Photo: twitter.com|BCCI
അബുദാബി: ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനിസ്താനെ 66 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റുമായി തിളങ്ങി.
ജയിച്ചെങ്കിലും സെമിയിലെത്താന്‍ ഇന്ത്യയ്ക്ക് നേരിയ സാധ്യത മാത്രമാണുള്ളത്. അതും അഫ്ഗാന്‍, ന്യൂസീലന്‍ഡ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും.
22 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ഫോറുമായി 42 റണ്‍സോടെ പുറത്താകാതെ നിന്ന കരീം ജന്നത്താണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.
വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. സ്‌കോര്‍ 13-ല്‍ നില്‍ക്കേ മുഹമ്മദ് ഷഹ്‌സാദിനെ (0) മുഹമ്മദ് ഷമിയും ഹസ്‌റത്തുള്ള സസായിയെ (13) ജസ്പ്രീത് ബുംറയും പുറത്താക്കി.
തുടര്‍ന്ന് റഹ്മാനുള്ള ഗുര്‍ബാസും ഗുല്‍ബാദിന്‍ നയ്ബും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചെങ്കിലും ഏഴാം ഓവറില്‍ ഗുര്‍ബാസിനെ (19) രവീന്ദ്ര ജഡേജയുടെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ മികച്ചൊരു ക്യാച്ചിലൂടെ മടക്കി.
പിന്നാലെ ഗുല്‍ബാദിന്‍ നയ്ബിനെ (18) അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ അഫ്ഗാന്റെ റണ്‍റേറ്റ് താഴ്ന്നു. 12-ാം ഓവറില്‍ നജിബുള്ള സദ്രാനെയും (11) മടക്കി അശ്വിന്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങിയാണ് അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയത്.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച മുഹമ്മദ് നബി - കരീം ജന്നത്ത് സഖ്യമാണ് അഫ്ഗാന്‍ സ്‌കോര്‍ 100 കടത്തിയത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
32 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 35 റണ്‍സെടുത്ത മുഹമ്മദ് നബിയെ പുറത്താക്കി ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
നേരത്തെ അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തിരുന്നു. ഈ ലോകകപ്പില്‍ ഇതുവരെ ഒരു ടീം നേടിയ ഉയര്‍ന്ന സ്‌കോറാണിത്.
രോഹിത് ശര്‍മ - കെ.എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. അര്‍ധ സെഞ്ചുറി നേടിയ ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 14.4 ഓവറില്‍ 140 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.
47 പന്തില്‍ നിന്ന് മൂന്ന് സിക്‌സും എട്ടു ഫോറുമടക്കം 74 റണ്‍സെടുത്ത രോഹിത്തിനെ പുറത്താക്കി കരീം ജന്നത്താണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ 17-ാം ഓവറില്‍ രാഹുലും മടങ്ങി. 48 പന്തില്‍ നിന്ന് രണ്ടു സിക്‌സും ആറു ഫോറുമടക്കം 69 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും വെറും 22 പന്തില്‍ നിന്ന് 63 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തു.
ഋഷഭ് 13 പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 27 റണ്‍സെടുത്തു. 13 പന്തുകള്‍ നേരിട്ട പാണ്ഡ്യ രണ്ട് സിക്‌സും നാലു ഫോറുമടക്കം 35 റണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്താന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: icc t20 world cup 2021 india vs afghanistan super 12 live updates