കപ്പുയര്‍ത്താന്‍ ഫിഞ്ചും വില്യംസണും, ടി20 ലോകകപ്പില്‍ ഇന്ന് കിരീടധാരണം


2 min read
Read later
Print
Share

കെയ്ൻ വില്യംസൺ, ആരൺ ഫിഞ്ച് (ഫയൽ ചിത്രം)| Photo: AFP

ദുബായ്: ഐസിസി ടി20 ലോകകപ്പ് ഫൈനലില്‍ ഞായറാഴ്ച ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ഏറ്റുമുട്ടും. ടൂര്‍ണമെന്റിലേക്ക് വരുമ്പോള്‍ സെമിക്കപ്പുറം കടക്കുമെന്ന് ഒരു ക്രിക്കറ്റ് വിദഗ്ധരും പ്രവചിക്കാത്ത രണ്ട് ടീമുകളാണ് കലാശപ്പോരില്‍ ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട് ഓസീസ്-കിവീസ് പോരാട്ടത്തിന്. സെമിയില്‍ ആവേശകരമായ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനേയും പാകിസ്താനെയും തകര്‍ത്താണ് ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും ഫൈനലിന് യോഗ്യത നേടിയത്. ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീം വിജയിച്ചതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം ആദ്യം ബൗള്‍ ചെയ്യാനാണ് സാധ്യത. രാത്രി 7.30-ന് ദുബായിലാണ് ഏഴാം ട്വന്റി 20 ലോകകപ്പിലെ കിരീടപ്പോര്.

ഈ ലോകകപ്പിനെ പ്രകമ്പനം കൊള്ളിച്ച പോരാട്ടങ്ങളായിരുന്നു രണ്ട് സെമിഫൈനലുകളും. അതില്‍ ഇംഗ്ലീഷ് സ്വപ്നങ്ങളെ തകര്‍ത്ത് ന്യൂസീലന്‍ഡും പാകിസ്താന്റെ അപരാജിത കുതിപ്പിന് തടയിട്ട് ഓസ്ട്രേലിയയും ഫൈനലിലേക്ക് മുന്നേറി. മാച്ച് വിന്നര്‍മാര്‍ നിറഞ്ഞ രണ്ട് ടീമുകളും ഏറ്റമുട്ടുമ്പോള്‍, പ്രവചനങ്ങള്‍ അപ്രസക്തമാകുന്നു. ഓസ്ട്രേലിയയും ന്യൂസീലന്‍ഡും നേരത്തെ കിരീടം നേടിയിട്ടില്ലാത്തതിനാല്‍ പുതിയ ചാമ്പ്യനാവും ദുബായില്‍ പിറവിയെടുക്കുക.

ഏകദിനത്തില്‍ അഞ്ച് ലോകകിരീടം നേടിയിട്ടുള്ള ഓസ്ട്രേലിയക്ക് ട്വന്റി 20യില്‍ അത് സാധ്യമാവാത്തത് അദ്ഭുതമാണ്. ഓസീസ് ഇപ്പോള്‍ പ്രതാപകാലത്തിലൂടെയല്ല കടന്നുപോകുന്നത്. നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ആരോണ്‍ ഫിഞ്ചിനും സംഘത്തിനും സുവര്‍ണാവസരമാണ് കണ്‍മുന്നില്‍. അതേസമയം, ന്യൂസീലന്‍ഡ് ലോകക്രിക്കറ്റിലെ വന്‍ശക്തിയായി വളരുകയാണ്. 2019 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ നിര്‍ഭാഗ്യംകൊണ്ടാണ് അവര്‍ തോറ്റുപോയത്. സൂപ്പര്‍ ഓവറും ടൈ ആയപ്പോള്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായി. അതേ, ഇംഗ്ലണ്ടിനെയാണ് കിവീസ് ഇക്കുറി സെമിയില്‍ കടപുഴക്കിയത്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ അധീശത്വം അവസാനിപ്പിച്ചാണ് ന്യൂസീലന്‍ഡ് കിരീടം നേടിയത്. ഒറ്റ വര്‍ഷത്തില്‍തന്നെ രണ്ട് ലോകകിരീടങ്ങള്‍ - കെയ്ന്‍ വില്യംസണിനെയും സംഘത്തെയും അത് മോഹിപ്പിക്കുന്നു.2015 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ചാമ്പ്യന്‍മാരായിരുന്നു. അതിനുശേഷം ഓസ്ട്രേലിയക്ക് ലോകകിരീടങ്ങളൊന്നും നേടാനായിട്ടില്ല. അന്നത്തെ തോല്‍വിക്ക് കിവീസിന് പക്ഷേ, ഒരു കണക്കുതീര്‍ക്കാനുണ്ട്. 2016 ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പുമത്സരത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ എട്ട് റണ്‍സിന് ജയിച്ചത് ന്യൂസീലന്‍ഡാണ്.

സെമിഫൈനലില്‍ ന്യൂസീലന്‍ഡിന്റെ ബാറ്റിങ് കരുത്ത് തെളിഞ്ഞു. ട്വന്റി 20യില്‍ ഓസ്ട്രേലിയക്കെതിരേ മികച്ച റെക്കോഡാണ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിനുള്ളത്. മറ്റൊരു ഓപ്പണര്‍ ഡാരില്‍ മിച്ചെലാവട്ടെ, കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സാണ് ഇംഗ്ലണ്ടിനെതിരേ പുറത്തെടുത്തത്. വലിയ സ്‌കോര്‍ നേടാന്‍ കഴിയാത്തതിന് പരിഹാരം കണ്ടെത്താനാവും ഫൈനലില്‍ കെയ്ന്‍ വില്യംസണ്‍ ശ്രമിക്കുക. മധ്യനിരയില്‍ തന്റെ വിലയെന്തെന്ന് ജിമ്മി നീഷാം തെളിയിച്ചുകഴിഞ്ഞു. പരിക്കുകാരണം ഡെവണ്‍ കോണ്‍വേ പുറത്തായതില്‍ ടിം സീഫെര്‍ട്ടായിരിക്കും വിക്കറ്റ് കീപ്പര്‍. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ, ലെഗ് സ്പിന്നര്‍ ഇഷ് സോധി എന്നിവരുള്‍പ്പെട്ട ബൗളിങ് നിര അതിശക്തമാണ്.

ന്യൂസീലന്‍ഡിനെതിരേ മികച്ച റെക്കോഡാണ് ഓസ്ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചിനുള്ളത്. മറ്റൊരു ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഈ ലോകകപ്പോടെ ഫോമിലേക്ക് മടങ്ങിയെത്തിയതാണ് ഓസീസിന് കരുത്തായത്. അതേസമയം ഗ്ലെന്‍ മാക്‌സ്വെല്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ നിരാശപ്പെടുത്തുന്നു. മാര്‍ക്കസ് സ്റ്റോയിനിസും മാത്യു വെയ്ഡും ചേര്‍ന്നാണ് സെമിയില്‍ ഓസ്ട്രേലിയയെ അതിഗംഭീരജയത്തിലേക്ക് നയിച്ചത്.ബൗളിങ്ങില്‍ ലെഗ് സ്പിന്നര്‍ ആദം സാംപ സ്ഥിരത പുലര്‍ത്തുന്നു. മിച്ചെല്‍ സ്റ്റാര്‍ക്, പാറ്റ് കമിന്‍സ്, ജോഷ് ഹോസല്‍വുഡ് എന്നിവരുള്‍പ്പെട്ട പേസ് നിരയും ശക്തരാണ്.

Content Highlights: australia vs newzealand

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram