Photo: AFP
അബുദാബി: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയയെ 45 റണ്‍സിന് തകര്‍ത്ത് പാകിസ്താന്‍. ഗ്രൂപ്പിലെ നാലാം ജയത്തോടെ പാക് ടീം സെമിയിലെത്തി. ഇംഗ്ലണ്ടാണ് നേരത്തെ സെമിയിലെത്തിയ ടീം
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. കരുത്തരായ പാക് നിരയ്‌ക്കെതിരേ പൊരുതി നോക്കിയാണ് നമീബിയ കീഴടങ്ങിയത്.
31 പന്തില്‍ നിന്ന് 2 സിക്‌സും 3 ഫോറുമടക്കം 43 റണ്‍സോടെ പുറത്താകാതെ നിന്ന ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്‌കോറര്‍.
37 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 40 റണ്‍സെടുത്ത ക്രെയ്ഗ് വില്യംസും ടീമിനായി തിളങ്ങി.
29 റണ്‍സെടുത്ത ഓപ്പണര്‍ സ്റ്റീഫന്‍ ബാര്‍ഡും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
മൈക്കല്‍ വാന്‍ ലിംഗെന്‍ (4), ക്യാപ്റ്റന്‍ ജെറാര്‍ഡ് എറാമസ് (15), ജെ.ജെ സ്മിത്ത് എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
പാകിസ്താനായി ഹസന്‍ അലി, ഇമാദ് വസീം, ഹാരിസ് റൗഫ്, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടിയ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ 189 റണ്‍സെടുത്തു.
സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത മുഹമ്മദ് റിസ്വാന്‍ - ബാബര്‍ അസം ഓപ്പണിങ് സഖ്യം തന്നെയാണ് ഇത്തവണയും പാക് ഇന്നിങ്സിന്റെ നട്ടെല്ല്. 113 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
50 പന്തില്‍ നിന്ന് എട്ടു ഫോറും നാലു സിക്സുമടക്കം 79 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍.
ബാബര്‍ അസം 49 പന്തില്‍ നിന്ന് ഏഴു ഫോറടക്കം 70 റണ്‍സെടുത്ത് പുറത്തായി.
മൂന്നാം വിക്കറ്റില്‍ റിസ്വാനും മുഹമ്മദ് ഹഫീസും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 67 റണ്‍സാണ് പാക് ടീമിനെ 189-ല്‍ എത്തിച്ചത്. 16 പന്തുകള്‍ നേരിട്ട ഹഫീസ് അഞ്ചു ഫോറടക്കം 32 റണ്‍സോടെ പുറത്താകാതെ നിന്നു.
അഞ്ചു റണ്‍സെടുത്ത ഫഖര്‍ സമാനാണ് പുറത്തായ മറ്റൊരു പാക് താരം.
Content Highlights: icc t20 world cup 2021 pakistan vs namibia live updates