ഇംഗ്ലണ്ടിനെ 10 റണ്‍സിന് തോല്‍പ്പിച്ചിട്ടും ദക്ഷിണാഫ്രിക്ക പുറത്ത്, ഓസ്‌ട്രേലിയ സെമിയില്‍


4 min read
Read later
Print
Share

ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഒരേ പോയന്റാണെങ്കിലും നെറ്റ് റണ്‍ റേറ്റ് പ്രോട്ടീസിന് തിരിച്ചടിയായി

Photo:AFP

ഷാര്‍ജ:ട്വന്റി 20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെ 10 റണ്‍സിന് തോല്‍പ്പിച്ചിട്ടും ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍ കാണാതെ പുറത്തായി. നെറ്റ് റണ്‍റേറ്റാണ് പ്രോട്ടീസിന് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 190 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട് സെമിയിലെത്തി. ഓസ്‌ട്രേലിയയും സെമിയിലേക്ക് കടന്നു.

ഇംഗ്ലണ്ടിനെ 131 റണ്‍സിനുള്ളില്‍ ഒതുക്കിയാല്‍ മാത്രം സെമിയിലെത്തുമെന്ന നിലയില്‍ ബൗളിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അത് നിറവേറ്റാനായില്ല. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഒരേ പോയന്റാണെങ്കിലും നെറ്റ് റണ്‍ റേറ്റ് പ്രോട്ടീസിന് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡ്യൂസന്‍ 94 റണ്‍സെടുത്തു. റബാദ ഹാട്രിക്കും നേടി. എന്നിട്ടും ടീമിന് വിജയം സ്വന്തമാക്കാനായില്ല.

190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനുവേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോസ് ബട്‌ലറും ചേര്‍ന്ന് നല്‍കിയത്. നാലോവറില്‍ 37 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.

എന്നാല്‍ അഞ്ചാം ഓവറില്‍ ജേസണ്‍ റോയ് പരിക്കുപറ്റി പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. പേശിവലിവിനെത്തുടര്‍ന്ന് താരം പവലിയനിലേക്ക് മടങ്ങി. റോയ്ക്ക് പകരം മോയിന്‍ അലി. അഞ്ചോവറില്‍ ഇംഗ്ലണ്ട് 50 റണ്‍സടിച്ചു. എന്നാല്‍ ആറാം ഓവറില്‍ അപകടകാരിയായ ജോസ് ബട്‌ലറെ പുറത്താക്കി ആന്റിച്ച് നോര്‍ക്യെ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം പകര്‍ന്നു.

15 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത ബട്‌ലറെ നോര്‍ക്യെ ബവൂമയുടെ കൈയ്യിലെത്തിച്ചു. ബട്‌ലര്‍ക്ക് പകരം വന്ന ജോണി ബെയര്‍സ്‌റ്റോ ഈ മത്സരത്തിലും നിരാശപ്പെടുത്തി. വെറും ഒരു റണ്‍ മാത്രമെടുത്ത ബെയര്‍സ്‌റ്റോയെ തബ്‌റൈസ് ഷംസി വിക്കറ്റിന് മുന്നില്‍ കുടുക്കി. ബെയര്‍സ്‌റ്റോയ്ക്ക് പകരം ഡേവിഡ് മലാന്‍ ക്രീസിലെത്തി. ആദ്യ പത്തോവറില്‍ ഇംഗ്ലണ്ട് 81 റണ്‍സെടുത്തു.

മലാനും അലിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. 11.3 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. ഷംസിയെറിഞ്ഞ 13-ാം ഓവറിലെ ആദ്യ പന്തില്‍ മോയിന്‍ അലി പടുകൂറ്റന്‍ സിക്‌സ് നേടി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ അലിയെ പുറത്താക്കി ഷംസി പകരം വീട്ടി. 27 പന്തുകളില്‍ നിന്ന് 37 റണ്‍സെടുത്ത അലിയെ ഷംസി ഡേവിഡ് മില്ലറുടെ കൈയ്യിലെത്തിച്ചു.

