Photo: twitter.com|T20WorldCup
ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടിലെ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരേ അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി പാകിസ്താന്‍.
അഫ്ഗാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ബാക്കിനില്‍ക്കേ പാകിസ്താന്‍ മറികടന്നു. ഗ്രൂപ്പിൽ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പാകിസ്താന്‍ സെമി ഉറപ്പാക്കുകയും ചെയ്തു.
47 പന്തില്‍ നിന്ന് നാലു ഫോറടക്കം 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍.
കളിയില്‍ അഫ്ഗാനിസ്താന്‍ മേല്‍ക്കൈ നേടിനില്‍ക്കേ കരീം ജന്നത്തിന്റെ 19-ാം ഓവറില്‍ നാലു സിക്‌സറുകള്‍ പറത്തിയ ആസിഫ് അലിയാണ് പാക് ടീമിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ആസിഫ് വെറും ഏഴു പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.
148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് തുടക്കത്തില്‍ തന്നെ ഫോമിലുള്ള മുഹമ്മദ് റിസ്വാനെ നഷ്ടമായിരുന്നു. എട്ടു റണ്‍സെടുത്ത താരത്തെ മൂന്നാം ഓവറില്‍ മുജീബുര്‍ റഹ്മാനാണ് മടക്കിയത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ബാബര്‍ അസമിനൊപ്പം ഫഖര്‍ സമാന്‍ ഒന്നിച്ചതോടെ അഫ്ഗാനിസ്താന്‍ പ്രതിരോധത്തിലായി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
25 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 30 റണ്‍സെടുത്ത ഫഖര്‍ സമാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് നബിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
വൈകാതെ 10 പന്തില്‍ നിന്ന് 10 റണ്‍സുമായി മുഹമ്മദ് ഹഫീസും മടങ്ങി. തുടര്‍ന്ന് ബാബറും ഷുഐബ് മാലിക്കും ചേര്‍ന്ന് സ്‌കോര്‍ 122 വരെയെത്തിച്ചു. 17-ാം ഓവറിലെ അവസാന പന്തില്‍ ബാബറിനെ മടക്കി റാഷിദ് ഖാന്‍ അഫ്ഗാനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു.
പിന്നാലെ 18-ാം ഓവറില്‍ മാലിക്കിനെ മടക്കി നവീന്‍ ഉള്‍ ഹഖ് പാകിസ്താനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. 15 പന്തില്‍ നിന്ന് 19 റണ്‍സെടുത്താണ് മാലിക്ക് മടങ്ങിയത്. എന്നാല്‍ 19-ാം ഓവറില്‍ ആസിഫ് തകര്‍ത്തടിച്ചതോടെ പാകിസ്താന്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.
നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത മുജീബുര്‍ റഹ്മാനും നാല് ഓവറില്‍ 26 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത റാഷിദ് ഖാനും അഫ്ഗാന്‍ ബൗളര്‍മാരില്‍ തിളങ്ങി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു.
12.5 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെന്ന നിലയിലായിരുന്ന അഫ്ഗാനെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മുഹമ്മദ് നബി - ഗുല്‍ബാദിന്‍ നയ്ബ് സഖ്യമാണ് 147-ല്‍ എത്തിച്ചത്. ഏഴാം വിക്കറ്റില്‍ ഒന്നിച്ച ഇരുവരും 71 റണ്‍സാണ് അഫ്ഗാന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്.
32 പന്തുകള്‍ നേരിട്ട നബി അഞ്ചു ഫോറടക്കം 35 റണ്‍സോടെ പുറത്താകാതെ നിന്നു. ഗുല്‍ബാദിന്‍ നയ്ബ് 25 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും നാലു ഫോറുമടക്കം 35 റണ്‍സെടുത്തു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 5.1 ഓവറിനുള്ളില്‍ 39 റണ്‍സെടുക്കുന്നതിനിടെ ഹസ്‌റത്തുള്ള സസായ് (0), മുഹമ്മദ് ഷഹ്‌സാദ് (8), അസ്ഗര്‍ അഫ്ഗാന്‍ (10), റഹ്മാനുള്ള ഗുര്‍ബാസ് (10) എന്നിവര്‍ പവലിയനിലേക്ക് മടങ്ങി.
തുടര്‍ന്ന് കരീം ജന്നത്തും നജിബുള്ള സദ്രാനും ചേര്‍ന്ന് സ്‌കോര്‍ 64 വരെയെത്തിച്ചു. പത്താം ഓവറില്‍ കരീം ജന്നത്തിനെ (15) ഇമാദ് വസീം മടക്കി. 13-ാം ഓവറില്‍ സദ്രാനും (22) മടങ്ങിയതോടെ അഫ്ഗാന്‍ പ്രതിസന്ധിയിലായി.
എന്നാല്‍ മുഹമ്മദ് നബി - ഗുല്‍ബാദിന്‍ നയ്ബ് സഖ്യം ക്രീസില്‍ ഒന്നിച്ചതോടെ അഫ്ഗാന്‍ സ്‌കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിച്ചു തുടങ്ങി.
പാകിസ്താനു വേണ്ടി ഇമാദ് വസീം രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: icc t20 world cup 2021 afghanistan vs pakistan live updates