Photo: AFP
അബുദാബി: ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ന്യൂസീലന്‍ഡ് ഫൈനലില്‍.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ശേഷിക്കേ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ന്യൂസീലന്‍ഡ് മറികടന്നു.
ഡാരില്‍ മിച്ചല്‍, ഡെവോണ്‍ കോണ്‍വെ, ജിമ്മി നീഷാം എന്നിവരുടെ ഇന്നിങ്‌സുകളാണ് കിവീസിന് ജയമൊരുക്കിയത്. ഇതോടെ 2019 ഏകദിന ലോകകപ്പ് ഫൈനല്‍ പരാജയത്തിന് പകരം ചോദിക്കാനും കിവീസിനായി.
നാളത്തെ പാകിസ്താന്‍ - ഓസ്‌ട്രേലിയ മത്സര വിജയികളെ 14-ാം തീയതി നടക്കുന്ന ഫൈനലില്‍ ന്യൂസീലന്‍ഡ് നേരിടും.
47 പന്തില്‍ നിന്ന് 4 സിക്‌സും 4 ഫോറുമടക്കം 72 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്.
167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ക്രിസ് വോക്‌സിന്റെ മൂന്നാം പന്തില്‍ തന്നെ നാലു റണ്‍സുമായി മാര്‍ട്ടിന്‍ ഗുപ്റ്റില്‍ മടങ്ങി. ആ ആഘാതത്തില്‍ നിന്ന് കരകയറും മുമ്പ് മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെയും (5) വോക്‌സ് മടക്കി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡാരില്‍ മിച്ചല്‍ - ഡെവോണ്‍ കോണ്‍വെ സഖ്യം ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. ഇരുവരും കിവീസിനെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 95 വരെയെത്തിച്ചു. 38 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 46 റണ്‍സെടുത്ത കോണ്‍വെയെ മടക്കി ലിയാം ലിവിങ്‌സ്റ്റണാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പതിയെയായിരുന്നു സ്‌കോറിങ്ങെങ്കിലും നിര്‍ണായകമായ 82 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഈ സഖ്യത്തിനായി. പിന്നാലെ 16-ാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്പ്‌സിനെയും (2) ലിവിങ്സ്റ്റണ്‍ മടക്കി.
കളി ഇംഗ്ലണ്ടിന്റെ കൈയിലിരിക്കെ ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ 17-ാം ഓവറില്‍ 23 റണ്‍സടിച്ച ജിമ്മി നീഷമാണ് മത്സരം കിവീസിന് അനുകൂലമാക്കി തിരിച്ചത്.
11 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 27 റണ്‍സെടുത്ത നീഷമിനെ 18-ാം ഓവറില്‍ ആദില്‍ റഷീദ് മടക്കിയെങ്കിലും ഉറച്ചുനിന്ന ഡാരില്‍ മിച്ചല്‍ കിവീസിനെ ഫൈനലിലെത്തിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തിരുന്നു.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡേവിഡ് മലാന്‍ - മോയിന്‍ അലി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 37 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 51 റണ്‍സോടെ പുറത്താകാതെ നിന്ന മോയിന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. ആദ്യ രണ്ട് ഓവറുകള്‍ക്ക് ശേഷം ജോസ് ബട്ട്ലര്‍ താളം കണ്ടെത്തിയതോടെ ഇംഗ്ലണ്ട് സ്‌കോര്‍ കുതിച്ചു. സ്‌കോര്‍ 37-ല്‍ നില്‍ക്കേ പരിക്കേറ്റ് പുറത്തായ ജേസണ്‍ റോയിക്ക് പകരം ഓപ്പണറായെത്തിയ ജോണി ബെയര്‍സ്റ്റോടെ (13) ഇംഗ്ലണ്ടിന് നഷ്ടമായി. കെയ്ന്‍ വില്യംസന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ബെയര്‍സ്റ്റോ പുറത്തായത്.
വൈകാതെ അപകടകാരിയായ ബട്ട്ലറെ ഇഷ് സോധി മടക്കി. 24 പന്തില്‍ നിന്ന് നാലു ബൗണ്ടറിയടക്കം 29 റണ്‍സെടുത്ത് ബട്ട്ലര്‍ മടങ്ങിയത് കിവീസിന് ആശ്വാസമായി.
എന്നാല്‍ തുടര്‍ന്ന് ക്രീസിലൊന്നിച്ച ഡേവിഡ് മലാന്‍ - മോയിന്‍ അലി സഖ്യം ഇംഗ്ലണ്ടിനെ ട്രാക്കിലാക്കി. മൂന്നാം വിക്കറ്റില്‍ 63 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ 100 കടത്തിയത്.
30 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 42 റണ്‍സെടുത്ത നലാനെ മടക്കി 16-ാം ഓവറില്‍ ടിം സൗത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
തുടര്‍ന്ന് ലിയാം ലിവിങ്സ്റ്റണൊപ്പം നാലാം വിക്കറ്റില്‍ മോയിന്‍ അലി 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 10 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത ലിവിങ്സ്റ്റണ്‍ അവസാന ഓവറിലാണ് പുറത്തായത്.
നേരത്തെ ഇംഗ്ലണ്ടിനെതിരേ ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ന്യൂസീലന്‍ഡ് കളത്തിലിറങ്ങിയത്. ഇംഗ്ലണ്ട് ടീമില്‍ പരിക്കേറ്റ ജേസണ്‍ റോയിക്ക് പകരം സാം ബില്ലിങ്സ് ഇടംനേടി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: icc t20 world cup 2021 1st semi final england vs new zealand live updates