അലിയ്ക്ക് പകരം ലിയാം ലിവിങ്സ്റ്റണ്‍ ക്രീസിലെത്തി. റബാദയെറിഞ്ഞ 16-ാം ഓവറിലെ ആദ്യ പന്തില്‍ ലിവിങ്സ്റ്റണ്‍ പടുകൂറ്റന്‍ സിക്‌സടിച്ചു. സ്റ്റേഡിയത്തിന് പുറത്തുപോയ പന്ത് 112 മീറ്റര്‍ ദൂരമാണ് പിന്നിട്ടത്. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ സിക്‌സായി ഇത് മാറി. തൊട്ടടുത്ത പന്തിലും ലിവിങ്സ്റ്റണ്‍ സിക്‌സടിച്ചു. ഇത്തവണയും പന്ത് സ്റ്റേഡിയത്തിന് പുറത്തെത്തി. മൂന്നാമത്തെ പന്തിലും ലിവിങ്സ്റ്റണ്‍ സിക്‌സ് നേടിയതോടെ ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്തായി. 131 റണ്‍സിനുള്ളില്‍ ഇംഗ്ലണ്ടിനെ തളച്ചാല്‍ മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് സെമിയില്‍ കടക്കാനാകുക. എന്നാല്‍ ഈ പ്രതീക്ഷ ഇംഗ്ലണ്ട് തല്ലിക്കെടുത്തി.

16-ാം ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മലാനെ പുറത്താക്കി പ്രിട്ടോറിയസ് ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റ് സ്വന്തമാക്കി. സിക്‌സടിക്കാന്‍ ശ്രമിച്ച മലാന്റെ ഷോട്ട് റബാദയുടെ കൈയ്യിലൊതുങ്ങി. 26 പന്തുകളില്‍ നിന്ന് 33 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. പിന്നാലെ ഇംഗ്ലണ്ട് 150 റണ്‍സ് മറികടന്നു.

മലാന് പകരം നായകന്‍ ഒയിന്‍ മോര്‍ഗന്‍ ക്രീസിലെത്തി. അവസാന മൂന്നോവറില്‍ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 35 റണ്‍സായി ചുരുങ്ങി. 19-ാം ഓവറില്‍ അപകടകാരിയായ ലിവിങ്സ്റ്റണെ മടക്കി പ്രിട്ടോറിയസ് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ പകര്‍ന്നു. 17 പന്തുകളില്‍ നിന്ന് 28 റണ്‍സെടുത്ത ലിവിങ്സ്റ്റണ്‍ ഡേവിഡ് മില്ലര്‍ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി.

പിന്നാലെ വന്ന ക്രിസ് വോക്‌സ് സിക്‌സടിച്ച് സമ്മര്‍ദം കുറച്ചു. അവസാന ഓവറില്‍ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 14 റണ്‍സായി മാറി. റബാദയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ ക്രിസ് വോക്‌സ് പുറത്തായി. ഏഴുറണ്‍സെടുത്ത താരത്തെ മികച്ച ക്യാച്ചിലൂടെ നോര്‍ക്യെ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ മോര്‍ഗനെയും മടക്കി റബാദ പ്രോട്ടീസിന് പ്രതീക്ഷ പകര്‍ന്നു. 17 റണ്‍സാണ് മോര്‍ഗനെടുത്തത്. മൂന്നാം പന്തില്‍ ക്രിസ് ജോര്‍ദാനെയും മടക്കിയതോടെ റബാദ ഹാട്രിക്ക് സ്വന്തമാക്കി. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് പ്രകടനമാണിത്.

ഇതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം മൂന്നുപന്തില്‍ 14 റണ്‍സെന്നായി. നാലാം പന്തില്‍ ആദില്‍ റഷീദ് ഒരുറണ്‍ മാത്രമാണ് എടുത്തത്. ഇതോടെ ദക്ഷിണാഫ്രിക്ക വിജയമുറപ്പിച്ചു. അഞ്ചാം പന്തില്‍ മാര്‍ക്ക് വുഡിനും ഒരു റണ്‍ മാത്രമാണ് നേടാനായത്. അവസാന പന്തില്‍ റഷീദ് ഒരു റണ്‍ നേടിയതോടെ ദക്ഷിണാഫ്രിക്ക മത്സരത്തില്‍ 10 റണ്‍സിന് വിജയിച്ചു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാദ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പ്രിട്ടോറിയസ്, ഷംസി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. നോര്‍ക്യെ ഒരു വിക്കറ്റ് സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. 60 പന്തുകളില്‍ നിന്ന് പുറത്താവാതെ 94 റണ്‍സെടുത്ത റാസ്സി വാന്‍ ഡെര്‍ ഡ്യൂസന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അര്‍ധസെഞ്ചുറി നേടിയ എയ്ഡന്‍ മാര്‍ക്രവും മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റീസ ഹെന്‍ഡ്രിക്‌സും ക്വിന്റണ്‍ ഡി കോക്കുമാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ മൂന്നാം ഓവറില്‍ തന്നെ ഹെന്‍ഡ്രിക്‌സിന്റെ വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. വെറും രണ്ട് റണ്‍സ് മാത്രമെടുത്ത താരത്തെ മോയിന്‍ അലി ക്ലീന്‍ ബൗള്‍ഡാക്കി.

