Photo: twitter.com|T20WorldCup
ദുബായ്: ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഡേവിഡ് വാര്‍ണര്‍ ഫോമിലേക്ക് തിരികെയെത്തിയ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം.
ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 ഘട്ടത്തില്‍ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം ഓസീസ് 17 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറാണ് ഓസീസിനായി തിളങ്ങിയത്. 42 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 10 ഫോറടക്കം 65 റണ്‍സെടുത്തു. വ്യക്തിഗത സ്‌കോര്‍ 18-ല്‍ നില്‍ക്കേ ദുഷ്മാന്ദ ചമീരയുടെ ബൗളിങ്ങില്‍ വാര്‍ണര്‍ നല്‍കിയ അനായാസമായ ക്യാച്ച് വിക്കറ്റ് കീപ്പര്‍ കുശാല്‍ പെരേര നിലത്തിട്ടത് ലങ്കയ്ക്ക് തിരിച്ചടിയായി.
155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് വാര്‍ണര്‍ - ആരോണ്‍ ഫിഞ്ച് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 6.5 ഓവറില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
23 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 37 റണ്‍സെടുത്ത ഫിഞ്ചിനെ പുറത്താക്കി ഷാനകയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ (5) പെട്ടെന്ന് മടങ്ങി. എന്നാല്‍ പിന്നീടെത്തിയ സ്റ്റീവ് സ്മിത്ത് നിലുറപ്പിച്ചതോടെ ഓസീസ് മത്സരം സ്വന്തമാക്കുകയായിരുന്നു. വാര്‍ണര്‍ 15-ാം ഓവറില്‍ മടങ്ങി. തുടര്‍ന്നെത്തിയ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് തകര്‍ത്തടിച്ച് ഓസീസിനെ വിജയത്തിലെത്തിച്ചു. തുടർച്ചയായ രണ്ടാം ജയത്തോടെ ഓസീസ് സെമി സാധ്യത സജീവമാക്കി.
സ്മിത്ത് 26 പന്തില്‍ നിന്ന് ഒരു ഫോറടക്കം 28 റണ്‍സോടെ പുറത്താകാതെ നിന്നു. സ്‌റ്റോയ്‌നിസ് ഏഴു പന്തുകള്‍ നേരിട്ട് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 16 റണ്‍സെടുത്തു. ലങ്കയ്ക്കായി വാനിന്ദു ഹസരംഗ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തിരുന്നു.
35 റണ്‍സ് വീതമെടുത്ത കുശാല്‍ പെരേരയും ചരിത് അസലങ്കയുമാണ് ലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍. ഇരുവരും നല്‍കിയ മികച്ച തുടക്കം മുതലാക്കാന്‍ ഭാനുക രജപക്സ ഒഴികെ പിന്നീട് വന്ന ലങ്കന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല.
26 പന്തുകള്‍ നേരിട്ട് ഒരു സിക്സും നാലു ഫോറുടക്കം 33 റണ്‍സോടെ പുറത്താകാതെ നിന്ന ഭാനുക രജപക്സയാണ് ലങ്കന്‍ സ്‌കോര്‍ 150 കടത്തിയത്.
9.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെന്ന മികച്ച നിലയില്‍ നിന്ന് ലങ്ക 154 റണ്‍സില്‍ ഒതുങ്ങിയത്.
നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ആദം സാംപയാണ് ഓസീസ് ബൗളര്‍മാരില്‍ തിളങ്ങിയത്. പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ പഥും നിസ്സങ്കയെ (7) നഷ്ടമായി. പാറ്റ് കമ്മിന്‍സാണ് താരത്തെ പുറത്താക്കിയത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച കുശാല്‍ പെരേര - ചരിത് അസലങ്ക സഖ്യം ഓസീസ് ബൗളിങ്ങിനെ കടന്നാക്രമിച്ചപ്പോള്‍ ലങ്കന്‍ സ്‌കോര്‍ ബോര്‍ഡ് ടോപ് ഗിയറിലായി. രണ്ടാം വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യത്തെ പത്താം ഓവറിലാണ് ഓസീസിന് പിരിക്കാനായത്. 27 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 35 റണ്‍സെടുത്ത അസലങ്കയെ മടക്കി ആദം സാംപയാണ് ഓസീസിന് നിര്‍ണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
പിന്നാലെ 11-ാം ഓവറില്‍ കുശാല്‍ പെരേരയെ മിച്ചല്‍ സ്റ്റാര്‍ക്ക് മടക്കിയതോടെ ലങ്കയുടെ സ്‌കോറിങ്ങിന് വേഗം കുറഞ്ഞു. 25 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കമാണ് പെരേര 35 റണ്‍സെടുത്തത്.
അവിഷ്‌ക ഫെര്‍ണാണ്ടോ (4), വാനിന്ദു ഹസരംഗ (4), ദസുന്‍ ഷാനക (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ചാമിക കരുണരത്നെ ഒമ്പത് റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: icc t20 world cup 2021 australia vs sri lanka live updates