള്‍ നേരിട്ട മാലിക്ക് ആറു സിക്സും ഒരു ഫോറുമടക്കം 54 റണ്‍സോടെ പുറത്താകാതെ നിന്നു.
19 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 31 റണ്‍സെടുത്ത മുഹമ്മദ് ഹഫീസും പാക് ടീമിനായി തിളങ്ങി.
മുഹമ്മദ് റിസ്വാന്‍ (15), ഫഖര്‍ സമാന്‍ (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
മൂന്നാം വിക്കറ്റില്‍ ബാബര്‍-ഹഫീസ് സഖ്യം പാകിസ്താനായി 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
Content Highlights: icc t20 world cup 2021 pakistan vs scotland super 12