ഹെന്‍ഡ്രിക്‌സിന് പകരം റാസി വാന്‍ ഡെര്‍ ഡ്യൂസനാണ് ക്രീസിലെത്തിയത്. ഡ്യൂസനും ഡി കോക്കും ചേര്‍ന്ന് തകര്‍ച്ചയില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചു. ബാറ്റിങ് പവര്‍പ്ലേയില്‍ ദക്ഷിണാഫ്രിക്ക 40 റണ്‍സെടുത്തു. 7.1 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. ഡികോക്കും ഡ്യൂസനും നന്നായി ബാറ്റ് ചെയ്തതോടെ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം പുലര്‍ത്തി. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

എന്നാല്‍ സ്‌കോര്‍ 86-ല്‍ നില്‍ക്കെ ആദില്‍ റഷീദ് ഈ കൂട്ടുകെട്ട് പൊളിച്ചു. ക്വിന്റണ്‍ ഡി കോക്കിനെ ജേസണ്‍ റോയിയുടെ കൈയ്യിലെത്തിച്ചാണ് റഷീദ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 27 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്ത ഡി കോക്ക് ഡ്യൂസനൊപ്പം 71 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ക്രീസ് വിട്ടത്. ഡി കോക്കിന് പകരം എയ്ഡന്‍ മാര്‍ക്രം ക്രീസിലെത്തി.

ഡി കോക്ക് മടങ്ങിയതിനുപിന്നാലെ ഡ്യൂസന്‍ അര്‍ധസെഞ്ചുറി കുറിച്ചു. 37 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം നേടിയത്. 13 ഓവറില്‍ ദക്ഷിണാഫ്രിക്ക 100 കടന്നു. ക്രിസ് വോക്‌സ് എറിഞ്ഞ 16-ാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ നേടിക്കൊണ്ട് ഡ്യൂസ്സന്‍ കൊടുങ്കാറ്റായി. മാര്‍ക്രവും ഓവറില്‍ സിക്‌സ് നേടി. 16-ാം ഓവറില്‍ ക്രിസ് വോക്‌സ് 21 റണ്‍സാണ് വിട്ടുനല്‍കിയത്.

മാര്‍ക്രവും ഡ്യൂസനും ആക്രമിച്ച് കളിക്കാനാരംഭിച്ചതോടെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വിയര്‍ത്തു. അനായാസമാണ് ഇരുവരും ബാറ്റ് വീശിയത്. 17 ഓവറില്‍ ടീം സ്‌കോര്‍ 150-ല്‍ എത്തിക്കാന്‍ മാര്‍ക്രത്തിനും ഡ്യൂസനും സാധിച്ചു.

അവസാന ഓവറുകളില്‍ ഇരുവരും കത്തിക്കയറിയതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ കുതിച്ചു. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ അവസാന ഓവറില്‍ സിക്‌സ് നേടിക്കൊണ്ട് മാര്‍ക്രം അര്‍ധസെഞ്ചുറി നേടി. വെറും 24 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. പിന്നാലെ ഡ്യൂസനും മാര്‍ക്രവും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. ഡ്യൂസന്‍ 60 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും ആറ് സിക്‌സിന്റെയും അകമ്പടിയോടെ 94 റണ്‍സ് നേടി പുറത്താവാതെ നിന്നപ്പോള്‍ മാര്‍ക്രം പുറത്താവാതെ 25 പന്തുകളില്‍ നിന്ന് രണ്ട് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 52 റണ്‍സെടുത്തു.

ഇംഗ്ലണ്ടിനായി ആദില്‍ റഷീദും മോയിന്‍ അലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം..

Content Highlights: England vs South Africa Twenty 20 World Cup 2021 Super 12 Match Live

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram