1992 ലോകകപ്പിന് പല പ്രത്യേകതകളുണ്ടായിരുന്നു. കളിക്കാര്‍ ആദ്യമായി, നിറമുള്ള ജേഴ്സി ധരിച്ചതും ആദ്യമായി ഫ്‌ളഡ് ലൈറ്റ് ഉപയോഗിച്ചതും ആ ലോകകപ്പിലാണ്. വെളുത്ത പന്തിന്റെയും മഴനിയമത്തിന്റെയും തുടക്കവും ആ ലോകകപ്പിലായിരുന്നു. മറ്റൊന്നുകൂടിയുണ്ട്, വര്‍വണവിവേചനത്തിന്റെപേരില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ഏര്‍പ്പെടുത്തിയ വിലക്ക് കഴിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ടീം ലോകകപ്പിലേക്ക് തിരിച്ചെത്തിയതും അക്കുറിയാണ്.
പുതുമയോടെ എത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിനെ പുതുതായെത്തിയ മഴനിയമം അട്ടിമറിക്കുന്നതാണ് പിന്നീട് കണ്ടത്. ആ ലോകകപ്പില്‍ മഴനിയമത്തിലൂടെ ദക്ഷിണാഫ്രിക്ക പുറത്തായത് ക്രിക്കറ്റ് ചരിത്രത്തില്‍ എന്നുമോര്‍ക്കുന്ന ഹാസ്യവും ദുരന്തവുമായി.
ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടന്ന ആ ലോകകപ്പില്‍ കിരീടസാധ്യതയില്‍ മുന്നിലായിരുന്നു ദക്ഷിണാഫ്രിക്ക. പ്രാഥമിക ഘട്ടത്തില്‍ ഓസ്ട്രേലിയ, ഇന്ത്യ, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ് എന്നീ വമ്പന്‍മാരെ കീഴടക്കി സെമിയിലെത്തി.
സെമിഫൈനലില്‍ എതിരാളി ഇംഗ്ലണ്ട്. മഴകാരണം കളി തുടങ്ങാന്‍ വൈകിയതിനാല്‍ അഞ്ച് ഓവര്‍ കുറച്ചിരുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ചു. അവര്‍ 45 ഓവറില്‍ ആറ് വിക്കറ്റിന് 252 റണ്‍സ് എടുത്തു. അന്നത്തെ സാഹചര്യത്തില്‍ വലിയ സ്‌കോറാണിത്.
പക്ഷേ, ക്യാപ്റ്റന്‍ കെപ്ലര്‍ വെസല്‍സ്, ആന്‍ഡ്രൂ ഹഡ്സണ്‍, ജോണ്ടി റോഡ്സ്, ഹാന്‍സി ക്രോണ്യെ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു. 42.5 ഓവറില്‍ ടീം 231 റണ്‍സ് അടിച്ചിരിക്കേ മഴ വീണ്ടുമെത്തി. പിന്നീട് ജയിക്കാന്‍ വേണ്ടത് 13 പന്തില്‍ 22 റണ്‍സ്. എന്നാല്‍ മഴകാരണം കളി മുടങ്ങിയതിനാല്‍ മഴനിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം പുനര്‍നിശ്ചയിച്ചപ്പോള്‍ ശേഷിച്ച ഒരു പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 22 റണ്‍സ്! അവസാന പന്തില്‍ രണ്ട് റണ്‍സ് എടുത്ത് ദക്ഷിണാഫ്രിക്ക മഴയെ ശപിച്ച് ലോകകപ്പില്‍നിന്ന് മടങ്ങി. ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് പാകിസ്താന്‍ കിരീടം നേടി.
പാകിസ്താനെ രക്ഷിച്ചതും മഴ
ആ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ മടക്കിയതും പാകിസ്താനെ രക്ഷിച്ചതും മഴയായിരുന്നു. പ്രാഥമിക ഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ പാകിസ്താന്‍ തോല്‍ക്കേണ്ടതായിരുന്നു. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 40.2 ഓവറില്‍ 74 റണ്‍സിന് പുറത്തായി. മറുപടിയായി ഇംഗ്ലണ്ട് എട്ട് ഓവറില്‍ ഒരു വിക്കറ്റിന് 24 റണ്‍സ് എടുത്തുനില്‍ക്കേ വീണ്ടും മഴ പെയ്തതിനാല്‍ മത്സരം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയന്റുകള്‍ പങ്കിട്ടു. ഈ ഒരു പോയന്റിന്റെ ആനുകൂല്യത്തിലാണ് ഓസ്‌ട്രേലിയയെ മറികടന്ന് പാകിസ്താന്‍ സെമിയിലെത്തിയത്. സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു. ഫൈനലില്‍ ഇംഗ്ലണ്ടിനെ 22 റണ്‍സിന് തോല്‍പ്പിച്ചു.
Content Highlights: World Cups South Africa and Duckworth-Lewis