Photo: ANI
ഷാര്‍ജ: 2021 ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ 26 റണ്‍സിന് കീഴടക്കിയാണ് ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പി. സ്‌കോര്‍: ഇംഗ്ലണ്ട് 20 ഓവറില്‍ നാലിന് 163. ശ്രീലങ്ക 19 ഓവറില്‍ 137 ന് ഓള്‍ ഔട്ട്
സൂപ്പര്‍ 12-ല്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളിലും വിജയിച്ചാണ് ഇംഗ്ലണ്ട് സെമി ഫൈനലില്‍ പ്രവേശിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 19 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടായി.
164 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ പതും നിസ്സംഗ പുറത്തായി. അനാവശ്യ റണ്ണിന് ശ്രമിച്ച താരത്തെ മോര്‍ഗന്‍ റണ്‍ ഔട്ടാക്കുകയായിരുന്നു. ഒരു റണ്‍സ് മാത്രമാണ് നിസ്സംഗയുടെ സമ്പാദ്യം.
നിസ്സംഗയ്ക്ക് പകരം ചരിത് അസലങ്ക ക്രീസിലെത്തി. ബൗണ്ടറിയും സിക്‌സുമെല്ലാം നേടിക്കൊണ്ട് അസലങ്ക ടീം സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും അനാവശ്യ ഷോട്ട് കളിച്ച് താരം ആദില്‍ റഷീദിന് വിക്കറ്റ് സമ്മാനിച്ചു. റഷീദിന്റെ പന്തില്‍ സിക്‌സ് നേടാനുള്ള അസലങ്കയുടെ ശ്രമം മോയിന്‍ അലിയുടെ കൈയ്യിലൊതുങ്ങി. 16 പന്തുകളില്‍ നിന്ന് 21 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
പിന്നാലെ കുശാല്‍ പെരേരയെയും റഷീദ് മടക്കി. വെറും ഏഴ് റണ്‍സെടുത്ത താരത്തെ റഷീദ് മോര്‍ഗന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ശ്രീലങ്ക 34 ന് മൂന്ന് എന്ന സ്‌കോറിലേക്ക് വീണു. പിന്നീട് ക്രീസിലൊന്നിച്ച ആവിഷ്‌ക ഫെര്‍ണാണ്ടോയും ഭനുക രജപക്‌സെയും ചേര്‍ന്ന് ഏഴോവറില്‍ ടീം സ്‌കോര്‍ 50 കടത്തി.
എന്നാല്‍ ഒന്‍പതാം ഓവറില്‍ ഫെര്‍ണാണ്ടോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ക്രിസ് ജോര്‍ദാന്‍ ശ്രീലങ്കയുടെ നാലാം വിക്കറ്റെടുത്തു. 13 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഫെര്‍ണാണ്ടോയ്ക്ക് പകരം ഡാസണ്‍ ശനക ക്രീസിലെത്തി. ശനകയെ കൂട്ടുപിടിച്ച് രജപക്‌സെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടാന്‍ ശ്രമിച്ചു. പക്ഷേ 11-ാം ഓവറില്‍ 18 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത താരത്തെ ക്രിസ് വോക്‌സ് ജേസണ്‍ റോയിയുടെ കൈയ്യിലെത്തിച്ചു. ഇതോടെ ശ്രീലങ്കയ്ക്ക് അഞ്ചുവിക്കറ്റ് നഷ്ടമായി.
രജപക്‌സെയ്ക്ക് പകരം വാനിന്‍ഡു ഹസരംഗ ക്രീസിലെത്തി. ഹസരംഗ ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ശ്രീലങ്കയ്ക്ക് ജീവന്‍വെച്ചു. 13.3 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. ഇരുവരും നന്നായി ബാറ്റുവീശിയതോടെ ശ്രീലങ്കന്‍ ക്യാമ്പില്‍ വിജയപ്രതീക്ഷയുണര്‍ന്നു. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ഇതോടെ ഇംഗ്ലണ്ട് അപകടം മണത്തു.
എന്നാല്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയതിനുപിന്നാലെ ലിയാം ലിവിങ്സ്റ്റണ്‍ ഹസരംഗയെ പുറത്താക്കി.21 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്ത ഹസരംഗയെ ജേസണ്‍ റോയിയാണ് പുറത്താക്കാന്‍ കാരണമായത്. ബൗണ്ടറി ലൈനില്‍ നിന്നും പന്ത് കൈയ്യിലൊതുക്കിയ റോയ് ബൗണ്ടറിയിലേക്ക്കടക്കുംമുന്‍പ് പന്ത് സാം ബില്ലിങ്‌സിന് കൈമാറി. ഇതോടെ ശ്രീലങ്ക വീണ്ടും തകര്‍ച്ചയിലേക്ക് വീണു.
ഹസരംഗയ്ക്ക് പകരം ചമിക കരുണരത്‌നെ ക്രീസിലെത്തി. തൊട്ടടുത്ത ഓവറില്‍ ശനകയെ റണ്‍ ഔട്ടാക്കി ജോസ് ബട്‌ലര്‍ ശ്രീലങ്കയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. 25 പന്തില്‍ നിന്നും 26 റണ്‍സാണ് ശ്രീലങ്കന്‍ നായകന്‍ നേടിയത്. അതേ ഓവറില്‍ നാലുറണ്‍സെടുത്ത ചമീരയെ ജോര്‍ദാന്‍ ഡേവിഡ് മലാന്റെ കൈയ്യിലെത്തിച്ചു.
അവസാന രണ്ടോവറില്‍ ശ്രീലങ്കയുടെ വിജയലക്ഷ്യം 30 റണ്‍സായിരുന്നു. 19-ാം ഓവറില്‍ കരുണരത്‌നയെ മടക്കി മോയിന്‍ അലി ശ്രീലങ്കയുടെ ഒന്‍പതാം വിക്കറ്റെടുത്തു. അതേ ഓവറില്‍ തീക്ഷണയെയും പുറത്താക്കി അലി ഇംഗ്ലണ്ടിന് 26 റണ്‍സിന്റെ വിജയം സമ്മാനിച്ചു.
ഇംഗ്ലണ്ടിനുവേണ്ടി ആദില്‍ റഷീദും ക്രിസ് ജോര്‍ദാനും മോയിന്‍ അലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ലിയാം ലിവിങ്‌സ്റ്റണും ക്രിസ് വോക്‌സും ഒരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. തകര്‍ത്തടിച്ച ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിന് നെടുംതൂണായത്. നായകന്‍ ഒയിന്‍ മോര്‍ഗനും മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ഒരു ഘട്ടത്തില്‍ 35 റണ്‍സിന് മൂന്ന് എന്ന സ്‌കോറില്‍ നിന്ന ഇംഗ്ലണ്ടിനെ ബട്‌ലര്‍ രക്ഷിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനുവേണ്ടി ജേസണ്‍ റോയിയും ജോസ് ബട്‌ലറുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ തന്നെ 12 റണ്‍സടിച്ച് ഇരുവരും നന്നായി തുടങ്ങിയെങ്കിലും രണ്ടാം ഓവറില്‍ ജേസണ്‍ റോയിയെ ക്ലീന്‍ ബൗള്‍ഡാക്കി വാനിന്‍ഡു ഹസരംഗ ഇംഗ്ലണ്ടിന് തിരിച്ചടി നല്‍കി. ആറുപന്തുകളില്‍ നിന്ന് ഒന്‍പത് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
റോയ്ക്ക് പകരം ഡേവിഡ് മലാനാണ് ക്രീസിലെത്തിയത്. വിക്കറ്റ് വീണതോടെ ഇംഗ്ലണ്ട് അതീവ ശ്രദ്ധയോടെയാണ് ബാറ്റുവീശിയത്. എന്നാല്‍ മലാനെ ക്ലീന്‍ ബൗള്‍ഡാക്കി ശ്രീലങ്കന്‍ നായകന്‍ ദുഷ്മന്ത ചമീര ഇംഗ്ലണ്ടിനെ വിറപ്പിച്ചു. വെറും ആറ് റണ്‍സ് മാത്രമാണ് മലാന്റെ സമ്പാദ്യം.
പിന്നാലെ വന്ന ജോണി ബെയര്‍സ്‌റ്റോ നേരിട്ട ആദ്യ പന്തില്‍ തന്നെ ഹസരംഗയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. കയറിയടിക്കാന്‍ ശ്രമിച്ച ബെയര്‍സ്റ്റോയെ ഹസരംഗ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ഇംഗ്ലണ്ട് 35 ന് മൂന്ന് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ബെയര്‍സ്‌റ്റോയ്ക്ക് പകരം നായകന്‍ ഒയിന്‍ മോര്‍ഗന്‍ ക്രീസിലെത്തി.
റണ്‍സ് കണ്ടെത്താന്‍ മോര്‍ഗനും ബട്‌ലറും കഷ്ടപ്പെട്ടതോടെ ആദ്യ പത്തോവറില്‍ ഇംഗ്ലണ്ടിന് വെറും 47 റണ്‍സ് മാത്രമാണ് നേടാനായത്. 10.1 ഓവറിലാണ് ടീം സ്‌കോര്‍ 50 കടന്നത്. സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞതോടെ ബട്‌ലര്‍ ആക്രമിച്ച് കളിക്കാന്‍ ആരംഭിച്ചു. കരുണരത്‌നെയെറിഞ്ഞ 13-ാം ഓവറില്‍ തുടര്‍ച്ചയായി ഫോറും സിക്‌സും നേടിക്കൊണ്ട് ബട്‌ലര്‍ ഫോമിലേക്കുയര്‍ന്നു. വൈകാതെ താരം അര്‍ധസെഞ്ചുറിയും നേടി. 45 പന്തുകളില്‍ നിന്നാണ് ബട്‌ലര്‍ അര്‍ധസെഞ്ചുറിയിലെത്തിയത്.
മോര്‍ഗനും പതിയേ ആക്രമിക്കാന്‍ തുടങ്ങിയതോടെ മത്സരത്തിലേക്ക് ഇംഗ്ലണ്ട് തിരിച്ചെത്തി. 15 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. ആദ്യ 50 റണ്‍സ് നേടാന്‍ ഇംഗ്ലണ്ട് 10.1 ഓവറെടുത്തപ്പോള്‍ പിന്നീടുള്ള 50 റണ്‍സിന് വെറും 4.5 ഓവറേ വേണ്ടി വന്നുള്ളൂ.
ടീം സ്‌കോര്‍ 100 കടന്ന ശേഷം ബട്‌ലര്‍ അപകടകാരിയായി മാറി. തുടര്‍ച്ചയായി സിക്‌സും ഫോറും പായിച്ച് ബട്‌ലര്‍ അപകടം വിതച്ചു. മോര്‍ഗന്റെ പിന്തുണ കൂടി ലഭിച്ചതോടെ ഇംഗ്ലണ്ട് തകര്‍ച്ചയില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ കുതിച്ചുയര്‍ന്നു. ശ്രീലങ്കന്‍ നായകന്‍ ശനക എറിഞ്ഞ 18-ാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറുമടിച്ച് ബട്‌ലര്‍ ആഞ്ഞടിച്ചു. മോര്‍ഗനും ബട്‌ലറും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.
19-ാം ഓവറില്‍ കൂറ്റനടിയ്ക്ക് ശ്രമിച്ച മോര്‍ഗനെ ഹസരംഗ ക്ലീന്‍ ബൗള്‍ഡാക്കി. 36 പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറിയുടെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 40 റണ്‍സെടുത്ത ശേഷമാണ് മോര്‍ഗന്‍ ക്രീസ് വിട്ടത്.
20-ാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് ബട്‌ലര്‍ ടീം സ്‌കോര്‍ 150 കടത്തി. ഓവറിലെ അവസാന പന്തില്‍ സിക്‌സ് നേടിക്കൊണ്ട് ബട്‌ലര്‍ സെഞ്ചുറി നേടി. ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി കൂടിയാണിത്. 67 പന്തുകളില്‍ നിന്ന് ആറുവീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ പുറത്താവാതെ 101 റണ്‍സെടുത്ത് ബട്‌ലര്‍ ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു.
ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്‍ഡു ഹസരംഗ നാലോവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. ചമീര ഒരു വിക്കറ്റ് സ്വന്തമാക്കി
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: England vs Sri Lanka Super 12 match ICC Twenty 20 world cup 2021