കിവീസിനോടും തോറ്റു; ഇന്ത്യയുടെ സെമി സാധ്യത തുലാസില്‍


3 min read
Read later
Print
Share

ഗ്രൂപ്പിലെ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ അനിശ്ചിതത്വത്തിലായി

Photo: twitter.com|ICC

ദുബായ്: ട്വന്റി 20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു.

ഗ്രൂപ്പിലെ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ അനിശ്ചിതത്വത്തിലായി. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്താനോട് 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു.

35 പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 49 റണ്‍സെടുത്ത ഡാരില്‍ മിച്ചെലാണ് കിവീസ് ജയം ഏളുപ്പമാക്കിയത്. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണൊപ്പം 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും മിച്ചെലിനായി.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 31 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 33 റണ്‍സോടെ പുറത്താകാതെ നിന്നു. ഡെവോണ്‍ കോണ്‍വെ രണ്ടു റണ്‍സെടുത്തു.

17 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 20 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് പുറത്തായ മറ്റൊരു താരം.

ഇതോടെ 2003-ന് ശേഷം ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയോട് തോറ്റിട്ടില്ലെന്ന റെക്കോഡ് കിവീസ് നിലനിര്‍ത്തി.

കിവീസ് ഇന്നിങ്‌സില്‍ വീണ രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയത് ജസ്പ്രീത് ബുംറയാണ്. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയാണ് ബുംറ രണ്ടു വിക്കറ്റെടുത്തത്.

ഇനിയുള്ള മത്സരങ്ങളില്‍ അഫ്ഗാനിസ്താന്‍, സ്‌കോട്ലന്‍ഡ്, നമീബിയ എന്നിവരെ തോല്‍പ്പിച്ചാലും ഇന്ത്യ സെമിയിലെത്താന്‍ സാധ്യത കുറവാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളുടെയും ഫലം ടീമിന്റെ നെറ്റ് റണ്‍റേറ്റിനെ ബാധിച്ച സാഹചര്യത്തിലാണിത്.

നേരത്തെ ന്യൂസീലന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ ബാറ്റിങ് മറന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 110 റണ്‍സ് മാത്രമായിരുന്നു.

അച്ചടക്കത്തോടെ പന്തെറിഞ്ഞ കിവീസ് ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ അനങ്ങാന്‍ അനുവദിച്ചില്ല. ഇന്നിങ്‌സിനിടെ 10 ഓവറുകളോളം ഒരു ബൗണ്ടറി പോലും നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നത് കിവീസ് ബൗളര്‍മാരുടെ മികവ് എടുത്ത് കാട്ടുന്നു.

19 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 26 റണ്‍സോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. ഇഷാന്‍ കിഷന്‍ - കെ.എല്‍ രാഹുല്‍ ഓപ്പണിങ് സഖ്യത്തിന് കൂട്ടിച്ചേര്‍ക്കാനായത് 11 റണ്‍സ് മാത്രം. നാലു റണ്‍സെടുത്ത കിഷനെ മൂന്നാം ഓവറില്‍ തന്നെ ട്രെന്റ് ബോള്‍ട്ട് മടക്കി.

പിന്നാലെയെത്തിയ രോഹിത് ആദ്യ പന്തില്‍ തന്നെ പുറത്താകേണ്ടതായിരുന്നെങ്കിലും താരത്തിന്റെ ക്യാച്ച് ആദം മില്‍നെ നിലത്തിടുകയായിരുന്നു. തുടര്‍ന്ന് ആറാം ഓവറില്‍ കെ.എല്‍ രാഹുലിനെ മടക്കി ടിം സൗത്തി ഇന്ത്യയെ ഞെട്ടിച്ചു. 16 പന്തില്‍ നിന്ന് മൂന്ന് ഫോറടക്കം 18 റണ്‍സ് മാത്രമാണ് രാഹുലിന് നേടാനായത്.

ഇതിനു പിന്നാലെ പ്രതീക്ഷ നല്‍കിയ രോഹിത് ശര്‍മ എട്ടാം ഓവറില്‍ മടങ്ങിയതോടെ ഇന്ത്യ ശരിക്കും പ്രതിരോധത്തിലായി. 14 പന്തില്‍ നിന്ന് ഒരു സിക്‌സും ഫോറുമടക്കം 14 റണ്‍സെടുത്ത രോഹിത്തിനെ ഇഷ് സോദി മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ കൈകളിലെത്തിച്ചു. പിന്നാലെ വിരാട് കോലിയേയും മടക്കിയ സോദി ഇന്ത്യയുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കി. 17 പന്തില്‍ നിന്ന് വെറും ഒമ്പത് റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്.

തുടര്‍ന്ന് ക്രീസിലൊന്നിച്ച ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയെ 70 റണ്‍സ് വരെയെത്തിച്ചു. 19 പന്തുകള്‍ നേരിട്ട് 12 റണ്‍സ് മാത്രമെടുത്ത ഋഷഭ് ആദം മില്‍നെയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങി.

ഇതിനിടെ ആറാം ഓവറില്‍ ഒരു ബൗണ്ടറി കണ്ടെത്തിയ ഇന്ത്യയ്ക്ക് പിന്നീടൊന്ന് നേടാന്‍ 17-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. ഹാര്‍ദിക് പാണ്ഡ്യയാണ് ഒടുവില്‍ ഈ ബൗണ്ടറി വരള്‍ച്ച അവസാനിപ്പിച്ചത്.

24 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയെ 19-ാം ഓവറില്‍ ബോള്‍ട്ട് മടക്കി. ഒരു ബൗണ്ടറി മാത്രമാണ് വെടിക്കെട്ട് താരമായ ഹാര്‍ദിക്കിന് നേടാനായത്.

നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടെന്‍ഡ് ബോള്‍ട്ടാണ് കിവീസ് ബൗളര്‍മാരില്‍ തിളങ്ങിയത്. നാല് ഓവറില്‍ വെറും 17 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയും മികച്ച പ്രകടനം പുറത്തെടുത്തു.

നേരത്തെ നിര്‍ണായക മത്സരത്തിലും ടോസ് നഷ്ടമായ ഇന്ത്യയ്‌ക്കെതിരേ ന്യൂസീലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. പരിക്കേറ്റ സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷനും ഭുവനേശ്വര്‍ കുമാറിന് പകരം ഷാര്‍ദുല്‍ താക്കൂറും ടീമിലെത്തി. ന്യൂസീലന്‍ഡ് നിരയില്‍ ടിം സീഫര്‍ട്ടിനു പകരം ആദം മില്‍നെ ഇടംനേടി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: icc t20 world cup 2021 india vs new zealand super 12 clash live updates

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram